ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

എന്‍ട്രന്‍സിന്റെ റിസള്‍ട്ട് വന്ന അന്ന് അത് തീരുമാനിക്കപ്പെട്ടു. ഇനി എന്ത്? വീട്ടില്‍ വാപ്പച്ചിക്ക് പാലായിലേക്ക് എനിക്ക് ഒരു ടിക്കറ്റ് എടുത്ത് തരണമെന്ന കടുത്ത ആവേശം. ഭേദപ്പെട്ട റാങ്കുള്ളതു കൊണ്ട് ഒരു വര്‍ഷം റിപ്പീറ്റ് ചെയ്താല്‍ കഴുത്തില്‍ സ്‌തെതസ്‌കോപ്പ് തൂക്കാം എന്ന് നാട്ടുകാരുടെയും ഉപദേശം. 

പ്ലസ്സ് വണ്ണില്‍ ചേര്‍ന്നപ്പോഴെ ആഴ്ചയില്‍ ചങ്ങനാശ്ശേരിയിലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം എന്നെ സംബന്ധിച്ചടത്തോളം അസഹനീയമായിരുന്നു. നാല് മണിക്കൂര്‍ തുടര്‍ച്ചയായ ക്ലാസിനിടക്ക് ഒരു മീറ്റ് റോള്‍ കഴിക്കാന്‍ ഓടിക്കിതച്ച് പുറത്തുകടക്കുന്ന ഓര്‍മ്മ എന്നെ റിപ്പീറ്റിംഗ് ഉദ്യമത്തില്‍ നിന്നും പിന്തിരിച്ചു. 

'നിനക്ക് വല്ലതും ആകണമെന്നുണ്ടെങ്കില്‍ നീ കേരളത്തിന് പുറത്തു കടക്കണം'-മാധ്യമപ്രവര്‍ത്തകനായ കൊച്ചാപ്പയുടെ ഉപദേശം എത്ര പെട്ടെന്നാണ് തലച്ചോറിനെ കീഴടക്കിയതെന്നോ...? മെഡിസിന്‍ അല്ലെങ്കില്‍ പിന്നെ എന്ത്? എഞ്ചിനീയറിംഗ് തന്നെ ശരണം. നാട്ടിലെ പിള്ളേരെല്ലാം എഞ്ചിനീയറിംഗ് ആയതുകൊണ്ട് ഒരു ചേഞ്ച് വേണ്ടെ? കുറച്ച് വ്യത്യസ്തമായ ഇടം തേടാം, എ.പി.ജെ അബഎദുല്‍ കലാമിനെ സ്വപ്നം കണ്ട് ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗിന് ചേരാമെന്ന് കരുതി. ദക്ഷിണ കേരളത്തിലെ പ്രമുഖ കോളേജായ നെഹ്‌റു ഗ്രൂപ്പില്‍ എത്തിപ്പെട്ടു.

പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കുള്ളതുകൊണ്ട് മെറിറ്റില്‍ തന്നെ അഡ്മിഷന്‍ കിട്ടി. അങ്ങനെ അതിര്‍ത്തി കടന്ന് കോയമ്പത്തൂരിലെ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന എട്ടിമഡൈയിലെ നെഹ്‌റു കോളേജില്‍ ചേര്‍ന്നു.

സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് സന്തോഷത്തോടെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് സര്‍ക്കാരിന്റെ വോള്‍വോയില്‍ യാത്ര തിരിച്ചു. ഒരു ലോഡ് സാധനങ്ങളും ചുമന്ന് കോളേജ് കെട്ടിടത്തിന്റെ തോട്ടടുത്ത ആ വലിയ കെട്ടിടത്തിന്റെ അടുത്തെത്തി. ഗെയിറ്റിന് അടുത്തുള്ള ഒരു കൊമ്പന്‍ മീശക്കാരനോട് എനിക്ക് ഉള്ളിലേക്ക് കയറണമെന്ന് പറഞ്ഞു. ഫസ്റ്റ് ഇയര്‍ സ്റ്റുഡന്‍സിന്റെ ഹോസ്റ്റല്‍ ഇവിടെയല്ലെന്നും രണ്ടു കിലോമീറ്റര്‍ അപ്പുറത്താണെന്നും അയാള്‍ പറഞ്ഞു. വാപ്പച്ചിയുടെ കടകളില്‍ തമിഴന്മാര്‍ ജോലി ചെയ്യുന്നതുകൊണ്ട് തമിഴ് ഭാഷ കുറച്ചൊക്കെ എനിക്ക് പരിചിതമായിരുന്നു. 

ഒരു ഓട്ടോ വിളിക്കാമെന്ന് കരുതി. സമയം പുലര്‍ച്ചെ നാല് മണിയാണ്. നടക്കാമെന്ന് കരുതി. ഇരുവശത്തും പച്ച പട്ട് വിരിച്ച പാടമൊന്നുമല്ല, കൃഷിയില്ലാത്ത ഭൂമിയില്‍ കാട് പിടിച്ച് കിടക്കുന്നു. മുന്നോട്ട് നടന്നെപ്പോള്‍ തെങ്ങിന്‍ തോട്ടത്തിന് നടുവിലൂടെയാണ് വഴി പോകുന്നതെന്ന് മനസ്സിലായി. വശങ്ങളില്‍ നിന്നും പരിചിതമല്ലാത്ത ഒരു ശബ്ദം എന്നെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഏതോ ഒരു പക്ഷിയാണെന്ന് തോന്നി. പക്ഷെ ഇതുവരെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. നടക്കും തോറും ശബ്ദങ്ങളുടെ എണ്ണം കൂടി, തോളിലും ഇരു കൈകളിലും ബാഗ് ആയിരുന്നതിനാല്‍ ഓടാനും കഴിയാത്ത അവസ്ഥ. ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയ നിമിഷം. 

അരമണിക്കൂര്‍ നടന്ന് ഒടുവില്‍ ഞാന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ സമീപത്ത് എങ്ങനെയോ എത്തി. ഇപ്പോഴും ആ ജീവിയുടെ ശബ്ദം കേള്‍ക്കാം. അത് എന്തായിരുന്നെന്ന സംശയം എനിക്ക് ഇപ്പോഴും ഉണ്ട്. പാസ് കാണിച്ച് ഉള്ളില്‍ കയറി. ഹോസ്റ്റല്‍ ചുവരുകളിലെ ' ആന്റീ റാഗിംഗ് ' കമ്മിറ്റികളുടെ വിശദവിവരങ്ങളും റാഗിംഗിന്റെ ശിക്ഷാ നടപടികളും എനിക്ക് ആശ്വാസമായിരുന്നു. ഉറങ്ങുകയായിരുന്ന തമിഴന്‍ വാര്‍ഡന്‍ എനിക്ക് മലയാളികളുള്ള റൂം തന്നെ നല്കി. റൂം നമ്പര്‍ 307D, വാതിലില്‍ ഒരു വലിയ തുളയുണ്ട്, അകത്ത് നടക്കുന്നത് പുറത്ത് നിന്ന് കാണാന്‍ കഴിയും, പല മുറികളിലും ഇത് ഉള്ളില്‍ നിന്നും പേപ്പര്‍ കഷണം ഉപയോഗിച്ച് മറച്ചിട്ടുണ്ട്. 

'ബാംഗ്ലൂര്‍ ഡെയിസിലെ' ഡയലോഗിന്റെ വ്യാപ്തി എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു. 

'ഹോസ്റ്റല്‍ മുറികളുടെ അവസ്ഥയും, ഹോസ്റ്റല്‍ ജീവിതത്തിന്റെ 'മനോഹാരിതയും'-നാട്ടിലെ റിട്ടയേര്‍ഡ് ഹോസ്റ്റല്‍ ജീവനക്കാരുടെ ക്ലാസ്സ് കഴിഞ്ഞായിരുന്നു എന്റെ വരവ്. മുറിയില്‍ രണ്ടു ഡെക്കറുണ്ട്. നാലു പേര്‍ക്കാണ് താമസം. ഞാന്‍ മുകളിലെ ഭാഗം ചോദിച്ചു വാങ്ങി. ഫാനിന്റെ കാറ്റ് നല്ലതുപോലെ കിട്ടാന്‍ വേണ്ടിയായിരുന്നു. എങ്ങും ഒരു തമിഴ് മണമാണ്. ഗ്രാമവും വീടും അങ്ങനെ എല്ലാം പിന്നിലാക്കിയുള്ള വരവല്ലെ. എല്ലാം ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടി വരും എന്ന് തോന്നി. 

കേരളത്തിന് പുറത്തെത്തിയാല്‍ ഏതോ ഒരു ലോകത്ത് എത്തിയ അവസ്ഥയാണെന്ന് നിവിന്‍ പോളിയുടെ 'ബാംഗ്ലൂര്‍ ഡെയിസിലെ' ഡയലോഗിന്റെ വ്യാപ്തി എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു. 

പരിചയപ്പെടലിന്റേതായിരുന്നു ആദ്യ ദിനം. ഇനി ഇതാണെന്റെ ലോകം, എന്റെ വീട്. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കേണ്ട ചുവരുകള്‍. അങ്ങനെ ശരിക്കും ഞാന്‍ ആ ലോകവുമായി പൊരുത്തപ്പെടുകയായിരുന്നു. വിവാഹശേഷം ഒരു മണ്ണില്‍ നിന്നും അടുത്ത മണ്ണിലേക്ക് പറിച്ചു നടപ്പെടുന്ന പെണ്‍ജീവിതങ്ങളുടെ വിലാപത്തിന്റെ രഹസ്യം എന്താണെന്ന് ആദ്യ ദിവസത്തിന്റെ അന്ത്യനിമിഷത്തില്‍ ഞാന്‍ അറിഞ്ഞുതുടങ്ങി. കഴിഞ്ഞ ദിവസം ഈ സമയം ഞാന്‍ എന്റെ വീട്ടിലായിരുന്നു, ഇന്ന് ഞാന്‍ മറ്റേതോ ലോകത്താണ്. വാപ്പ, ഉമ്മ, അനിയന്‍, ഉമ്മച്ചിയുടെ ചോറ്, വല്ല്യുമ്മയുടെ ലാളന, അങ്ങനെ വീട്ടിലെ എല്ലാ നിമിഷങ്ങളും ഒരു 'സ്ലൈഡ്‌ഷോ' പോലെ മനസ്സിലൂടെ കടന്നുപോകാന്‍ തുടങ്ങി. തലയണയില്‍ മുഖം അമര്‍ത്തി ഞാന്‍ കിടന്നു. ലൈറ്റ് ഓഫ് ചെയ്യാനുള്ള വാര്‍ഡന്റെ നിര്‍ദേശവും മുഖത്ത് കണ്ണീര്‍ പൊടിഞ്ഞതും ഒരുപോലെയായിരുന്നു.

അറ്റാച്ച്ഡ് ബാത്ത്‌റൂം ഉള്ള വീട്ടില്‍ നിന്നും പൊതുശുചി മുറിയിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വന്നു. പാത്രവും ഗ്ലാസ്സുമായി മെസ്സ് ഹാളിലേക്ക് ഞങ്ങള്‍ ഒന്നിച്ചായിരുന്നൂ പോയിരുന്നത്. ക്യൂ നിന്ന് ഭക്ഷണം വാങ്ങണം, ആഴ്ചയില്‍ രണ്ടു ദിവസം മാംസം ഉണ്ടാകും. ചിക്കന്റെ പീസ് രണ്ടില്‍ കൂടുതല്‍ തരില്ല. കറി വിളമ്പുന്ന തമിഴന്‍ ചേട്ടനെ വശത്താക്കിയാല്‍ കഷണം കൂടുതല്‍ വാങ്ങാമെന്ന മോഹങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമേ ആയുസ്സുണ്ടാതിരുന്നുള്ളൂ. ദോശയും ചപ്പാത്തിയും മാറി പൊങ്കലാവാന്‍ തുടങ്ങി പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറ് തന്നെയാണ്. ദിവസവും ചോറ് കഴിക്കുന്നത് ഒരുതരം മടുപ്പ് തന്നെയായിരുന്നു.

സിനിമകളില്‍ കാണുന്നതിലും ഭീകരവും എന്നാല്‍ രസകരവുമാണ് ഓരോ ഹോസ്റ്റല്‍ ജീവിതവും. തുടക്കത്തിലെ കയ്പ്പ് പെട്ടെന്ന് തന്നെ മാറിത്തുടങ്ങി. അതിന് സഹായിച്ചതും കൂട്ടുകാര്‍ തന്നെ. 

ഹോസ്റ്റല്‍ കെട്ടിടത്തെ ഒരു ചെറിയ മാളായി സങ്കല്പിക്കാം. സിനിമാ തീയറ്റര്‍, റെസ്റ്റോറന്റ്, ചീട്ടുകളി സ്ഥലം, സ്‌മോക്കിംഗ് റൂം, ഫൈറ്റിംഗ് റൂം, ഡി.ജെ പാര്‍ട്ടി റൂം, അങ്ങനെ എല്ലാം ഒരു ഹോസ്റ്റലിലുണ്ടാവും. 

പുതിയ ടൊറന്റ് സിനിമകളുടെ പ്രത്യേക പ്രദര്‍ശനം എല്ലാ വെള്ളിയാഴ്ചകളിലും റൂം.നമ്പര്‍ 317Cയിലെ രാഹുലിന്റെയും കൂട്ടരുടെയും മുറിയാണ്. എല്ലാവരും കൃത്യസമയത്ത് ഒന്നിച്ച് അവിടെ എത്തും. പിന്നെ കൂവലും പാട്ടും കമന്റുകളും ബഹളവുമായി രാത്രി മുഴുവന്‍ ആഘോഷം. 

ഡി.ജെ.പാര്‍ട്ടി റൂമില്‍ ശരിക്കും ഒരു പാര്‍ട്ടിക്ക് പോയ അവസ്ഥയായിരിക്കും. മിന്നിത്തിളങ്ങുന്ന ലൈറ്റുകളുടെ സെറ്റപ്പ് മൊബൈല്‍ ഫ്‌ലാഷ് ആപ്പുകള്‍ ഉപയോഗിച്ച് മിന്നിച്ച്, കളറുള്ള കവറുകളില്‍ കെട്ടി തൂക്കിയിടും. പിന്നെ സ്പീക്കര്‍ വെച്ച് ഡാന്‍സോടെ ഡാന്‍സാണ്. 

കറണ്ട് പോയാല്‍ ജെനറേറ്റര്‍ ഓണ്‍ ചെയ്യുന്നത് വരെ ഒന്നിച്ചുള്ള കൂവലാണ്. വരാന്തകളിലെല്ലാം കാമുകന്മാരുടെ തിരക്കായിരിക്കും. കഥകള്‍ പറഞ്ഞും പരസ്പരം കളിയാക്കിയും ഇരുന്ന് സമയം പോകുന്നത് പലപ്പോഴും അറിയാറില്ല. ഉറങ്ങുന്നത് പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമായിരിക്കും. ഫോണ്‍ വിളിയും ചാറ്റും.

തുണി അലക്കാനും കുളിക്കാനും നല്ല തിരക്കായിരിക്കും എപ്പോഴും. അതിനാല്‍ എല്ലാം കൃത്യമായി സമയം കിട്ടുമ്പോള്‍ ചെയ്തുതീര്‍ക്കും. 8.30ന് കോളേജ് ബസ് വരുമെങ്കില്‍ 8.15ന് എഴുന്നേറ്റ് കുപ്പായം ഇട്ട് 10 മിനിറ്റില്‍ ഇറങ്ങി നില്ക്കും എല്ലാവരും.

തമിഴന്മാര്‍ മലയാളികളെ മറ്റേതോ രാജ്യത്തുള്ളവരെ പോലെയാണ് കാണുന്നത്. എല്ലാവരും 'ഭാരതമാതാവിന്റെ മക്കള്‍' എന്നതൊക്കെ വെറും വാക്കുകളാണ്. നോട്ടത്തിലും പെരുമാറ്റത്തിലും എപ്പോഴും അസഹിഷ്ണുത ഉണ്ടാവും. അവര്‍ പ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായി നിന്ന് മലയാളികളെ നേരിടും. 

ഇവന്മാരുടെ ഇത്തരം പെരുമാറ്റങ്ങള്‍ കാരണം റൂമില്‍ തമിഴ് പാട്ടുകള്‍ വെക്കുന്ന പരിപാടി ഞങ്ങള്‍ അവസാനിപ്പിച്ചു. ആ സമയത്താണ് നിവിന്‍ പോളിയുടെ 'പ്രേമം' റിലീസ് ആവുന്നത്. പിന്നീട് ഓരോ തമിഴന്റെയും മുറികളില്‍ നിന്ന് 'മലരെ...' എന്ന ഗാനം കേള്‍ക്കുമ്പോള്‍ മലയാളി ആയതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയിട്ടുണ്ട്. 

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ തമിഴന്മാര്‍ പിന്നിലാണ്. മലയാളികള്‍ ആ കാര്യത്തില്‍ ബഹുദൂരം മുന്നിലും. ക്ലാസ്സുകള്‍ നടക്കുമ്പോള്‍ അധ്യാപകര്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക പരിഗണന നല്‍്കാന്‍ തുടങ്ങി. ഹോസ്റ്റല്‍ മുറികളിലും ഞങ്ങള്‍ പതുക്കെ ഇംഗ്ലീഷും സംസാരിക്കാന്‍ തുടങ്ങി.

ദിവസങ്ങള്‍ പിന്നെയും നീങ്ങി. ഒരു ദിവസം അടുത്ത മുറിയിലെ സുഹൃത്ത് കട്ടിലിന് മുകളില്‍ ഒറ്റക്കാലില്‍ നില്ക്കുന്നത് ഞാന്‍ കണ്ടു. സീനിയേഴ്‌സിന്റെ റാഗിംഗ് സമ്മാനമായിരുന്നു അതെന്നാണ് പിന്നിട് മനസ്സിലായത്. ഹോസ്റ്റലിന്റെ പല സ്ഥലങ്ങളില്‍ വെച്ചും ജൂനിയേഴ്‌സിന് റാഗിംഗ് പാരിതോഷികം കിട്ടാറുണ്ട്. ആന്റീറാഗിംഗ് കമ്മിറ്റികള്‍ നിര്‍ജീവമാണെന്നും നിയമങ്ങള്‍ ചുവരുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും എനിക്ക് മനസ്സിലായി.

രണ്ടു ദിവസം തുടര്‍ച്ചയായി അവധിയുള്ളതിനാല്‍ ഞാന്‍ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. മടങ്ങിയെത്തിയ എന്നെത്തേടി ഒരുപാട് വാര്‍ത്തകള്‍ കാത്തിരിപ്പുണ്ടായിരുന്നു. അവധിയായതിനാല്‍ സീനിയേഴ്‌സ് ഹോസ്റ്റല്‍ മുറികളിലെത്തി. ആദ്യം ആകാശിന്റെ കൈയ്യില്‍ ഒരു സിഗരറ്റ് കൊടുത്തു, വലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ശിക്ഷയായി നാല് റൗണ്ട് ഹോസ്റ്റലിന് ചുറ്റും ഓടാന്‍ പറഞ്ഞു. അടുത്തതായി നിര്‍മലിനെയും വിളിച്ചു. വലിച്ചു ശീലമുള്ള നിര്‍മല്‍ അത് വാങ്ങി കത്തിച്ചു. 

'നീ സിഗരറ്റ് വലിക്കും...അല്ലേടാ? ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് നിനക്കറിയില്ലേ?'-ഉച്ചത്തില്‍ സീനിയര്‍ മന്ത്രങ്ങള്‍ ഉരുവിട്ടു.

സിഗരറ്റില്ലാതെ നൂറ് തവണ വലിക്കാന്‍ സീനിയറുടെ ഉപദേശം. അങ്ങനെ എല്ലാവര്‍ക്കും ചെറിയ ചെറിയ പണികള്‍ കിട്ടി. നാട്ടിലെത്തിയതുകൊണ്ട് ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടു!

പരീക്ഷയായാല്‍ കംബെയിന്‍ സ്റ്റഡിയുടെ തേരോട്ടമാണ്. പല്ലുതേക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ പോലും ഗ്രൂപ്പുകള്‍ കാണും. കൂട്ടത്തിലെ പ്രധാന പഠിപ്പിസ്റ്റാണ് സംശയദ്രുവീകരണം നടത്തുന്നതും ക്ലാസുകള്‍ എടുക്കുന്നതും. ഉഴപ്പന്മാര്‍ പോലും എല്ലാവരും പഠിക്കുന്നത് കണ്ട് പുസ്തകങ്ങള്‍ എടുക്കും. ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ലിസ്റ്റുണ്ടാക്കാനും 'ബിറ്റ്' എഴുതാനും പരസ്പരം സഹായിക്കും. അങ്ങനെ ഓരോ പരീക്ഷാക്കാലവും ഓരോ വട്ടമേശസമ്മേളനങ്ങളുടെ കാലം കൂടിയാണ്.

പത്ത് ബിസ്‌കറ്റ് കഷണങ്ങളെ എങ്ങനെ അമ്പതുപേര്‍ കഴിക്കുമെന്നും, കെട്ടിപ്പിടിച്ച് ഒരു മെത്തയില്‍ അഞ്ച് പേര്‍ക്ക് കിടക്കാമെന്നും, ഒന്നിച്ചിരുന്ന് പഠിച്ചാല്‍ നല്ല മാര്‍ക്ക് വാങ്ങാമെന്നും, കരഞ്ഞാല്‍ കണ്ണീരൊപ്പാനല്ല, കരയാതെ നോക്കാന്‍ തോളില്‍ തട്ടി, കര്‍മ്മം കൊണ്ട് കൂടെപ്പിറപ്പുകളായ കൂറേപേരുടെ ലോകം.അതാണ് ഓരോ ഹോസ്റ്റല്‍ ഗാഥകളും പങ്കുവെക്കുന്നത്.

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

 പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!​

ശ്രുതി രാജേഷ് :  സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!