Asianet News MalayalamAsianet News Malayalam

രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

  • സ്ത്രീകള്‍ രാത്രികള്‍
  • നജ്മുന്നീസ സി എഴുതുന്നു
Nights women Najmunnisa C

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights women Najmunnisa C

'ഈ സമയത്ത് ഇങ്ങനെ നടക്കരുത് കേട്ടോ.....ചന്തി ഇത്ര കുലുക്കിയാല്‍ പോര'

ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് കാതില്‍ ആ വാചകങ്ങള്‍ വന്നുപെട്ടത്. പിന്നില്‍ നിന്നും കേട്ട അവ്യക്തമായ കുശുകുശുപ്പിനിടയില്‍ ഇതു മാത്രം വ്യക്തമായി കേട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് എന്റെ തൊട്ടുപിറകെ ആയി ഒരു ചെറുപ്പക്കാരന്‍. മാന്യതക്ക് ഒരു കുപ്പായം തയ്ച്ചിട്ടുണ്ടെങ്കില്‍ അത് അവന്‍ ഇട്ടതല്ലെന്ന് ഉറപ്പിച്ചു പറയാം. 

അപ്പോള്‍ അവിടെ അവന് കാണുന്ന മനുഷ്യരൂപം ഞാന്‍ ആയത് കൊണ്ടും അതെന്നെ കുറിച്ചാണെന്ന് മനസ്സിലായി. അവന്‍ വിടുന്ന ലക്ഷണമില്ല. എന്റെ നടത്തത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് അവന്റെ വാചകങ്ങള്‍ക്ക് വ്യക്തത കൂടി വന്നു. പിന്നാമ്പുറത്തെ ആക്രമണം കഴിഞ്ഞാല്‍ ഉമ്മറത്തേക്ക് ഓടി വരും എന്ന ഭീതിയില്‍ തട്ടം നിവര്‍ത്തിയിട്ട് ബാഗ് താഴ്ത്തി ഞാന്‍ ഓടി. 

പെട്ടെന്നാണ്, നിര്‍ത്താതെ ഹോണ്‍ അടിച്ച് കൊണ്ട് ഒരു ബൈക്ക് എന്റെ പിന്നില്‍ വന്നു നിന്നത്. കറുത്ത പര്‍ദ്ദക്കുള്ളില്‍ നിന്ന് വെളുത്ത മുഖം തെളിഞ്ഞപ്പോള്‍ എന്റെ കാലുകള്‍ നിലത്ത് നിന്നു. അനിയത്തി ഓടിച്ച ബൈക്കിനൊപ്പം ഓടിയ കാറ്റില്‍ നിസ്സഹായതയുടെ ഒടുവിലത്തെ ആയുധങ്ങളായ തെറികള്‍ അവന്റെ തന്തക്കും തളളക്കും ഞാന്‍ എറിഞ്ഞ് കൊടുത്തു.

എട്ടു മണി വരെ നല്ല ബോധമാണ് ചങ്കു വെട്ടി ജംങ്ഷന്.  തെണ്ടിത്തളര്‍ന്ന ജിപ്‌സികള്‍ക്ക് പായ വിരിക്കാന്‍ ഇടം നല്‍കുന്ന ദേശം. നാനാഭാഗത്ത് നിന്നും ജില്ലയില്‍ എത്തുന്നവര്‍ക്ക് വഴി കാണിക്കുന്ന ഇടം. ദാഹിക്കുന്നവര്‍ക്ക് വെള്ളം കുടിക്കാന്‍ വെള്ളക്കുടം നിറച്ച് വെക്കുന്ന ഉദാരമതികളായ ഓട്ടോ ചേട്ടന്‍മാരുള്ളിടം. പക്ഷെ എട്ടു മണി കഴിഞ്ഞാല്‍ അവിടെ ഹൈമാസ്റ്റ് വിളക്കുകള്‍ മെല്ലെ അണഞ്ഞു തുടങ്ങും. ഇരുട്ടാകുന്നതിന് മുമ്പെ എന്റെയുള്ളിലെ ജംക്ഷനില്‍ കൂരിരുട്ടായിരിക്കും.

ഈ അബോധ തീരങ്ങളിലാണ് നമ്മുടെ രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത്. ദ്വയാര്‍ത്ഥത്തിലുള്ള വാചകങ്ങളും, മറ്റാരോടോ എന്ന പോലെ നമ്മോട് കാണിക്കുന്ന അംഗവിക്ഷേപങ്ങളും, ഉള്ളില്‍ ഭീതി നിറപ്പിച്ച് ഒളിഞ്ഞു നിന്നുള്ള എത്തിനോട്ടങ്ങളുമാണ് നമ്മുടെയൊക്കെ രാത്രി സ്വപ്നങ്ങളുടെ ദൂരം കൂട്ടുന്നത്.ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി ഓളിയിട്ട് ഓടി നടക്കണമെന്ന ചെറിയ വലിയ ഇഷ്ടങ്ങള്‍ക്കു മേല്‍ പുതപ്പിടുന്നത് രാത്രിയും പകലും ആണിനും പെണ്ണിനും അളന്നു കൊടുത്ത ഇത്തരം മനോഭാവങ്ങളാണ്.

കേരളത്തിലെ എല്ലാ ഇടങ്ങളും രാത്രിയില്‍ അന്തമില്ലാത്തതാണെന്ന് തീര്‍ത്തു പറയാനാകില്ല. എങ്കിലും ഡല്‍ഹിയിലെയും ഹൈദരാബാദിലെയും രാത്രി സഞ്ചാരങ്ങളില്‍ നിന്ന് കേള്‍ക്കാത്ത തെറിയും താക്കീതുകളും നാട്ടിലെ രാത്രി നടത്തങ്ങളില്‍  നിന്നും കേട്ടിട്ടുണ്ട്. ഇരുട്ടില്‍ ഇറങ്ങി നടക്കുന്നവളോടുള്ള പെരുമാറ്റ കാര്യത്തില്‍ ഒരിടം മറ്റിടത്തെ പ്രതിനിധീകരിക്കുന്നു എന്ന് തീര്‍ത്തു പറയാം. ഒറ്റക്ക് നടക്കുന്ന പെണ്ണിലേക്ക് ഓടിയെത്തുന്ന നോട്ടങ്ങളെ, ഇരുട്ടായാല്‍ മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആണിന്റെ  കാമ ക്രിയകളോടും അവന്റെ മസോക്കിസ്റ്റ് മനോനില കളോടും മാത്രം അടുപ്പിച്ച് പറയുന്നത് അര്‍ത്ഥശൂന്യമാന്നെന്ന് പല രാത്രി നടത്തങ്ങളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. ബൈക്കിനു പിറകില്‍ നിന്നും, കാറിന്റെ പിന്‍സീറ്റില്‍ നിന്നും മുഖം ചുളിച്ച് മുടി മുതല്‍ പാദം വരെ പാഞ്ഞുകയറുന്ന പെണ്‍ നോട്ടങ്ങളാണ് ഏറ്റവും അപകര്‍ഷതയും വേദനയും നല്‍കുന്നത്. 

ഒരു മഴക്കാലത്തെ ഒമ്പതു മണിനേരം. വൈകിയെത്തിയ പേടി പങ്കിടാന്‍ ഒരു പെണ്‍കുട്ടി കൂടെ കൂടി. എന്റെ ബസ് പോയോ മോനേ .....? എന്ന മഴയേക്കാള്‍ ഊക്കിലും ഉച്ചത്തിലുമുള്ള എന്റെ ചോദ്യം കേട്ട് അവള്‍ ഓടിപ്പോയത്, ഒറ്റക്ക് നില്‍ക്കുമ്പോള്‍ ഓര്‍ത്തു ചിരിക്കുന്ന രാത്രി അനുഭവങ്ങളില്‍ ഒന്നാണ്. ആരോ പറഞ്ഞു പടച്ച അസമയത്ത് പെണ്ണിന്റെ ഉച്ചത്തില്‍ ഉള്ള വിളിച്ചു ചോദ്യങ്ങള്‍ അസാധാരണവും രോഗവുമായി അവള്‍ക്കു തോന്നിയെങ്കില്‍ നമ്മുടെ രാത്രി നടത്തങ്ങളുടെ ഗതിയും രീതിയും നാം തന്നെ പണിതുവെക്കുന്നതല്ലെ?

കോഴിക്കോടു നിന്നും നാട്ടിലേക്ക് കെ.എസ്.ആര്‍.റ്റി.സി പിടിക്കാനുള്ള ഓട്ടങ്ങളുടെ വേഗത കൂട്ടുന്ന ഇത്തരം കയ്പ്പനുഭവങ്ങള്‍ക്കിടയിലും, പുറത്ത് പഠിക്കുന്ന മകളുടെ കിസ്സ പറഞ്ഞ് ബസ് വരുവോളം കൂട്ടുനിന്ന ബാപ്പയും, പനിച്ചു വിറച്ച് തളര്‍ന്നു വീഴുമെന്നായപ്പോള്‍ കസേരയിട്ടു തന്ന മൊബൈല്‍ ഷോപ്പിലെ  കുഞ്ഞനുജനും ഇരുളിലെ മിനുങ്ങുകളായിരുന്നു.

ഇനി പാതയോരത്ത് ഒരു പെണ്‍നിഴലു കണ്ടാല്‍, ഹോണ്‍ മുഴക്കാതെ, വേഗത കുറക്കാതെ, നിര്‍ത്താതെ വണ്ടികള്‍ ഓടുന്ന നിരത്തിലൂടെ നടക്കണം. അവസാന ബസും പോയിക്കഴിഞ്ഞെന്നറിഞ്ഞാല്‍ ആകാശത്തെ നക്ഷത്രങ്ങള്‍ എണ്ണി നില്‍ക്കണം. നിലാവെട്ടങ്ങളോട് തല്ലു കൂടണം. തപ്പിത്തടഞ്ഞു വീണാല്‍ പൊട്ടിച്ചിരിക്കണം.വൈകിയെത്തുന്നതിനു കാരണം ചോദിക്കാത്ത, നോട്ടം കൊണ്ട് നോവിക്കാത്ത ബോധ തീരങ്ങളിലൂടെ അന്തമില്ലാതെ അലയണം.

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

Follow Us:
Download App:
  • android
  • ios