ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ഗീതാ സൂര്യന്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

വീടിന്റെ മുന്നില്‍ റെയില്‍വേ ട്രാക്ക് ആണ്. അത് കടന്നുമുറിച്ചു വേണം അങ്ങാടിയിലെത്താന്‍. വേറെയും വഴികള്‍ ഉണ്ടെങ്കിലും എളുപ്പം ഇതായതുകൊണ്ട് എല്ലാവരും റെയില്‍ കടന്നുപോകുകയാണ് പതിവ്. ഇടയ്ക്കിടയ്ക്ക് റയില്‍വേക്കാര്‍ റെയിലിന്റെ ഇരുവശങ്ങളിലും കൂര്‍ത്ത കരിങ്കല്ലുകള്‍ കൊണ്ടുവന്നിടും.എന്നാലും നടക്കുന്നവര്‍ അത് ചെറുതായി പരത്തി വീണ്ടും റെയില്‍ കടക്കും. വീട്ടില്‍നിന്നും അച്ഛന്‍ പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങാന്‍ പോകുനമ്പോള്‍ അമ്മ റെയില്‍ കടന്നു പോകുന്നതുവരെ വരാന്തയില്‍ നില്‍ക്കും. അഥവാ ദൂരെനിന്നു വരുന്നുണ്ടെങ്കില്‍ ഉറക്കെ ട്രെയിന്‍ വരുന്ന കാര്യം വിളിച്ചുപറയും.അച്ഛനാകട്ടെ ഞാനെന്താ ചെറിയ കുട്ടിയാണോ എന്ന മട്ടില്‍ അത് കാര്യമാക്കാതെ നില്‍ക്കും.

മഴക്കാലം വരുമ്പോള്‍ എല്ലാവര്‍ക്കും റെയില്‍പ്പാലങ്ങള്‍ മുറിച്ചുകടക്കാന്‍ ഭയമാണ്. മഴയുടെ ആരവത്തില്‍ തീവണ്ടിയുടെ ശബ്ദം കേട്ടെന്നു വരികയില്ല.അങ്ങനെ ധാരാളം അപകടങ്ങള്‍ നടന്നത് അറിയാം. കയ്യില്‍ മൊബൈലും പിടിച്ചു സംസാരിക്കയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.മഴയും വണ്ടിയും അങ്ങനെ കുറെ പേരുടെ കണ്ണീരിന് ഇടയാക്കിയിട്ടുണ്ട്.മഴക്കാലം വരുമ്പോള്‍ ഇടവഴിയിലൂടെ നടന്നാല്‍ മതിയെന്ന് അച്ഛന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കും.അങ്ങനെ റെയിലിനരികിലൂടെയുള്ള വഴിയിലൂടെ അച്ഛന്‍ നടക്കും.

എത്ര പേമാരിയാണെങ്കിലും ഉച്ചയുറക്കം കഴിഞ്ഞാല്‍ മുണ്ടു മുറുക്കി മാടിക്കുത്തി ഊന്നുവടി കയ്യിലെടുത്തു അച്ഛന്‍ നടക്കാനിറങ്ങും. വേണ്ടെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല. പോകുന്നത് സ്‌കൂള്‍ കുട്ടികളെ കാണാനാണ്. എല്ലാവരോടും ഗുഡ് ഈവനിംഗ് പറഞ്ഞു കുഞ്ഞുമുഖങ്ങളിലെ പുഞ്ചിരി കണ്ടാല്‍ അച്ഛന് തൃപ്തിയായി. കൈയില്‍ ഞാന്‍ കൊണ്ടുകൊടുക്കാറുള്ള മിട്ടായികള്‍ എടുക്കും. അതൊക്കെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളതാണ്. അവ കഴിഞ്ഞാല്‍ അച്ഛന്‍ തന്നെ മിട്ടായികള്‍ വാങ്ങും. ഷുഗര്‍ കുറവായതിനാല്‍ അച്ഛന് മിട്ടായി ആവോളം തിന്നാനും പായസം കുടിക്കാനും ഇഷ്ടമായിരുന്നു.

ഒരിക്കല്‍ മഴവെള്ളം നിറഞ്ഞു ഇടവഴി നടക്കാന്‍ പ്രയാസമുള്ളതായി. ഇന്നും ആ വഴി അങ്ങനെതന്നെ. റെയില്‍വേ അധികൃതര്‍ വഴി നന്നാക്കാന്‍ സമ്മതം തരാത്തതിനാല്‍ എല്ലാവരും ആ ചളിവെള്ളത്തിലൂടെ വേണം പോകാന്‍. അച്ഛന്‍ നടക്കാന്‍ പോയി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ താങ്ങി കൊണ്ടുവരുന്നു. കാലു തെറ്റി വീണതാണ്. ചെറുവിരല്‍ കല്ലില്‍ തട്ടി മുറിഞ്ഞിരിക്കുന്നു. ഡോക്ടറെ കാണിക്കാന്‍ സമ്മതിച്ചില്ല. സ്വന്തം മരുന്നുകള്‍ വച്ചുകെട്ടി. അവധിക്കു ഞാന്‍ എത്തുമ്പോള്‍ ആ വിരലിനു കറുപ്പുനിറം. ഉടനെ ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോയി. വിരല്‍ അറ്റുപോയിട്ടുണ്ടെന്നും ഓപ്പറേഷന്‍ ചെയ്തു നീക്കിയില്ലെങ്കില്‍ മുട്ടുവരെ ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. അങ്ങനെ വിരല്‍ മുറിക്കേണ്ടിവന്നു.

ചാപ്ലിന്‍ പറഞ്ഞതുപോലെ മഴയില്‍ നടക്കുമ്പോള്‍ ഞാനിപ്പോള്‍ കരയാറുണ്ട്. ആരും അറിയില്ലല്ലോ.

ഒരു മഴക്കാലത്ത് സംഭവിച്ചതിനാല്‍ മഴ വരുമ്പോള്‍ അച്ഛന്റെ നടത്തം ഓര്‍മയിലെത്തും. ഓപ്പറേഷന്‍ കഴിഞ്ഞതോടുകൂടി വീണ്ടും നടക്കാന്‍ പോയിത്തുടങ്ങി. പുറത്തു പോകണ്ട എന്ന് അമ്മ പറയുമ്പോള്‍ ദയനീയമായി എന്നോട് അനുവാദം ചോദിക്കും. ഞാന്‍ നല്‍കും. കൂടെ ഞാന്‍ വരാമെന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. അനുസരണ ഇല്ലാത്ത ഒരു കുട്ടിയെപ്പോലെ മഴയത്തിറങ്ങും.ഒ രിക്കല്‍ വീണു തലയില്‍ വലിയ മുറിവായി.ര ക്തമൊഴുകി ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്നോട് മരുന്ന് വാങ്ങാന്‍ മോളുടെ കയ്യില്‍ പൈസയുണ്ടോ എന്നച്ഛന്‍. ഞാനാണ് ഇങ്ങനെ കിടക്കുന്നതെങ്കില്‍ അച്ഛന്‍ പൈസ വാങ്ങുമോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു.

അച്ഛന്‍ പോയി. വേദനകളുടെ ലോകത്തുനിന്നും. മഴക്കാലം വരുമ്പോള്‍ എനിക്കാധിയാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത അച്ഛന്മാരെക്കുറിച്ചു ഞാന്‍ ഓര്‍ക്കും. വയ്യെങ്കിലും നടക്കാന്‍ ആഗ്രഹിക്കുന്ന അവരെ ആരും തടസ്സപ്പെടുത്താതിരുന്നാല്‍ മതിയെന്ന് കരുതും. അച്ഛാ സൂക്ഷിക്കണേ എന്ന് പറയുമ്പോള്‍ കൈ ഉയര്‍ത്തി വീശി നടന്നുമറയുന്ന അച്ഛന്‍ മിഴിവോടെ മുന്നിലെത്തും. ചാപ്ലിന്‍ പറഞ്ഞതുപോലെ മഴയില്‍ നടക്കുമ്പോള്‍ ഞാനിപ്പോള്‍ കരയാറുണ്ട്. ആരും അറിയില്ലല്ലോ.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം