Asianet News MalayalamAsianet News Malayalam

Covid Fourth Wave: കൊവിഡ് നാലാം തരംഗത്തിന് സാധ്യത കുറവെന്ന് വൈറോളജി വിദ​ഗ്ധൻ

'വാക്സിനേഷൻ കൊണ്ട് കൊവിഡിനെ പൂർണ്ണമായും തടയാനാകും. രണ്ട് ഡോസ് സ്വീകരിച്ച എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണം', കൊവിഡ് നാലാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രശസ്ത വൈറോളജി വിദഗ്ധൻ ഡോ ടി ജേക്കബ് ജോൺ

First Published Mar 20, 2022, 12:49 PM IST | Last Updated Mar 20, 2022, 12:49 PM IST

കൊവിഡ് 19ന്റെ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റ്. കൊവിഡിന്റെ നാലാം ​തരംഗത്തിനുള്ള സാധ്യത കുറവാണ്. പക്ഷേ അത് സംഭവിക്കില്ലെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും 
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ (സിഎംസി) പ്രമുഖ വൈറോളജിസ്റ്റും മുൻ പ്രൊഫസറുമായ ഡോ ടി ജേക്കബ് ജോൺ പറഞ്ഞു.

ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസുകളെയും അവയുടെ ജനിതക ക്രമങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്, കൂടാതെ എന്തെങ്കിലും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നും ഏതെങ്കിലും വകഭേദങ്ങൾ പ്രാദേശികമായി കൂടുതൽ സ്ഥലങ്ങളിൽ ഒമിക്രോണിനെ മറികടക്കുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണമായി വ്യത്യസ്ത വകഭേദം വന്നില്ലായെങ്കിൽ പുതിയ ഒരു തരംഗത്തിന് സാധ്യതയില്ല. മൂന്നാം തരംഗം ഇതിനോടകം തന്നെ അവസാനിച്ചു. ഒരു പ്രദേശത്ത് മാത്രമായി കണ്ടുവരുന്ന പകർച്ചവ്യാധി എന്ന നിലയിലേക്ക് കോവിഡ് മാറുകയാണ്. മറ്റൊരു തരംഗം ഭാവിയിൽ ഉണ്ടാവുമെന്ന ഭീഷണി നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിർഭവിച്ചാൽ മാത്രമേ അപകടസാധ്യതയുള്ളൂ. അല്ലാത്തപക്ഷം നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന

 ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി. ജിലിൻ അടക്കം നിരവധി നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

 വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങൾ. ഷെൻഹെൻ പ്രവിശ്യയിലെ 9 ജില്ലകളിൽ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന യാൻജി പ്രാദേശിക നഗരം പൂർണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് കൂടുതലായി പടരുന്നത്. ഒമിക്രോണിൻറെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചെനയുടെ നീക്കം. ഇതിനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ താത്കാലിക ആശുപത്രി അടക്കം സ്ഥാപിച്ചിട്ടുണ്ട്. 

കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഈ മേഖലകളിൽ വിന്യസിക്കും. ചുമതലകളിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 9 ആരോഗ്യ പ്രവർത്തകരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കൊവിഡ് നാലാം തരംഗത്തിലേക്ക് അതിവേഗം അടുക്കുന്നോ എന്നാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക. അഞ്ചാം തരംഗമാണ് അവിടെ ഇപ്പോഴെന്നാണ് വിലയിരുത്തൽ.