Asianet News MalayalamAsianet News Malayalam

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

deshantharam abdul kalam mattummal
Author
Thiruvananthapuram, First Published Nov 4, 2017, 6:52 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam abdul kalam mattummal

അറബിക്കടലിനിക്കരെ പെട്രോള്‍ കിനിയുന്ന മണല്‍ക്കാട്ടിലെ പലയനുഭവങ്ങളും കഥകളും നാമൊക്കെ കേള്‍ക്കാറുണ്ട്. അതിജീവനത്തിന് കടല്‍കടന്ന്, എരിഞ്ഞുതീരുന്ന കരിന്തിരികളുടെയും പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളുടെയുമൊക്കെ കണ്ണീരിന്റെ നനവും, വഴിഞ്ഞൊഴുകുന്ന കരുണയുടെയും, ഒറ്റപ്പെടലിന്റെ വിഹ്വലതകളുടെയുമൊക്കെ ഒട്ടനവധി അനുഭവകഥകള്‍ പറയാനുണ്ട് ഈ മണലാരണ്യത്തിന്. പക്ഷെ പ്രവിശാലമായ മരുക്കാടിന്റെ ഉള്ളറകളില്‍ ഒളിപ്പിച്ച വന്യതയുടെ സൗന്ദര്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ ? 

ആ വന്യതയുടെ ഹൃദ്യസൗന്ദര്യവും മണല്‍ക്കാടിനുള്ളിലെ എഡ്ജ് ഓഫ് ദ വേള്‍ഡിന് മുകളില്‍ കയറി മരുഭൂമിയുടെ വിശാലതയും കാണാന്‍ ത്രില്ലടിച്ചാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് അവശ്യസാധനങ്ങളെല്ലാം ഉറപ്പുവരുത്തി മൂന്ന് വണ്ടികളില്‍ സൗദിയുടെ തലസ്ഥാനനഗരിയില്‍ നിന്നും 'ദുനിയാവിന്റെ വക്ക്' തേടി യാത്ര തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട് റോഡിന്റെ കറുപ്പുമാഞ്ഞു ചെമ്മണ്ണിലേക്ക് കടന്നു. ചെമ്മണ്ണ് കലര്‍ന്ന മണലിലൂടെ കുതിക്കുന്ന മുന്നിലെ വണ്ടികളുയര്‍ത്തുന്ന പൊടിപടലങ്ങള്‍ മഞ്ഞക്കോട പോലെ തോന്നിച്ചു. മരുഭൂയാത്രകള്‍ ഹരമായി കൊണ്ട്‌നടക്കുന്ന സുബൈറും ഹനിയും ഷനോജുമാണ് അതാതുവാഹനങ്ങളിലെ കപ്പിത്താന്മാര്‍. മണ്ണും മണലും ചെറുകല്ലുകളും നിറഞ്ഞ റോഡിലൂടെ എണ്‍പതിനടുത്ത സ്പീഡില്‍ വണ്ടി പായിക്കുന്നത് എത്രത്തോളം ആസ്വദിച്ചാണെന്ന് വെട്ടിയും വെട്ടിച്ചുമുള്ള അവരുടെ ഡ്രൈവിംഗ് വിളിച്ചോതുന്നുണ്ട്. നീണ്ടുനിവര്‍ന്നും വളഞ്ഞുപുളഞ്ഞും കേറിയിറങ്ങിയും ഇടയ്‌ക്കൊക്കെ ചാടിയും ചാഞ്ചാടിയുമുള്ള യാത്രക്കൊപ്പം മനസ്സും തുള്ളിച്ചാടുന്നു. ഇലകൊഴിച്ച പടുമരങ്ങള്‍ പോലെ ഇടയ്ക്കിടെ ഇലക്ട്രിക് പോസ്റ്റുകള്‍. അതിനിടയില്‍ കണ്ട ആടുജീവിതങ്ങള്‍ സ്വജീവിതത്തില്‍ ലഭ്യമായ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. 

deshantharam abdul kalam mattummal എങ്ങുനോക്കിയാലും അറ്റമില്ലാത്ത മണലാരണ്യം

 

ഏകദേശം ആറോടെ ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുന്‍പ് വണ്ടിയിറങ്ങുമ്പോള്‍ ആകാംക്ഷ അതിന്റെ കൊടുമുടിയേറി. എങ്ങുനോക്കിയാലും അറ്റമില്ലാത്ത മണലാരണ്യം. മുന്നില്‍ അത്യഗാധഗര്‍ത്തങ്ങള്‍ വാപിളര്‍ന്നു നില്‍ക്കുന്നു. ക്യാന്‍വാസില്‍ കാണുന്ന എണ്ണച്ചായ ചിത്രം പോലെ നീണ്ടും പരന്നും മടങ്ങിയും ഇടുങ്ങിയും പരന്നു കിടക്കുന്ന മണല്‍ക്കാട്. ആശ്ചര്യത്തോടെ നൗഷാദ്ക്ക യാത്രക്ക് മുന്‍പേ പറഞ്ഞത് തിരിച്ചറിഞ്ഞു. റിയാദ് സിറ്റിക്കുള്ളില്‍ 45ന് മുകളില്‍ ചൂടുള്ളപ്പോള്‍ ഇവിടെ 30ന് താഴെയാണ് ചൂട്. സിറ്റിക്കുള്ളില്‍ വാഹനങ്ങളും ബില്‍ഡിങ്ങുകളിലെ എസിയുമൊക്കെ പുറം തള്ളുന്ന ചൂടിവിടെയില്ലെന്നും മാത്രമല്ല വെന്റിലേഷന്‍ തടസ്സമില്ലാതെ നടക്കുന്നത് കൊണ്ടാണെന്നും വിശദീകരിച്ചു സുബൈര്‍.

സ്വദേശികളും വിദേശികളടക്കം മറ്റുചിലരും കാഴ്ചക്കാരുണ്ട്. Edge Of The World പേരുപോലെത്തന്നെ ! നമുക്കും മുകളില്‍ പടച്ചോനും മാലാഖമാരും മാത്രമെന്ന് തോന്നിപ്പോകുന്നത്ര ഉയരത്തില്‍ !

ചുറ്റും നോക്കിയാല്‍ ദൈവത്തിന്റെ ഭൂമി നമ്മളെക്കാളൊട്ടൊരുപാട് താഴെ കുഴിഞ്ഞും ചുഴിഞ്ഞും പൊങ്ങിയും താണും നീണ്ടുനിവര്‍ന്ന് കിടക്കുന്നു. താഴെ നിന്ന് കാണുന്നതിനേക്കാള്‍ വിശാലമാണ് മുകള്‍ഭാഗം. അറ്റത്ത് നിന്നും തൊട്ടുതാഴേക്ക് നോക്കുമ്പോഴാണ് ഈ സ്ഥലത്തിന്റെ പേര് അന്വര്‍ത്ഥമാകുന്നത്. ആകാശത്തോളം ഉയരമുള്ള ഒരു ഇലക്ര്ട്രിക് പോസ്റ്റില്‍ നിന്ന് നേരെ താഴേക്ക് നോക്കുന്ന പോലെ.

deshantharam abdul kalam mattummal . അറ്റത്ത് നിന്നും തൊട്ടുതാഴേക്ക് നോക്കുമ്പോഴാണ് ഈ സ്ഥലത്തിന്റെ പേര് അന്വര്‍ത്ഥമാകുന്നത്.

 

പകലോന്‍ ചുട്ടുപഴുത്ത കൊഴുക്കട്ട പോലെ മേഘപാളികള്‍ക്കിടയിലേക്ക് ഊര്‍ന്നിറങ്ങും മുന്‍പേ പൊന്നമ്പിളിമാമന്‍ മുഴുവട്ടത്തില്‍ ആസനസ്ഥനാണ്. രാത്രി ഒന്‍പതോടെ തിരിച്ചു താഴ്‌വാരത്തേക്ക് തന്നെ തിരിച്ചു. കൂര്‍ത്തുമൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ പര്‍വ്വതമുകളില്‍ തമ്പ് ഒരുക്കല്‍ പ്രയാസമാണ്. മാത്രമല്ല രാത്രിയാകുന്നതോടെ ശക്തമാകുന്ന കാറ്റും പര്‍വ്വതമുകളിലെ തമ്പിനെ അപായത്തിലാക്കും. തിരിച്ചു വരുന്ന വഴിമദ്ധ്യേ ഒറ്റയും കൂട്ടമായും ഒട്ടകങ്ങള്‍ കിടക്കുന്നു. വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ എല്ലാവരും ബഹുമാനാദരങ്ങളോടെയെന്നോണം എഴുന്നേറ്റു. നാഥനില്ലാതെ അലയുന്ന ഇവയെ ഉടമസ്ഥന്‍ എങ്ങനെ കണ്ടെത്തുമെന്ന് ആശ്ചര്യപ്പെട്ടു. 

deshantharam abdul kalam mattummal

പിന്നെയാണ്, മരുക്കാട്ടിലെ മുള്ളന്‍പന്നിയെ (HEDGEHOG) കണ്ടത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മുള്ളന്‍ പന്നി തന്നെ. പക്ഷെ അതിനേക്കാള്‍ വളരെ ചെറുതാണ് ആശാന്‍. മാത്രമല്ല മുള്ള് തെറിപ്പിച്ച് ശത്രുവില്‍ നിന്നും രക്ഷാകവചമൊരുക്കുന്ന വിദ്യ ആശാന് വശമില്ല. ഓടിപിടിച്ചു കയ്യിലെടുത്തതോടെ തലയെല്ലാം ഉള്ളിലേക്കൊതുക്കി ഒരു ബോള് പോലെയായി കക്ഷി. ഉരുട്ടിവിട്ടാല്‍ ഉരുണ്ടുപോകുന്നത്ര കൃത്യമായ ബോള് പോലെ. ഓരോ ജീവിക്കും അതിജീവനത്തിനും സ്വരക്ഷക്കും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ദൈവം നല്‍കിയിരിക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെട്ടു.

താഴെ അതിവിശാലതയില്‍ തരിമണല്‍ വിരിച്ചുകിടക്കുന്ന മൈതാനത്ത്, കുറ്റിച്ചെടികളില്‍ നിന്നല്‍പം മാറി തമ്പൊരുക്കാന്‍ തുടങ്ങി. കുറ്റിച്ചെടികളുടെ ഇടയിലൊക്കെ മരുഭൂവിലെ കൊടും വിഷമുള്ള പാമ്പുകളും തേളുകളുമെല്ലാം ഉണ്ടാകുമെന്നാണ് മരുഭൂയാത്രകള്‍ ശീലമാക്കിയ സുബൈര്‍ പറഞ്ഞത്.
കരികത്തിച്ച് അടുപ്പൊരുക്കുമ്പോള്‍ അംഗസ്‌നാനം വരുത്തി മസാലയില്‍ അണിഞ്ഞൊരുങ്ങി സര്‍വ്വാഭരണ വിഭൂഷിതയായ പുതുപെണ്ണിനെ പോലെ ചുടാനുള്ള കോഴികള്‍ അക്ഷമയോടെ കാത്തിരിപ്പാണ്. ഇതരവെളിച്ചങ്ങള്‍ അത്യാവശ്യമല്ലെന്ന് തോന്നിപ്പിക്കുന്ന പൂര്‍ണ്ണനിലാവില്‍, 'നക്ഷത്രങ്ങളെല്ലാം തൂങ്ങിയാടുന്ന' ഫവാസിന്റെ ചിരിച്ചും ചിരിപ്പിച്ചുമുള്ള കമന്റുകളും വഹാബിന്റെ കൗണ്ടറുകളും സീന്‍ കൂടുതല്‍ ഹൃദ്യമാക്കുന്നു. ഗ്രില്ലില്‍ കിടക്കുന്ന കോഴിക്ക് ചൂട് തട്ടിത്തുടങ്ങിയപ്പോഴേക്കും മണല്‍ക്കാടിന്റെ വിജനതയില്‍ നിന്നെവിടെ നിന്നോ പൂച്ചകള്‍ ചുണ്ടുകള്‍ നുണച്ചുകൊണ്ട് ചുറ്റുവട്ടത്തെത്തി. 

deshantharam abdul kalam mattummal ഗ്രില്ലില്‍ കിടക്കുന്ന കോഴിക്ക് ചൂട് തട്ടിത്തുടങ്ങിയപ്പോഴേക്കും മണല്‍ക്കാടിന്റെ വിജനതയില്‍ നിന്നെവിടെ നിന്നോ പൂച്ചകള്‍ ചുണ്ടുകള്‍ നുണച്ചുകൊണ്ട് ചുറ്റുവട്ടത്തെത്തി. 

 

ചുട്ടകോഴിയും ഖുബ്‌സും തരിപ്പേകുന്ന ഏഴിന്റെ വെള്ളവും കൂട്ടി നിലാവത്തിരുന്ന് മൃഷ്ടാനഭോജനം. വിഴുങ്ങല്‍ കഴിഞ്ഞെഴുന്നേറ്റതും സുബൈറിന്റെ കൂടെ മരുഭൂമിയുടെ നിശാസൗന്ദര്യവും ഒത്താല്‍ എന്തെങ്കിലും ജീവികളെയും കാണാന്‍ വീണ്ടും വാഹനത്തിലേറി. പോകാന്‍ തുടങ്ങവേ അഷ്‌റഫ് തങ്ങളുടെ താക്കീത്, മുന്‍പരിചയമേതുമില്ലാത്ത മരുക്കാടാണ്, സൂക്ഷിക്കണം.

അല്‍പദൂരം പിന്നിട്ടപ്പോള്‍ ഒരു കുഞ്ഞനെലി കുറുകെ ചാടി. ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സുബൈര്‍ ഓര്‍മ്മിപ്പിച്ചു, നോക്കിയിറങ്ങണം, അവന്റെ തൊട്ടുപിന്നില്‍ പാമ്പെന്തെങ്കിലും കാണും. അല്‍പം കാത്തിരുന്നെങ്കിലും പക്ഷെ കുഞ്ഞനെലിയുടെ പിന്നാലെ ആരെയും കണ്ടില്ല. വലിയൊരു പാറക്കെട്ടിനടുത്ത് വണ്ടി നിര്‍ത്തി മരുഭൂമിയുടെ വന്യമായ നിശാസൗന്ദര്യത്തിലേക്കിറങ്ങി. നിലാവെളിച്ചമല്ലാതെ മറ്റൊരു നുറുങ്ങുവെളിച്ചം പോലും എങ്ങും കാണാത്ത വിശാലമായ വിജനതയിലൂടെ നടന്നു. ചെറിയൊരു പാറക്കെട്ടിന് മുകളിലേക്ക് കേറുമ്പോള്‍ കുറുക്കനെപ്പോലെ തോന്നിപ്പിക്കുന്ന ജീവിയുടെ തിളങ്ങുന്ന കണ്ണുകള്‍. പിന്നാലെ പോകാന്‍ തുടങ്ങിയതോടെ ഈ മരുഭൂമീലും ജീവിക്കാന്‍ സമ്മതിക്കില്ലെടെയ് എന്നോരിയിട്ട് ഇരുളില്‍ ഓടിമറഞ്ഞു. അല്‍പസമയം ചുറ്റിയടിച്ച് തിരിച്ചു തമ്പിലെത്തി. നിര്‍ത്താതെ വീശുന്ന കാറ്റിന് ചെറുതല്ലാത്ത കുളിരുണ്ട്. തമ്പിന്റെ ഒരു മൂലയില്‍ പതിയെ ചുരുണ്ടു. കാറ്റിന്റെ കുസൃതിയില്‍ നൃത്തം തുടങ്ങിയ തമ്പിന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നാല് മണിയാകുന്നേയൊള്ളൂ, പക്ഷെ പരപരാ വെളുപ്പല്ല ചറപറാന്ന് വെളിച്ചം വെച്ചിരിക്കുന്നു. കണ്ണും തിരുമ്മി പുറത്തേക്കിറങ്ങുമ്പോള്‍ ജാവേദ് ക്യാമറ ട്രൈപ്പോഡില്‍ സെറ്റ് ചെയ്യുകയാണ്. മരുഭൂമിയുടെ പ്രഭാതകാഴ്ച്ചകള്‍ ക്യാമറയില്‍ പകര്‍ത്തി കട്ടേം പടേം ഒക്കെ തിരികെ യാത്ര.

deshantharam abdul kalam mattummal ചെറുതല്ലാത്ത വിശാലതയില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന നല്ല തണുപ്പുള്ള പളുങ്കുവെള്ളം. 

 

അടുത്ത ലക്ഷ്യം ഉയാന പ്രവിശ്യയിലെ സാല്‍ബുക് ഡാമാണ്. വര്‍ഷത്തില്‍ പെയ്യുന്ന രണ്ടോ മൂന്നോ മഴകള്‍ നല്‍കുന്ന വെള്ളം ശേഖരിച്ചു വെച്ച മരുക്കാട്ടിലെ ശുദ്ധജലതടാകം. കിഴക്കനേറനാട്ടിലെ മഞ്ഞും മഴയും പുഴയും കുളവുമൊക്കെ നന്നായി ആസ്വദിച്ചിരുന്നത് കൊണ്ടും നീരാട്ട് ഒരു വീക്‌നെസ് ആയത് കൊണ്ടും ആസ്വദിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അത്ര വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഈ മരുഭൂമിയിലെ ഡാമല്ലേ, ആ... കുറച്ചൊക്കെ വെള്ളം കാണുമെന്ന മട്ടില്‍ വണ്ടിയിറങ്ങി. ആദ്യകാഴ്ച്ചയില്‍ തന്നെ രോമാഞ്ചകഞ്ചുകമണിഞ്ഞു, രോമകൂപങ്ങള്‍ വരെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ചു. സാമാന്യം വലിയ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ച തടയണ, ചെറുതല്ലാത്ത വിശാലതയില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന നല്ല തണുപ്പുള്ള പളുങ്കുവെള്ളം. 

ഡ്രസ് ചേഞ്ച് ചെയ്യുമ്പോഴാണ് വണ്ടിയുടെ പിന്നിലിരിക്കുന്ന തണ്ണിമത്തന്‍ കണ്ടത്. ഡിക്കിലിരുന്ന് അല്‍പം ചൂടായിട്ടുണ്ട്. പെട്ടെന്ന് മുള്ളന്‍കൊല്ലിപ്പുഴയുടെ ആഴങ്ങളില്‍ നിന്നും കുപ്പിയുമായി പൊങ്ങിവരുന്ന വേലായുധന്‍ മെഡുല്ല ഓംബ്ലോങ്കേറ്റയില്‍ പൂത്തിരി കത്തിച്ചു. തണ്ണിമത്തന്‍ വലിയൊരു പ്ലാസ്റ്റിക് കവറിലാക്കി, കവറിന്റെ പിടി അല്‍പം നീളമുള്ളൊരു വടിയില്‍ കെട്ടി അതും കൊണ്ട് നിര്‍ത്താതെ വീശുന്ന കാറ്റ് തീര്‍ക്കുന്ന കുഞ്ഞോളങ്ങളെ വകഞ്ഞുമാറ്റി ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിട്ടു. വെള്ളത്തിനടിയില്‍ വടി കുത്തിയിറക്കി തണുപ്പിക്കാന്‍ വെച്ചു. വെള്ളത്തിലേക്കുള്ള ഓരോ ചാട്ടവും കൃത്യമായി ക്യാമറക്കുള്ളിലാക്കി ജാവേദും വഹാബും. വൈല്‍ഡ് ഫോട്ടോഗ്രാഫിയില്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള ജാവേദ് അതുമാത്രമല്ല യാത്രയുടെ ഓരോ നിമിഷങ്ങളും എത്ര കൃത്യമായാണ് ക്യാമറയില്‍ പകര്‍ത്തിയത്.

ഒന്നൊന്നര മണിക്കൂര്‍ ഒരൊന്നൊന്നര അര്‍മ്മാദം. ഷനോജുമൊത്ത് അക്കരേക്ക് നീന്തി. ഏകദേശം പകുതിയെത്തുമ്പോള്‍ ഇനിയും നീന്തിയാല്‍ ശ്വാസം വിടാന്‍ മൂക്കിന്റെ രണ്ട് തുളക്ക് പുറമേ വേറെയും തുളയിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ തിരിച്ചു കരപറ്റി. അതിനിടയില്‍ വെള്ളത്തിനടിയില്‍ വെച്ച് തണുപ്പിച്ച തണ്ണിമത്തന്‍ കൊണ്ട് ഇടക്കാലാശ്വാസം. ഹരിതാഭമായ നാടിനെ ഓര്‍മ്മിപ്പിക്കുന്ന മരങ്ങളും നട്ടുവളര്‍ത്തിയ പോലെ നിറഞ്ഞു നില്‍ക്കുന്ന പുല്ലുകളുമൊക്കെയുള്ള തടയണയുടെ താഴേക്കൊലിക്കുന്ന തോടുവക്കില്‍ അല്‍പം ഫോട്ടോഷൂട്ട്. 

deshantharam abdul kalam mattummal കവറിന്റെ പിടി അല്‍പം നീളമുള്ളൊരു വടിയില്‍ കെട്ടി അതും കൊണ്ട് നിര്‍ത്താതെ വീശുന്ന കാറ്റ് തീര്‍ക്കുന്ന കുഞ്ഞോളങ്ങളെ വകഞ്ഞുമാറ്റി ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിട്ടു.

 

പ്രവാസകാലത്തെ രണ്ടുദിനങ്ങള്‍ നന്നായാസ്വദിച്ചു മടങ്ങാന്‍ മനസുണ്ടായിട്ടല്ല, നേരത്തിനും സമയത്തിനും ജോലിക്ക് പോവാണ്ടായാല്‍ ചോദ്യമായി പറച്ചിലായി, മേലുദ്യോഗസ്ഥന്റെ ചൊറിഞ്ഞ ചോദ്യം കേട്ട് കലികയറി ഒടുവില്‍ ഇഖാമ മേശപ്പുറത്തേക്കെറിയലായി, പുള്ളി നമ്മടെ പാസ്‌പോര്‍ട്ട് എടുത്ത് നമ്മളെ നെഞ്ചത്തേക്കെറിയലായി, ഖുറൂജടിയായി, ആകെ സീനാകും. അതുകൊണ്ട് തല്‍ക്കാലം വണ്ടി തിരിക്കാം, ആവര്‍ത്തനവിരസതയുടെ പ്രവാസലോകത്തേക്ക് തന്നെ

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
 

Follow Us:
Download App:
  • android
  • ios