അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

മഴ ആര്‍ത്തലച്ചു പെയ്യുന്നൊരു രാത്രിയിലാണ് അവളെയും ഒക്കത്ത് വച്ച് അവളുടെ അമ്മ കയറിവന്നത്. നനഞ്ഞു കുതിര്‍ന്നൊരു അമ്മയും തലയിലിട്ട ഒരു പ്ലാസ്‌റിക് കവറിന്റെ മറവില്‍ തണുത്ത് വിറച്ചിരിക്കുന്ന ഒരു മൂന്ന വയസ്സുള്ള പെണ്‍കുഞ്ഞും. 

എനിക്കന്ന ഏകദേശം പത്ത് വയസാണ് പ്രായം. 

കോരിച്ചൊരിയുന്ന മഴയുടെ മുരളലില്‍ കമ്പിളിപുതപ്പിനുള്ളില്‍ കിടന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന അവരെ എത്തി നോക്കിയപ്പോള്‍ സത്യത്തില്‍ തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് വരുന്നതിന്റെ അസ്വസ്ഥതയില്‍ എനിക്ക് വല്ലാത്ത ദേഷ്യമാണ് വന്നത്.

തറയില്‍ തളര്‍ന്ന് പടഞ്ഞിരുന്നു അമ്മയോടും അച്ഛനോടും കരഞ്ഞു കൊണ്ട് എന്തൊക്കെയോ തമിഴില്‍ പറഞ്ഞു കൊണ്ടിരുന്ന അവരുടെ മടിയിലിരുന്ന് നനഞ്ഞു പോയ ബിസ്‌ക്കറ്റ് ആ കുട്ടി നുണഞ്ഞു തിന്നുന്നുണ്ടായിരുന്നു. 

ഒടുവില്‍ അവര്‍ക്ക് കഴിക്കാന്‍ ആഹാരവും മാറാന്‍ സാരിയും കൊടുത്ത് അടുക്കളയില്‍ കിടക്കാന്‍ പായയും വിരിച്ചിട്ട് വന്ന് എന്നെ കെട്ടി പിടിച്ചു കിടക്കുമ്പോള്‍ അമ്മ അവരുടെ കഥ ചുരുക്കി പറഞ്ഞു. 

അടുത്ത വീട്ടില്‍ ഉള്ള തമിഴ് കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യയാണ് അവര്‍. അവരും ഭര്‍ത്താവും തമിഴ്‌നാട്ടിലെ കമ്പം എന്ന സ്ഥലത്താണ് താമസം. സ്ഥിരമായി അവരെ ഉപദ്രവിക്കുന്ന ഭര്‍ത്താവ് ഒടുവില്‍ അവരെയും കുഞ്ഞിനേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു. സ്വന്തം വീട്ടുകാരോ ബന്ധുക്കളോ ഇല്ലാത്ത ആ സ്ത്രീ ഇവിടെ ഭര്‍ത്താവിന്റെ വീട്ടില്‍ അഭയം തേടി വന്നത് ആണ് . അവരും അവരെ വീട്ടില്‍ കയറ്റിയില്ല. മഴയത്ത് പെരുവഴിയില്‍ ആയ അവരാണ് ആരോ പറഞ്ഞത് അനുസരിച്ച് സഹായം തേടി എന്റെ വീട്ടില്‍ വന്നിരിക്കുന്നത്.

അടുത്ത ദിവസം നേരംവെളുത്തതേ അച്ഛന്‍ അവരേയും കൂട്ടി പുറത്തേയ്ക്ക് പോയി. പോലീസ് സ്‌റ്റേഷനിലേയ്ക്ക് ആണെന്നും ഭര്‍ത്താവിനേയും വീട്ടുകാരേയും വിളിപ്പിച്ചു പ്രശ്‌നം തീര്‍ക്കാന്‍ ആണെന്നും അമ്മ പറഞ്ഞു തന്നു. അവരുടെ മൂന്നു വയസ്സുകാരി മകള്‍ അപ്പോഴും അടുക്കളയിലെ പായയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും ഞാനും അവളും കൂട്ടുകാരായി കഴിഞ്ഞിരുന്നു. ഞങ്ങള്‍ എല ചെടികള്‍ക്കിടയിലൂടെ കളിച്ചു നടക്കുമ്പോഴാണ് എന്റെ അമ്മ 'ജ്യോതി മീന' എന്നും വിളിച്ചു കൊണ്ട് ഓടി വന്നത്. അപ്പോഴാണ് ഞാന്‍ ആ കുട്ടിയുടെ പേര് ആദ്യമായി കേട്ടത്. എന്തോ അപകടം നടന്നു എന്ന് എനിക്ക് അമ്മയുടെ ശബ്ദത്തില്‍ നിന്ന് മനസ്സിലായി. ജ്യോതിമീനയെ എളിയില്‍ എടുത്ത് വച്ചു ,ഒരു കൈയ്യില്‍ എന്നെയും പിടിച്ചു വലിച്ചു കൊണ്ട് അമ്മ ഓടി. വഴിയില്‍ ആളുകള്‍ അടക്കം പറഞ്ഞു കൊണ്ട് വേഗം നടക്കുന്നുണ്ടായിരുന്നു.

ഭര്‍ത്താവ് തനിക്കിവളെ വേണ്ട എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ തര്‍ക്കിക്കാന്‍ ശേഷിയില്ലാതെ ആ സ്ത്രീ പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങി. മടങ്ങുന്ന വഴി അവര്‍ കൈയില്‍ തമിഴ് നാട്ടില്‍ നിന്ന് നേരത്തെ കരുതിയിരുന്ന അരളി കൊട്ട എന്ന കായ അരച്ച് കഴിച്ചു ആത്മഹത്യ ചെയ്തു. 

ആ വാര്‍ത്ത എല്ലാവരും നിസ്സംഗതയോടെ പങ്കു വച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവരെ മറവു ചെയ്തു.

അച്ഛന് വേണ്ടാത്ത മകള്‍ ആയിരുന്നിട്ടും ജ്യോതി മീന അച്ഛന്‍ വീട്ടുകാരുടെ സംരക്ഷണയില്‍ വളര്‍ന്നു.

ഇടയ്‌ക്കൊക്കെ കുത്തി നോവിക്കുന്നതിന്റെ ലഹരി നുണയാന്‍ കുട്ടിയെ കൊഞ്ചിക്കുന്നു എന്ന വ്യാജേന ചിലര്‍ അവളുടെ കണ്മഷി കൊണ്ട് മറുക് തോട്ട കവിളില്‍ നുള്ളി കൊണ്ട് 'ഉന്‍ അമ്മാ എങ്കെടാ' എന്ന് ചോദിച്ചു. അമ്മ വള്ളം കോരാന്‍ പോയി എന്ന് പറയുന്ന ലാഘവത്തില്‍ അവള്‍ 'അമ്മാ സത്ത് പോച്ച്' എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

അച്ഛന്‍ അമ്മ മാഹാത്മ്യങ്ങള്‍ പറയുമ്പോള്‍ ഓര്‍ക്കാതെ പോകുന്ന ഇത്തരം എത്രയെത്ര കഥകള്‍, മഴയില്‍ ഒറ്റയ്ക്കായി പോകുന്ന എത്രയെത്ര മക്കള്‍ മാഹാത്മ്യങ്ങള്‍ ഇനിയുമുണ്ട്. 

എനിക്കിനി വേണ്ടെന്ന് അച്ഛന്‍ പടിയടയ്ക്കുമ്പോഴും, സാരി തുമ്പിലും വിഷക്കുപ്പിയിലും മണ്ണെണ്ണ ജാറിലും കിണറ്റിലെ ആഴത്തിലും റെയില്‍വേ പാളത്തിലും അമ്മ രക്ഷ നേടുമ്പോഴും, നനഞ്ഞ ബിസ്‌ക്കറ്റിന്റെ മധുരം നുണയുന്ന മക്കള്‍ മാഹാത്മ്യങ്ങള്‍.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട

നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?​

കൊച്ചു ത്രേസ്യ: കുടുംബവും ഒരു ടീം വര്‍ക്ക്!

ധനുഷ പ്രശോഭ്: രണ്ടു അമ്മമാര്‍, അവരുടെ മക്കള്‍

ഷീബാ വിലാസിനി: അമ്മമാരേ, നിങ്ങളും മാറി തുടങ്ങണം!