Indian Railway : പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും
പരശുറാം ഓടിക്കുക മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ. ജനശതാബ്ദി ഭാഗികമായി ഓടിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല
പരശുറാം എക്സ്പ്രസ് (Parasuram Express) നാളെ മുതൽ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ (Railway). ചിങ്ങവനം-ഏറ്റുമാനൂർ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്. ഈ ട്രെയിനിനെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാർക്ക് ആശ്വാസകരമാണ് റെയിൽവേയുടെ തീരുമാനം.
ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്. മംഗളൂരു-നാഗർകോവിൽ പരശുറാം 28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം 29 വരെയും റദ്ദാക്കിയിരുന്നു.
ജനശതാബ്ദിയും തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂർണമായി റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ പിന്നീട് അറിയിച്ചു.നടപടി യാത്രാക്ലേശം രൂക്ഷമാക്കുമെന്നും ഷൊർണൂരിനും മംഗലാപുരത്തിനും ഇടയിൽ പരശുറാം എക്സ്പ്രസും കണ്ണൂർ എറണാകുളം പാതയിൽ ജനശതാബ്ദിയും ഓടിക്കണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു