നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക; അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
വീരന്മാരും അടിയാള രക്തസാക്ഷികള്‍ക്കുമൊപ്പം പക്ഷിമൃഗാദികളും ദൈവരൂപത്തില്‍ മണ്ണിലിറങ്ങുന്ന അത്യുത്തര കേരളത്തിന്‍റെ ആരാധനാ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്‍ചയാകുകയാണ് മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന ഈ മുതലത്തെയ്യം.
കണ്ണില്‍ എണ്ണയൊഴിച്ച് കാത്തുനില്‍ക്കുന്ന ജനക്കൂട്ടം. മുറുകുന്ന ചെണ്ടമേളം. അവരുടെ ഇടയിലേക്ക് ഇഴഞ്ഞിഴഞ്ഞൊരു ദൈവമെത്തി. കരിനാഗമല്ല, മത്സ്യവും കൂര്‍മ്മവും അല്ലേയല്ല. പിന്നെ ആരാണെന്നോ? ഒരു മുതലയായിരുന്നു ആ ദൈവം! കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത നടുവില്‍ ആണ് അത്യപൂര്‍വ്വമായ മുതലത്തെയ്യം ഭക്തജനങ്ങളുടെ കണ്ണീരൊപ്പാനും ആത്മഹര്‍ഷം പങ്കിടാനും എത്തിയത്.
തുലാപ്പത്ത് നാളില്‍ നടുവില്‍ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിലെ തിരുമുറ്റത്തായിരുന്നു മുതലത്തെയ്യം കെട്ടിയാടിയത്. വീരന്മാരും അടിയാള രക്തസാക്ഷികള്‍ക്കുമൊപ്പം പക്ഷിമൃഗാദികളും ദൈവരൂപത്തില്‍ മണ്ണിലിറങ്ങുന്ന അത്യുത്തര കേരളത്തിന്‍റെ ആരാധനാ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്‍ചയാകുകയാണ് മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന ഈ മുതലത്തെയ്യം.
തൃപ്പാണ്ട്രാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം. മുതല തെയ്യമായി മാറിയ ആ കഥ പറഞ്ഞത് തലക്കുളം നാരായണൻ എന്ന നാട്ടുകാരൻ. പുഴയ്ക്ക് അക്കരയെുള്ള ചേടശേരി മോലോത്തെ ചുഴലി ഭഗവതിയമ്മയ്ക്ക് പൂജ ചെയ്യാൻ പോകുകയായിരുന്നു എമ്പ്രാച്ചൻ. പുഴക്കരയില്‍ തൃപ്പാണ്ട്ര് കടവില്‍ എമ്പ്രാച്ചൻ എത്തുമ്പോള്‍ തോണിയുമില്ല, തുഴയുമില്ല. എല്ലാം മലവെള്ളത്തില്‍ ഒഴുകിപ്പോയിരുന്നു.
എന്തുചെയ്യണമെന്നറിയാത കടവില്‍ നിന്ന് മനംനൊന്ത് കരഞ്ഞു പാവം എമ്പ്രാച്ചൻ. അപ്പോഴാണ് ഞാൻ സഹായിക്കാം എന്ന ആശ്വാസവാക്കുമായി ഒരു കന്യക എത്തുന്നത്. സാക്ഷാല്‍ ദേവകന്യക ആയിരുന്നു അത്. എമ്പ്രാച്ചൻ നോക്കി നില്‍ക്കെ ഒരു മുതലയായി മാറി ദേവകന്യക. എന്നിട്ട് തന്‍റെ മുതുപ്പുറത്തിരുത്തി എമ്പ്രാച്ചനെ തിര മുറിച്ചുമുറിച്ച് അക്കരെ എത്തിച്ചു ആ പൂമുതല.
അക്കരെക്കടവില്‍ ഇറക്കിക്കഴിഞ്ഞപ്പോള്‍ മുതല എമ്പ്രച്ചാനോട് ചോദിച്ചു:
"ചുഴലി ഭഗവതിയുടെ പൂജയും ശാന്തിയും കഴിഞ്ഞാല്‍ എനിക്ക് വേണ്ടി നീ എന്തു ചെയ്യും..?"
ചുഴലി ഭഗവതിയമ്മയുടെ പൂജ കഴിഞ്ഞാല്‍ അമ്മയുടെ വലഭാഗത്ത് തന്നെ അമ്മയ്ക്കും വച്ച് പൂജിച്ചോളാം എന്നു മറുപടി പറഞ്ഞു എമ്പ്രാച്ചൻ. പറഞ്ഞ വാക്കും പാലിച്ച് ചേടശേരി മോലോത്തു നിന്നും തിരിച്ച് തൃപ്പാണ്ട്ര് കടവിലെത്തി എമ്പ്രാച്ചൻ. അപ്പോഴും അവിടെ കാത്തുനിന്നിരുന്നു ആ പൂമുതല. മുതലവാല് പിടിച്ച് മുതലപ്പുറത്തിരുന്ന് എമ്പ്രാച്ചൻ ഇക്കരെ തിരിച്ചുമെത്തി. എമ്പ്രാച്ചനെ ഇക്കരെയിറക്കി പൂമുതല പറഞ്ഞു.
"തുഴവാല് പിടിച്ചതിനാല്‍ ഇനി നീ എമ്പ്രാച്ചനല്ല. ആദിതോയാടനാണ്.."
എന്നെ കെട്ടിയാടിക്കണമെന്നും പേരുവിളിക്കണം എന്നുകൂടി പറഞ്ഞു പൂമുതല. അങ്ങനെ ആദി തോയാടൻ കറുത്ത നെല്ലുകുത്തി അരിയുണ്ടാക്കി. കല്ലും നെല്ലും വേര്‍തിരിച്ചു. നാലുമ്മൂന്നേഴുമാനം മഞ്ഞക്കര്‍ളയുംവച്ച് അക്ഷരംപ്രതി പറഞ്ഞതുപോലെ തന്‍റെ ചിറ്റാരിപ്പുരമുറ്റത്ത് അമ്മയെ കെട്ടിയാടിച്ചു ആദി തോയാടൻ.