Asianet News MalayalamAsianet News Malayalam

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

വാക്കുല്‍സവത്തില്‍ ഇന്ന് ഒരു നാടകം. എം യു പ്രവീണ്‍ എഴുതിയ കറുത്ത കോപ്പ 

literature fest Black mug play by MU Praveen
Author
Thiruvananthapuram, First Published Sep 17, 2019, 4:59 PM IST

മലയാള നാടകവേദി കീഴാള രാഷ്ട്രീയം ഉച്ചത്തില്‍ പറഞ്ഞുതുടങ്ങുന്നൊരു കാലത്ത് എഴുതി അരങ്ങിലെത്തിയ നാടകമാണ് 'കറുത്ത കോപ്പ'. 16 വര്‍ഷം മുമ്പ് കോഴിക്കോട്ടായിരുന്നു ആദ്യ അവതരണം. 2003ല്‍ കോഴിക്കോട്ടെ കെ.പി ഗിരിജ, സതീദേവീ എന്നിവരുടെ നേതൃത്വത്തില്‍ താജ് അനുസ്മരണത്തിനാണ് 'കറുത്ത കോപ്പ' ആദ്യമായി  രംഗത്തവതരിപ്പിക്കുന്നത്. അംബുജം സുരാസുവും അപര്‍ണ്ണയും യതീന്ദ്രകുമാറുമായിരുന്നു മുഖ്യവേഷത്തില്‍ അരങ്ങിലെത്തിയത്. നാടകകൃത്തായ എം യു പ്രവീണ്‍ തന്നെയായിരുന്നു സംവിധാനം.  അടുത്ത വര്‍ഷം സതീഷ് കെ സതീഷിന്റെ  സംവിധാനത്തില്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മലയാള നാടക മല്‍സരത്തില്‍ ഈ നാടകം അരങ്ങേറി. അന്ന് മികച്ച നാടകത്തിനും മികച്ച നടിക്കുമുള്ള പുരസ്‌കാരം 'കറുത്ത കോപ്പ' നേടി.

literature fest Black mug play by MU Praveen

 

സമര്‍പ്പണം: എല്ലാവരുടെയും അമ്മുവേട്ത്തിയായ അംബുജം സുരാസുവിന്
.....................................................

കഥാപാത്രങ്ങള്‍

രജനി
ആണ്ടി
ചോയിച്ചി
മാധവന്‍നായര്‍
ഫാദര്‍
ജാനകി
സുബൈദ
കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍
മാധവന്‍നായരുടെ സുഹൃത്തുക്കള്‍
തൂപ്പുകാര്‍

literature fest Black mug play by MU Praveen
Image: Mystic Art \ Pixabay 

 

രംഗം ഒന്ന്

നഗരമധ്യത്തിലെ തൂപ്പുകാരുടെ കോളനിയിലെ ഒരു വീട്ടുമുറ്റം. 

ഒന്നുരണ്ട് തൂപ്പുചൂലുകള്‍ കുത്തനെ ചാരിവെച്ചിരിക്കുന്നു  ഇവിടെ താമസിക്കുന്ന പെന്‍ഷന്‍ പറ്റാറായ തൂപ്പുകാരി ചോയിച്ചിയുടെയും ദിവസക്കൂലിക്ക് അഴുക്കുചാല്‍ വൃത്തിയാക്കലും നായപിടുത്തവുമൊക്കെയായി ജീവിക്കുന്ന ആണ്ടിയുടെയും മകളാണ് രജനി. വീട്ടുമുറ്റത്ത് ഒരു മരമുണ്ട്. അതിന്റെ വിഹ്വലമായ ശാഖകള്‍ വീടിനെ താങ്ങി നിര്‍ത്തുന്നതുപോലെ കെട്ടിപ്പിണഞ്ഞിരിക്കുന്നു. ആണ്ടിയുടെ ശബ്ദകോലാഹലം നിറഞ്ഞ പല്ലുതേപ്പും, വീട്ടിലേക്ക് വെള്ളമെടുക്കുന്ന ടാപ്പും ഈ മരത്തിനടിയിലായതുകൊണ്ട് ഉണങ്ങിപ്പോയ ഈ മരത്തില്‍ എന്നെങ്കിലും ഇലകളോ പൂക്കളോ വരും എന്ന് പ്രതീക്ഷിക്കാം. വീടിനകത്തുനിന്നും   ഇറങ്ങിവന്ന രജനി മുറ്റത്തെ ടാപ്പില്‍ നിന്ന് ഒരിരുമ്പു ബക്കറ്റില്‍ വെള്ളം പിടിക്കുന്നതിനിടയില്‍ എന്തോ ഓര്‍ത്ത് ഇങ്ങനെ പറഞ്ഞു. 

രജനി: ആ ഒരൊറ്റ ദിവസം മുതലാണ് എല്ലാം തകിടം മറിയാന്‍  തുടങ്ങിയത്... രാവിലെ കോളജിലേക്കിറങ്ങിയതായിരുന്നു ഞാന്‍, മാധവന്‍നായരുടെ ചായക്കടയ്ക്കരികിലെത്തിയപ്പോള്‍ എന്നെ തുറിച്ചുനോക്കിക്കൊണ്ട് നില്‍ക്കുന്നു, ഒരു വലിയ ജനക്കൂട്ടം. ഞാന്‍ കടന്നുപോയപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ടുപറഞ്ഞു. ദേ അണ്ടിതോമസിന്റെ മോള്  പോണെടാ..., ഞാന്‍ ബസ് സ്‌റ്റോപ്പുവരെ ഓടി, പിന്നെ കോളജിലേക്കുള്ള കുന്ന് നടന്നുകേറി രാഹുലിനരികിലെത്തി. കണ്ടപാടെ അവന്‍ പറഞ്ഞത് ബീ പ്രാക്ടിക്കല്‍ എന്നാ. അങ്ങിനെ നിറം കണ്ടിട്ടെന്നെ പ്രേമിക്കാന്‍ വന്നവന്‍ ജാതീടെ നെറം അറിഞ്ഞപ്പം ഓടിപ്പോയി.  പക്ഷെ, എനിക്കിപ്പോഴും അവന്റെ സാഹിത്യം ഓര്‍മ്മണ്ട്.

'നഗരത്തിന്റ വിശുദ്ധമായ ചവറ്റുകൂനയില്‍ നിന്നും ഞാന്‍ നിന്നെ കണ്ടെത്തി. നീ മുഴുമിപ്പിക്കാനാവാത്ത ഒരു നിശ്വാസംപോലെയാണ്. വസന്തകാലംപോലെ ജ്വലിക്കുന്ന ഒരു കറുത്ത നിലാവാണു രജനീ നീ'. ന്ന്റ്റ്പ്പം എന്തായി. ആങ്കുട്ടികളാച്ചാ ധൈര്യം വേണം, നല്ല ചങ്കൊറപ്പുള്ള ധൈര്യം! ന്നാലും എത്ര എളുപ്പാ ഓന്‍ പറഞ്ഞത്. ബീ പ്രാക്ടിക്കല്‍ ന്ന്,  എരപ്പ്.. ! അതിനു ശേഷമാണ് ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയത്. പിന്നീടുള്ള ഞങ്ങളുടെ ജീവിതത്തില്‍ പൊടുന്നനെ നരകത്തില്‍ നിന്ന് ആരോ പറത്തിവിട്ട കടും ചാരനിറത്തിലുള്ള ഒരു തുണി പടര്‍ന്നുവീണു. ശേഷം അതിനകത്തായി ഞങ്ങളുടെ ജീവിതം.  ഞാനും അമ്മയും അച്ഛനും, ഞങ്ങളെപ്പോലുള്ള ഒരുപാടുപേരുണ്ടായിരുന്നു അവിടെ! പുറംലോകം നിറയെ വെളിച്ചമാണ്. ഞങ്ങളുടെ ലോകത്ത് എന്നും ചാരനിറം മാത്രം.  ഇന്നിപ്പോ ആവശ്യമുള്ളവര്‍ക്ക് പുറംലോകത്തു നിന്നും വെളിച്ചം വിലയ്ക്ക്വാങ്ങാന്‍ കിട്ടും. ഞങ്ങക്കും ണ്ട് പ്പം ഒര് ബള്‍ബ്.! പിന്നെ മാസാമാസം പൈസ അടച്ചില്ലേല് അവര്‍ ആള്‍ക്കാരുമായി വന്ന് വെളിച്ചത്തിലേക്കുള്ള ഞങ്ങളുടെ കണക്ഷന്‍ മുറിച്ചുകളയും !

ഇതിനിടയില്‍ നഗരം തൂത്തുകഴിഞ്ഞ് രാവിലെ വീട്ടിലെത്തുന്ന ചോയിച്ചിയും ചില സുഹൃത്തുക്കളും, ചിലര്‍ ചൂലുകള്‍ അങ്ങിങ്ങ് ചാരി നിര്‍ത്തുന്നു. ഇവര്‍ക്കിടയിലൂടെ മുറ്റത്തെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത് പല്ലുതേച്ച് സന്തോഷത്തോടെ അകത്തേക്ക് കയറിപ്പോകുന്ന ആണ്ടി. ഇരുമ്പുബക്കറ്റില്‍ രജനി വസ്ത്രങ്ങള്‍ മുക്കിപ്പിഴിഞ്ഞ് തോരാനിടുന്നു. ചിലര്‍ അങ്ങിങ്ങായി ഇരിക്കുന്നു. അകത്തേക്ക് കയറിപ്പോയ ആണ്ടി നിറയെ പൂക്കളുള്ള ഒരു കുപ്പായവും പാന്റുമണിഞ്ഞ് വരുന്നു. ചോയിച്ചിയും സുഹൃത്തുക്കളും ആണ്ടിയുടെ ഈ വേഷംകണ്ട് അത്ഭുതപ്പെട്ടു. അവര്‍ക്കിടയിലൂടെ ആണ്ടി തെരുവിലേക്കിറങ്ങിപ്പോയി.

ചോയിച്ചിയുടെ സുഹൃത്ത് ജാനകി : ഇന്നലെ പൈസ കൊറേ കിട്ട്യോ? 

ചോയിച്ചി : നെനക്ക് എന്താ ജാനക്യേ. പൈസേന്റെ കാര്യൊന്നും ഇനിക്ക് അറഞ്ഞൂടാ. ന്നാലും എന്തോ കിട്ടീറ്റ്ണ്ട്. അത് തന്നെപ്പം കുപ്പായോം കളസോം ഒക്കെ വാങ്ങിതീര്‍ത്ത്ല്ലേ...

ജാനകി : പേര് മാറ്റ്യോ....

ചോയിച്ചി : (തൂപ്പ്ചൂല്‍ വൃത്തിയാക്കുന്നു) ഞങ്ങളൊന്നും മാറ്റീല്ല.. മൂപ്പ്ര് എന്തോ പുതിയ പേര് ഇട്ട്ണ്ട്.

രജനി : തോമസ് ! നല്ലപേരാമ്മേ...

ചോയിച്ചി : യ്യ് പോയിക്കോ രജന്യേ.. നല്ല പേര്, ന്നക്കൊണ്ടൊന്നും പറേപ്പിക്കണ്ട ! (രജനി അകത്തേക്ക് കയറിപ്പോകുന്നു)

ചോയിച്ചി : പൈസക്ക് വേണ്ടീറ്റല്ല ജാനക്യേ, ഒര് സമാധാനം ണ്ടാവുംന്ന് വിചാരിച്ചിറ്റാ..

രജനി അകത്തുനിന്നും ഒരു ബാഗുമായി കോളജിലേക്ക് ഇറങ്ങുന്നു.

രജനി : അമ്മേ ഞാന്‍ പോണ്, ജാനകേച്ച്യേ, പോയിറ്റ് വരാ... (രജനി പോകുന്നു)

ജാനകി : ഓള് പഠിച്ച് വല്യആളാകൂന്ന് !

ചോയിച്ചി : ആയാ മതിയായിരുന്നു... ഇങ്ങനെ ജീവിച്ച് മട്ത്ത് ജാനക്യേ... എത്ര കാലംന്ന് വെച്ചിറ്റാ, ങ്ങനെ തീട്ടോം കഫോം കോര്വാ ! (ആരും ഒന്നും മിണ്ടുന്നില്ല. കഷ്ടപ്പാടുകള്‍ പരിക്കേല്‍പ്പിച്ച ജാനകിയുടെ മുഖം താണു

ചോയിച്ചി : ഒര് ദെവസം മ്മളത് കോരീല്ലേല്... ഈ നാട് ഒറങ്ങൂലാ. ന്ന്റ്റ് മ്മള് കെടക്ക്ന്നത് എവിട്യാ ജാനക്യേ?

ജാനകി : ചോയ്ച്ചേടത്ത്യേ. അടിച്ചോരാന്‍ മാത്രം അല്ലേലോ, അടിക്കാനും കൂടള്ളതല്ലേ മ്മളെ ചൂല് !

സുബൈദ : അടിക്കാനങ്ങോട്ട് ചെന്നാമതി ഇന്ന് ഇനിക്ക് കിട്ട്വായിനും അടി.

ജാനകി : അതെന്താ മോളേ യ്യ് അങ്ങനെ പറഞ്ഞത് ?

ചോയിച്ചി : വിട് ജാനക്യേ....അത് ന്ന് രാവിലത്തെ പ്രശ്നാ..പോലീസാര് ഒടക്കാന്‍ വന്നത്.

ജാനകി : ങ്ങള് കാര്യം പറാന്ന്.

ചോയിച്ചി : (ജാനകിയുടെ ചെവിയിലെന്തോ പറയുന്നു) ഇത്പ്പം നായിന്റേം, പൂച്ചേന്റേം എങ്ങാനും ആണോ?

ജാനകി : കേസ് കൊട്ക്കണം ചോയിച്ചേടത്ത്യേ..

ചോയിച്ചി : ആര്ക്ക് കൊടുക്കും ? (ജാനകി ആലോചിക്കുന്നു ഉത്തരം കിട്ടുന്നില്ല)

ജാനകി : അതും ശര്യാ.. ന്നാലും ഒരു പച്ചപ്പെണ്ണിനെ കൊന്ന് ഓടേല് തള്ളീന്ന് പറേമ്പം.... പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടോയതല്ലേ...എനിക്കൊന്ന് കാണണം ഓളെ,

ചോയിച്ചി : ന്നാപിന്നെ ങ്ങളെല്ലാം പോയിക്കോളീ... ഞാന്‍ ജാനക്യായ്ററ് കൊറച്ച് വര്‍ത്താനം പറയട്ടെ. സുബൈദേ യ്യ് നിക്ക്. 

(സുഹൃത്തുക്കള്‍ പിരിഞ്ഞുപോകുന്നു)

ചോയിച്ചി : അത് വേറ്യെന്തോ വല്യ കേസാ ജാനക്യേ... ആ പെണ്ണിന്റെ കയ്യില് പോലീസാര് എന്തോ തിരികിവെക്കുമ്പഴാ സുബൈദ അത് കാണുന്നത്.

ജാനകി : എന്തായിനും സുബൈദേ അത്?

സുബൈദ : തോക്ക് 
 
എല്ലാവരിലും നേരിയ ഭയം പരക്കുന്നു. ഇരുളടയുന്നു. ഇരുട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കവിത.

'രാത്രി ഞങ്ങളുടെ മേല്‍ മൂര്‍ച്ചയേറിയ മഴച്ചില്ലുകള്‍ വര്‍ഷിച്ചു. 
ഞങ്ങള്‍ ബലിക്കല്ലിലെ നിസ്സഹായയായ ഒരു ചെമ്മരിയാടിനെപ്പോലെ രക്തമൊലിപ്പിച്ചു കൊണ്ടേയിരുന്നു. 
അവര്‍ വീണ്ടും വീണ്ടും ഞങ്ങളെ ശിക്ഷിച്ചു. 
നെല്‍പ്പാടങ്ങള്‍ വിളയാത്തതിനും പൈക്കള്‍ അകിട് ചുരത്താത്തതിനും. 
ചമ്മട്ടികള്‍ ഞങ്ങളുടെ മുറിവുകളില്‍ ഒട്ടിച്ചേര്‍ന്നു. 
തെരുവുകളില്‍ ഒരു ഗന്ധം മാത്രം ബാക്കിയായി. 
കുത്തിത്തുളച്ചിറങ്ങി ഓക്കാനം വരുത്തുന്ന ഞങ്ങളുടെ മാംസത്തിന്റെ  ഒരിതള്‍'' ! 

 

....................................................................................

അതും ശര്യാ... ന്നാലും ഒരു പച്ചപ്പെണ്ണിനെ കൊന്ന് ഓടേല് തള്ളീന്ന് പറേമ്പം... പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടോയതല്ലേ...എനിക്കൊന്ന് കാണണം ഓളെ,

literature fest Black mug play by MU Praveen


 

രംഗം രണ്ട്  

മാധവന്‍നായരുടെ ചായക്കട

പുതിയ വസ്ത്രമണിഞ്ഞ് മാധവന്‍നായരുടെ ചായക്കടയിലെത്തിയ ആണ്ടി.  ആളുകള്‍ ആണ്ടിയെ കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും പെട്ടെന്ന് കൂട്ടച്ചിരിയുയര്‍ന്നു. ഒരോരുത്തരും തങ്ങള്‍ക്കാവുന്നവിധം ആണ്ടിയെ കളിയാക്കിചിരിക്കുകയാണ്. ഒടുവില്‍ സഹികെട്ട് ആണ്ടി ഇങ്ങിനെ അലറി...

ആണ്ടി : ആണ്ടി ! ആണ്ടി തോമസ്സ് ! നായരെ ചായ താ, അതും, നല്ല ചില്ലുഗ്ലാസില്!

ചുറ്റും പടര്‍ന്ന നിശബ്ദതയ്ക്കുള്ളിലൂടെ നായര്‍ ചായയുമായി വന്നു.

എന്നാല്‍ നായരുടെ കയ്യില്‍ ചില്ലുഗ്ലാസിനുപകരം ഒരു കറുത്ത കോപ്പയായിരുന്നു... 

പൊടുന്നനെ നേരത്തെ ചിരി നിര്‍ത്തിയ ചായകുടിക്കാനെത്തിയവര്‍ ആര്‍ത്തുചിരിച്ചു...

നായര്‍ ആണ്ടിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ച് ഇങ്ങനെ പറഞ്ഞു...

നായര്‍ : പറേമ്മാര് ഇപ്പഴും ഇക്കോപ്പേല് കുടിച്ചാമതി... ചില്ലുഗ്ലാസിന് സമയം വര്മ്പം ഞങ്ങള് പറയും.... മനസ്സിലായോ അണ്ടിതോമസ്സേ. 

(ആണ്ടി പുറത്തേക്ക് വലിച്ചുതള്ളപ്പെട്ടു).

തിരിച്ച് അകത്തേക്ക് നടക്കുന്നതിനിടയില്‍ നായര്‍:  ഒന്റെമ്മേന്റ ചില്ല്ഗ്ലാസ്..

ആളുകള്‍ ഉറക്കെ ചിരിച്ചു.

നായര്‍ : (ശബ്ദം താഴ്ത്തി അവരോട് ഭീഷണിയുടെ സ്വരത്തില്‍) മിണ്ടാണ്ടിരുന്ന് ചായേം കുടിച്ച് പോയിക്കോണം... മ്മക്ക് തന്നെ ഈ ചില്ല്ഗ്ലാസ് കിട്ടാന്‍ കാലം കൊറേ പിടിച്ചതാ. 

(വികെഎന്‍ ഭാഷയില്‍ നായര്‍ ഇങ്ങിനെ പറഞ്ഞ്നിര്‍ത്തിയതും ചുറ്റും നിശ്ശബ്ദത നിറഞ്ഞു)

 

....................................................................................

മലത്തിന്റെ ചെളിയുടെയും കൊഴുപ്പടിഞ്ഞു മൂടിയ പെരുങ്കുഴിയിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഞങ്ങള്‍ തീട്ടം കോരികള്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ.  ജീവനോടെ പൊരേപ്പോണേന്ന്.

literature fest Black mug play by MU Praveen

Image: Pixabay


രംഗം മൂന്ന്

രജനിയുടെ വീട്

അന്നുരാത്രി ആവശ്യത്തിലധികം മദ്യപിച്ച് വീട്ടിലെത്തിയ ആണ്ടിയോടൊപ്പം നഗരത്തില്‍ എവിടുന്നോ കിട്ടിയ ഒരു പട്ടിക്കുഞ്ഞും ഉണ്ടായിരുന്നു. പള്ളിയിലെ അച്ചന്‍ മകളോടും ഭാര്യയോടുമൊപ്പം ഉമ്മറത്തെ ഒറ്റ ബള്‍ബിന്‍ വെളിച്ചത്തില്‍ ഒരു കാലന്‍കുടയും പിടിച്ച് നില്‍പ്പുണ്ടായിരുന്നു. ആണ്ടി നായക്കുഞ്ഞിനെ മരത്തില്‍ കെട്ടി.

ആണ്ടി : ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കണം

ഫാദര്‍ : ഓ ആയിക്കോട്ടെ, പിന്നെ ആണ്ടീ, അതൊന്നും പറയാറായിട്ടില്ല നീ, ഞാന്‍തന്ന ബൈബിള്‍ ഇരുന്ന് വായിച്ച് പഠിച്ച് ഞാന്‍ നടത്തുന്ന പരീക്ഷയില്‍ ഉത്തരം പറഞ്ഞാലെ അങ്ങനെ പറയാനാവൂ...

ആണ്ടി : ഇനി അതുംണ്ടോ. പരീക്ഷ ഒന്നും എഴുതാന്‍ ന്നെക്കൊണ്ട് പറ്റൂലച്ചോ. 

ഫാദര്‍ : എങ്കില്‍പ്പിന്നെ കാര്യങ്ങള്‍ ആണ്ടിക്കും കുടുംബത്തിനും അത്ര എളുപ്പമായിരിക്കില്ല..

(തന്റെ ഇരുപുറവും നിന്ന രജനിയെയും ചോയിച്ചിയേയും ഫാദര്‍ മാറിമാറി നോക്കി)

ആണ്ടി : ഇങ്ങളെ മതത്തില് കൂട്യാ ചില്ല് ഗ്ലാസില് ചായ കുടിക്കാന്ന്, ഇന്നാട്ട്കാര് മുഴുവന്‍ പറഞ്ഞത് കൊണ്ടാ ഞാന്‍ മതം മാറ്യേത്.

ഫാദര്‍ : ചില്ല് ഗ്ലാസില് ചായ കിട്ടും. അതിന് നീ കൊറച്ച് സാവകാശം താ. ഏതാണ്ട് സമയമാകുമ്പം ഞാന്‍ പറയാ..

ആണ്ടി : ഇത് തന്ന്യാണ് അച്ചോ, മാധവന്‍നായരും പറേണത്. സമയമാകുമ്പം ഓര് പറയൂന്ന് !

ഫാദര്‍ : അവര് പറയുന്നതല്ല ഞങ്ങള്‍ പറയുന്നത്, തീര്‍ത്തും വിഭിന്നവും മികച്ചതുമായ ചില സാമൂഹ്യ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് തരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും.. ആണ്ടിതന്നെ ഒന്നോര്‍ത്തുനോക്കൂ... മാധവന്‍നായരും സംഘവും നിങ്ങളെ കബളിപ്പിക്കുകയാണ്. മനോഹരമായ ചില്ലുഗ്ലാസിലൊരു ചായ. ഇതുംപറഞ്ഞ് കാലം കുറേ ആയില്ലേ അവര് നിങ്ങളെ പറ്റിക്കുന്നു... ഞങ്ങളാവശ്യപ്പെടുന്നത് കുറച്ചുസമയം മാത്രം.

(ചോയിച്ചിയോടും രജനിയോടുമായി)

ഫാദര്‍ : അല്‍പ്പം കാത്തിരുന്നാല്‍ അരമനവരെ എത്താം നിങ്ങള്‍ക്കും.

ആണ്ടി :   കാത്തിരിക്കാനൊന്നും പറ്റില്ലച്ചോ. ആണ്ടി കാലം കുറെ കാത്തിരുന്നതാ... അച്ചന്‍ വെള്ളന്റെ കാലോം, വെള്ളന്റെ അച്ഛന്‍ മൂത്തോറന്റെ കാലോം ആണ്ടിക്ക് നല്ല ഓര്‍മ്മണ്ട്... അച്ചോ...നിങ്ങളൊക്കെ നായന്മാരും, കമ്മമ്മാരും തന്ന്യാ... കുപ്പായം മാറീന്നേ ഉള്ളൂ!

ഫാദര്‍ : യഥാര്‍ത്ഥത്തില്‍ എനിക്ക് നിങ്ങളോട് സഹതാപമാണ്  തോന്നുന്നത്. ഒറ്റ ദിവസംകൊണ്ടെങ്ങനെ കാര്യങ്ങള്‍ മാറും?

ആണ്ടി : അച്ചന്‍ ഇപ്പം പോ, ആണ്ടീന്റെ മുറ്റത്ത് ഇനി കണ്ടുപോകരുത്. കാത്തിരിക്കണംപോലും... അച്ചോ....ആണ്ടീ നൂറ്റാണ്ടുകളായി കാത്തിരിക്ക്യാ നിങ്ങള് ഒരൊറ്റയാളെ വാക്ക് കേട്ടിട്ടാ ആണ്ടി ഇന്ന് മാധവന്‍നായരെ കടേല് ചായകുടിക്കാന്‍ പോയത്, കണ്ടോ പുതിയ കുപ്പായോം വാങ്ങി. എന്നിട്ടും അതേ കളിയാക്കല്‍. അതോണ്ട് മാഞ്ഞാളം പറഞ്ഞ് നിക്കാണ്ട് പോയിക്കോണം...പോകുമ്പം ദാ ഇതുകൂടെ കൊണ്ടോയിക്കോ (കഴുത്തിലിട്ട കൊന്ത ഊരി ഫാദറിനു കൊടുക്കുന്നു) ചില്ലു ഗ്ലാസില് ചായ കിട്ടാത്ത മതം അത് ഏതായാലും ആണ്ടിക്ക് വേണ്ടച്ചോ.

(ഫാദര്‍ ആണ്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിനോക്കി, ഇറങ്ങിപ്പോകുന്നു)

ആണ്ടി ഭാര്യയേയും മകളേയും മാറിമാറിനോക്കി. അവര്‍ കൊന്തകള്‍ ഊരി ആണ്ടിക്ക് കൊടുക്കുന്നു. ആണ്ടി ഫാദര്‍ പോയ വഴി അതും വലിച്ചെറിയുന്നു. 

ആണ്ടി : (ചോയിച്ചിയോട് ഉറക്കെ) പിക്ക്ന് പൊറ്മ എരക്ക്ന്ന് ചോയിച്ച്യേ.... മോളന്തിനിക്കാണ്ട്ച്ചിരി തണൂരും കോടഞ്ചൂയി പുയ്ങ്ങ്യേതും താ... മത്തിക്കറിണ്ടേല് അതും എടുത്തോ....ഇനിക്കിന്നിത്തിരി ചള്മ്പടിക്കണം.! *

(ഇത് കേട്ട് രജനിക്ക് ചിരി വരുന്നു)

ആണ്ടി : കൊപ്പരക്കാണ്ട് ഉള്ള്ല് പോട് പെണ്ണേ, ഒടമ്പ്ക്കോല്ന് മേക്കും  ഞാന്‍ ആ! *

ചോയിച്ചി രജനിയേയും കൂട്ടി അകത്തേക്ക് പോകുന്നു. രജനി ഒരു പാത്രത്തില്‍ ചോറും പുഴുങ്ങിയ കപ്പയും ചില്ലുഗ്ലാസില്‍ വെള്ളവുമായി വന്ന് അച്ഛന്‍ സ്ഥിരമായിരിക്കാറുള്ള മുറ്റത്തെ മരത്തിനടിയില്‍ കൊണ്ടുവെച്ചു.

ആണ്ടി : അച്ഛനോട് ക്ഷമിക്ക് മോളേ, വെഷമം വന്നപ്പം ഓരോന്ന് പറഞ്ഞ്പോയതാ. 

മരക്കൊമ്പില്‍ തൂക്കിയിട്ട നായ പിടിത്തത്തിന് ഉപയോഗിക്കുന്ന ചില ഉപകരണങ്ങളില്‍ അക്ഷ്യമായി തൊട്ടുനോക്കിക്കൊണ്ടുനിന്ന രജനി ഇതുകേട്ട്.

രജനി : അച്ഛാ, ഇപ്പം നമുക്ക് വീട്ട്ന്നെങ്കിലും കുടിച്ചൂടേ ചില്ല്ഗ്ലാസില്... അതാരും ചോദിക്കാന്‍ വരൂലേലോ..

രജനി മരക്കൊമ്പ് മെല്ലെ കുലുക്കി അകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ മരക്കൊമ്പുകളില്‍നിന്നും ഇല്ലാത്ത പൂവുകള്‍ മുറ്റംനിറയെ പെയ്തു! 

മകള്‍ അച്ഛനെ നോക്കി അകത്തേക്ക് കയറിപ്പോയി. ചോയിച്ചി കോലായിലെ ഒറ്റബള്‍ബിന്‍ വെളിച്ചത്തില്‍ കയ്യിലൊരുപാത്രം ചോറുമായിവന്നിരുന്നു. ആണ്ടി മദ്യപിക്കുകയും ഒടുവില്‍ മരത്തെ നോക്കി ഇങ്ങനെ പാടാന്‍ തുടങ്ങുകയും ചെയ്തു. 

ആണ്ടി : ഇങ്ങനിരുന്നോടാ
ചിരിച്ചോണ്ടിരുന്നോടാ
ഞാന്‍ ചാകുമ്പം ചിത കൂട്ടാന്‍ 
ചിതല്‍ തിന്നൊരു ചില്ലതാടാ
ഇങ്ങനിരുന്നോടീ കരഞ്ഞോണ്ടിരുന്നോടീ
ഞാന്‍ ചാകുമ്പം
തല ചായ്ക്കാനൊരു 
മടി താടീ ചോയിച്ചീ.

പാട്ടുപാടി ആണ്ടി ഉറങ്ങിപ്പോയി. ചോയിച്ചി ലൈറ്റ് ഓഫാക്കി അകത്തേക്ക് പോയി. ഇരുളില്‍ ആണ്ടിയുടെ സ്വപ്നങ്ങളില്‍ എ.കെ.ജി.യുടെ ശബ്ദം മുഴങ്ങി. 

ശബ്ദം : ജാതിവിവേചനത്തിനെതിരെ, അയിത്തത്തിനെതിരെ, അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും പറഞ്ഞതുപോലെ....നമ്മളൊന്നിച്ച് പോരാടേണ്ടിയിരിക്കുന്നു....ഈ ക്ഷേത്രപ്രവേശന സത്യാഗ്രഹസമരം... 

സ്വപ്നത്തില്‍ നിന്നും എ.കെ.ജി.യുടെ ശബ്ദം ആണ്ടിയുടെ ഉറക്കത്തിലേക്ക് വഴുതിവീണു. 

പിന്നീടെപ്പോഴോ നായ കുരച്ചത് കേട്ട് ആണ്ടി ഉണര്‍ന്നു. വേഷം മാറിയിട്ടുണ്ട്, കാലവും, സ്ഥലത്തിനുമാത്രം എടുത്തുപറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വീടിന്റെ ഒരു ചുമരിന് മാറ്റം നിറം മാറിയിട്ടുണ്ട്. ബള്‍ബിനുപകരം ഇപ്പോള്‍ ട്യൂബ്ലൈറ്റാണ്. മുറ്റത്തെ മരത്തിനരികില്‍ ആണ്ടിക്ക് ഇരിക്കാനൊരു മരക്കസേരയുണ്ട്. ആണ്ടി പതിയെ എഴുന്നേറ്റ് കസേരയില്‍ ഇരുന്നു.

ആണ്ടി : ചെലദിവസം ഞാനങ്ങനാ, വായില് തോന്ന്യേതൊക്കെ വിളിച്ചുപറയും... പക്ഷേ ഇപ്പം കാര്യങ്ങള് കോറേ മാറ്റീറ്റ്ണ്ട്..ദാ, ന്റെ കുപ്പായോം മാറി, മാധവന്‍നായരുടെ ചായപീട്യേം മാറി. ചില്ല് ഗ്ലാസില് ചായേം കിട്ടും. പക്ഷേ പൊറകിലൂടെ പോണംന്ന് മാത്രം. നായര്ക്ക് ഇപ്പം വല്യ പ്രശ്ന്നൊന്നും ഇല്ലേലും ചായ കുടിക്കാന്‍ വരുന്നോരക്ക് ഒര്, ദ്...വേണ്ടാന്ന് വെച്ച്റ്റാ, ഞങ്ങളീ ഓട കോരി വര്വല്ലേ, അതുകൊണ്ട് അവര്‍ക്ക് ഒരു ബുദ്ധിമുട്ട് വേണ്ടല്ലോന്ന് കര്തി മാത്രം. മലത്തിന്റെ ചെളിയുടെയും കൊഴുപ്പടിഞ്ഞു മൂടിയ പെരുങ്കുഴിയിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഞങ്ങള്‍ തീട്ടം കോരികള്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ.  ജീവനോടെ പൊരേപ്പോണേന്ന്. നരകത്തിലേക്കുള്ള വഴിപോലെ അതിങ്ങനെ വാപിളര്‍ന്ന് കെടക്കും. പക്ഷേ, കൈവിട്ട്പോണ ചെല ദെവസംണ്ട് അന്ന് ഇയ്യാണ്ടീന്റെ   ഞരമ്പുകള് ഇങ്ങനെ കെടന്ന് വലിയാന്‍ തൊടങ്ങും അന്നേരം ആണ്ടിക്കൊര് ചെന്നായേന്റെ ചൂരാ.... അന്ന് രാത്രി   നല്ലൊരു നെലാവ് വരണം.  ന്നിട്ട് ആ നിലാവിന്റെ വെളിച്ചത്തില്‍ ഞാനിങ്ങനെ വിളിച്ച് പറയും.... 

(ആണ്ടി എന്തോ പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ശബ്ദം ഉയര്‍ത്താന്‍ പറ്റുന്നില്ല.  ആണ്ടിക്കൊന്നും വിളിച്ചുപറയാന്‍ ആവുന്നില്ല. പട്ടിമോങ്ങുന്നതുപോലെ വളരെ പതിയെ വികൃതമായ ശബ്ദത്തില്‍ ഒന്നുരണ്ടുതവണ മോങ്ങിയ ആണ്ടി ആ രാത്രിയില്‍തന്നെ തന്റെ ഓടവൃത്തിയാക്കുന്ന തൂമ്പയും നായയെ പിടിക്കുന്ന ഒരു കൊളുത്തുമായി എങ്ങോട്ടോ ഇറങ്ങിപ്പോയി.

ഇരുണ്ട രംഗത്തിലൂടെ നിയോണ്‍ ടോര്‍ച്ചുകളുമായി വന്ന ചിലര്‍  വീട്ടുവാതിലുകളിലും പരസ്യം പതിക്കാവുന്ന സകലയിടത്തും നോട്ടീസുകള്‍ ഒട്ടിച്ചുകൊണ്ടിരുന്നു.

ഇരുളില്‍ നിന്ന് കവിത മുഴങ്ങി.

അവര്‍ ഞങ്ങളുടെ ശിരസറുത്ത് 
കുന്തത്തില്‍ കുത്തിനിര്‍ത്തി. 
കുറച്ചുനേരം കഴിഞ്ഞ് രക്തംകലര്‍ന്ന 
ഒരുവലിയ കഫക്കട്ടപോലെ 
ഞങ്ങള്‍ ഒലിച്ചിറങ്ങി താഴേക്ക് പതിച്ചു...
ആരൊക്കെയോ ഞങ്ങളുടെ തുറന്ന വായിലേക്ക് 
കറുത്ത കോപ്പകളില്‍ ചെളിവെള്ളം ഒഴിച്ചുതന്നു... 
മുറിഞ്ഞ കഴുത്തുകളിലൂടെ 
അത് മണ്ണിലേക്കുതന്നെ ഒഴുകിച്ചേര്‍ന്നു..

 

....................................................................................

നി മേലാ ചോയീച്ചീന്റെ പൊരേല് കേറ്യാ ആ കാല് ഞാന്‍ വെട്ടും..., തീട്ടം കോര്ന്ന കയ്യാ... ജീവിതകാലം മുഴുവനും നാറ്റം മാറൂല്ല.

literature fest Black mug play by MU Praveen

Image: nonmisvegliate / Pixabay 
 

രംഗം നാല്
ചോയിച്ചി രാവിലെ പണിക്കുപോകാനിറങ്ങുമ്പോഴാണ് മുറ്റത്തെ മരച്ചുവട്ടില്‍ ഇരിക്കുന്ന രജനിയെ കാണുന്നത്.

ചോയിച്ചി : മോളേ,

(രജനി ഒന്നും മിണ്ടുന്നില്ല)

ചോയിച്ചി : രജന്യേ, യ്യെന്താ ഒന്നും മിണ്ടാത്തത്. രജന്യേ!

രജനി വീണ്ടും നിശ്ശബ്ദയായി ഇരിക്കുകയാണ്.

ചോയിച്ചി : എന്തെങ്കിലും ഒന്ന് പറയ്യ് മോളേ, 

രജനി ഒന്നുംമിണ്ടാതെ നോട്ടീസുകളിലേക്ക് കൈചൂണ്ടുന്നു. ചുമരിലും മറ്റുമായി ഒട്ടിച്ച നോട്ടീസുകള്‍ വായിക്കുന്ന ചോയിച്ചിയും പിന്നീട് ഒന്നും മിണ്ടാതെ തന്റെ തൂപ്പുചൂലുകള്‍ രണ്ടെണ്ണം ഒരായുധംപോലെ ചേര്‍ത്തുകെട്ടുന്നു. പിന്നീട് അതുമായി ഉമ്മറത്ത് കാവലിരുന്നു.

രജനി : പണ്ട് ഞാന്‍ വിചാരിക്ക്യായ്നും ഈ ഭൂമി മുഴുക്കനെ മ്മളേതാന്ന്.... ഇത്പ്പം ഏഴ്ദെവസം കഴിഞ്ഞാ ഈ വീടുപോലും മ്മളേതല്ലാന്ന് വെച്ചാ...

(ചോയിച്ചി ഒന്നും മിണ്ടുന്നില്ല)

ഒരുപോള കണ്ണടച്ചിറ്റില്ല ഇന്നലെ.... മുറ്റം മുഴുവന്‍ അപരിചിതരുടെ കാല്‍പെരുമാറ്റങ്ങളായിരുന്നു. (അമ്മയോട്) അമ്മ കേള്‍ക്കുന്നുണ്ടോ. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരാന്ന് ഇന്ന് നേരം വെളുത്ത്പ്പഴാ മനസ്സിലായത്...

ചോയിച്ചി : ഇതൊക്കെ ശരിയാണോ മോളേ?

രജനി : വെറുതെ ആരെങ്കിലും നോട്ടീസൊട്ടിക്ക്യോ അമ്മേ, അതും കോര്‍പ്പറേഷന്റെ നോട്ടീസ്...

ചോയിച്ചി : ഏഴ് ദിവസത്തിനുള്ളില് സ്ഥലം മാറണംന്നൊക്കെ പറഞ്ഞാല്?

കയ്യിലൊരുനോട്ടീസുമായി ഇവിടേക്ക് ഓടിയെത്തുന്ന ജാനകി ഇവരെ കണ്ട് ഒന്നും മിണ്ടാതെ ഒരിടത്തിരിക്കുന്നു. ജാനകിയുടെ കയ്യില്‍ നിന്ന് പാറിപ്പോകുന്ന നോട്ടീസ്.

ജാനകി : ഞെളിയന്‍ പറമ്പിലേക്കാ പുനരധിവാസം.

രജനി : പുനരധിവാസല്ല ജാനക്യേച്ച്യേ, നാടുകടത്തലാ.

ജാനകി : അവിടെ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചുതരുന്ന താല്‍ക്കാലിക ഷെഡുകളിലേക്ക് താമസം മാറണംപോലും

ചോയിച്ചി : നിന്നോടാരാ ഈ വിവരം പറഞ്ഞത്.

ജാനകി : കോര്‍പ്പറേഷന്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില് കാര്യങ്ങളെല്ലാം വിശദമാക്കിയിട്ടുണ്ട്. അടുത്തമാസം മുതല്‍ നഗരശുചീകരണത്തിന്റെ ചുമതല ഏതോ ഒരു കമ്പനിക്ക് നല്കാന്‍ തീരുമാനമായീന്ന്..

രജനി : അപ്പോ എല്ലാം മുന്‍കൂട്ടി തീരുമാനമായിരുന്നു. ന്ന്റ്റ് മ്മളെമാത്രം ഒന്നുമറിയിച്ചില്ല. ഒടുവില്‍ ഒരര്‍ദ്ധരാത്രി വന്ന് നോട്ടീസും പതിച്ച് എറങ്ങിപ്പോണംന്ന് പറഞ്ഞാ, ജാനക്യേച്ച്യേ

ഒന്നുരണ്ടു സ്ത്രീകള്‍ ചൂലുമായി ഇവിടെയെത്തി ഒന്നും മിണ്ടാതെ ഒരിടത്തിരിക്കുന്നു. അവര്‍ക്കുപിന്നാലെ പലപ്പോഴായി നിരവധി സ്ത്രീകള്‍ വീട്ടുമുറ്റത്ത് വന്നുചേരുന്നു...

രജനി ഇവരോടെന്തോ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ രജനിയുടെ വീടിനകത്തുനിന്നും അപ്രതീക്ഷിതമായി ഇറങ്ങിവരുന്ന മാധവന്‍നായരും സംഘവും.

മാധവന്‍നായര്‍ : നമസ്‌കാരം. എല്ലാവരുംണ്ടല്ലോ. 

രജനി : നിങ്ങളോടാരാ വീട്ടിനകത്ത് കേറാന്‍ പറഞ്ഞത്?

ചോയിച്ചി : മാധവന്‍നായരെ ഇത് ശരില്യാട്ടോ...

നായര്‍: ചൂടാവല്ലേ, ചോയിച്ചീ, ഞങ്ങളിവിടെ എത്തിയപ്പോള്‍ നിങ്ങളെല്ലാരും മുറ്റത്ത് നില്‍ക്കുന്നതുകണ്ടു, പിന്നെ ബുദ്ധിമുട്ടിക്കണ്ടല്ലോന്ന് കരുതി ഞങ്ങള്‍ പുറകുവശത്തുകൂടെ അകത്ത് കേറീന്ന് മാത്രം. മരപ്പണി വല്ലതുണ്ടോന്ന് നോക്കണംല്ലോ, പിന്നെ എല്ലാരെ വീട്ടിലേക്കും ആള്‍ക്കാര് പോയിറ്റ്ണ്ട്. ഈ വീടുകളൊക്കെ പൊളിക്കാനുള്ള കോണ്‍ട്രാക്ട്് എടുത്തതോണ്ടുള്ള ചില ഫോര്‍മാലിറ്റീസ് മാത്രം. ചായകച്ചോടം കൊണ്ടോന്നും ഇപ്പം ഒര് കാര്യോംല്ലാന്ന്...! (എല്ലാവരിലും ഭീതി പരക്കുന്നു) പിന്നെ നമ്മള്‍ തമ്മിലുള്ള ഒരിപ്പുവശം വെച്ച് എനിക്കൊരു കാര്യം ചെയ്യാന്‍ പറ്റും.. പണ്ടിവിടെ മതം മാറുകയും പിന്നീട് കൊന്ത വലിച്ചെറിഞ്ഞ്  ഇപ്പം അവിടേം ഇല്ല, ഇവിടേംല്ലാ ന്നൊരവസ്ഥേല് നില്‍ക്കുന്നേര്ണ്ടല്ലോ, അവര്‍ക്ക് പൂര്‍വ്വസൂരികളിലേക്ക് ഒരു തിരിച്ച്പോക്കിനുള്ള വഴിയൊരുക്കാന്‍ എന്നെക്കൊണ്ടാകും. അങ്ങനെയായാല്‍ ഈ പുനരധിവാസത്തിനനുവദിച്ച ഏഴൊരെഴുപതാക്കാന്‍ ഞങ്ങള് വിചാരിച്ചാല്‍ പറ്റും.....ല്ലേ...?

രജനി : വീട്ടില്‍ കേറിവന്ന് അനാവശ്യം പറേല്ലേ നായരേ.... നിങ്ങളെ കളിയാക്കല് ഞാന്‍ ഒരുപാട് കേട്ടതാ...

നായര്‍ : അത് അണ്ടിതോമസിന്റെ കാലത്ത്... ഇത്പ്പം കാലം മാറീല്ലേ, ഭരണോം മാറി, അണ്ടിതോമസ്സിനിവരാനും പോകുന്നില്ല...... അതുകൊണ്ട് കാര്യങ്ങള്‍ നിങ്ങള്‍ തീരുമാനിച്ച് പറ. 

(രജനി ഒരു തുപ്പുചൂലെടുത്ത് അതിന്റെ നീണ്ട അലകില്‍ ഒരായുധംപോലെ പിടിക്കുന്നു. മുറ്റത്തിരുന്ന മുഴുവന്‍പേരും തൂപ്പുചൂലുകള്‍ ഉയര്‍ത്തുന്നു. അവര്‍ ഈ ചൂലുകള്‍ ഒരേ താളത്തില്‍ നിലത്ത്കുത്താന്‍ തുടങ്ങുന്നു).

ചോയിച്ചി : നായര് എറങ്ങിപ്പോ. ഇനി മേലാ ചോയീച്ചീന്റെ പൊരേല് കേറ്യാ ആ കാല് ഞാന്‍ വെട്ടും..., തീട്ടം കോര്ന്ന കയ്യാ... ജീവിതകാലം മുഴുവനും നാറ്റം മാറൂല്ല.

(മാധവന്‍നായരും സംഘവും പരുങ്ങുന്നു).

രജനി : എഴുപത് ദിവസം കഴിഞ്ഞാപിന്നെ ഞങ്ങള്‍ എങ്ങോട്ട് പോണംന്നാ നായര് പറഞ്ഞത്?

നായര്‍ : അത്....അതെനിക്കറിയില്ല. പക്ഷെ ഒരെഴുപതുദിവസം ഞാനുറപ്പ് തരുന്നു.... അതിനിടയില്‍ നമുക്കൊരു പരിഹാരം ണ്ടാക്കാന്ന്.

ചൂലുകള്‍ നിലത്ത് മുട്ടുന്നതിന്റെ ശബ്ദം ഉയരുന്നു. 

രജനി : ഒര് മതത്തിലും, അവരുടെ ഒര് ദൈവത്തിലും ഞങ്ങക്കിപ്പം വിശ്വാസംല്ല നായരേ, ആകെയുള്ള വിശ്വാസം (മുറ്റത്തെ മരത്തെ നോക്കി) ഈ മരത്തിലും പിന്നെയീ മനുഷ്യന്മാരിലുമൊക്കെയാ അതുകൊണ്ട് നായര് പോ.... പോക്മ്പം കൂടെവന്ന ഈ ചെക്കന്‍ മാരേം കൂട്ടിക്കോ..... എന്ത് ചെയ്യണംന്ന് ഞങ്ങള്‍ക്ക്റിയാ...

ചൂലുകള്‍ നിലത്ത് മുട്ടുന്നതിന്റെ ശബ്ദം ഉയരുന്നു. ചോയിച്ചി തന്റെ ഇരട്ടച്ചൂലുമായി വന്ന് നായര്‍ക്ക് മുഖാമുഖം നിലയുറപ്പിക്കുന്നു. തൂപ്പുകാര്‍ ചുലുകള്‍ നിലത്തുമുട്ടിച്ച് ശബ്ദമുണ്ടാക്കി എഴുന്നേറ്റ് മാധവന്‍നായര്‍ക്കുനേരെ നടക്കാന്‍ തുടങ്ങി. ഭയന്നുപോയ മാധവന്‍നായരും സംഘവും പുറകിലേക്ക് നടന്ന് കാഴ്ചയില്‍ നിന്നും മറയുന്നു... ഉയര്‍ന്നുകേള്‍ക്കുന്ന ചൂലിന്റെ ശബ്ദം... 

രംഗം ഇരുളുന്നു. 

 

....................................................................................

ഏങ്കിലും ഒരുനാള്‍വരും 
ഞങ്ങളുടെ അവമതികളെ തുടച്ച്തൂത്ത് കളയുന്ന ഒരുദിവസം, 
അന്ന് ഞങ്ങളുടെ സ്നാന ജലം 
ഓടകളുടെ ഉത്സവമാകും

literature fest Black mug play by MU Praveen

Image: Pixabay

 

രംഗം 5

രജനിയുടെ വീട്ടുമുറ്റം. അരങ്ങില്‍ മുഴുവന്‍ കുത്തിനിര്‍ത്തിയ തൂപ്പുചൂലുകളുണ്ട്. വീട്ടുമുറ്റത്തെ വരാന്തയിലും മരച്ചോട്ടിലുമായി അവ കുത്തിനിര്‍ത്തിയിരിക്കുന്നു. ചൂലുകള്‍ക്കിടയില്‍ ഒരിടത്തിരുന്ന് രജനി തന്റെ ഡ്രൈവര്‍ യൂണിഫോമില്‍ ഒരു ബട്ടന്‍ തുന്നിച്ചേര്‍ക്കുകയാണ്. തുന്നിച്ചേര്‍ത്തുകഴിഞ്ഞ് അതണിഞ്ഞ്.

രജനി : കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ സമരം തുടരുകയാണ്...കുടിയിറക്കപ്പെടാതിരിക്കാനുള്ള സകല വഴികളും ഞങ്ങള്‍ നോക്കും. ഒരു മതവുമില്ലാതെ ഞങ്ങള്‍  ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി!  സമരം ചെയ്യുന്നവരുടെ മുഴുവന്‍ പേരുടേയും കുടുംബം പോറ്റാന്‍ ഞാനിപ്പോ രാവും പകലും ഓട്ടോ ഓടിക്കുന്നുണ്ട്...പിന്നെ എന്റെ ഓട്ടോറിക്ഷക്ക് ഇന്ന് ഒരു പേരുണ്ട്, ചിത്രലേഖ!

(അരങ്ങിലെ വെളിച്ചം പതിയെ കുറഞ്ഞുവരുന്നു).

കവിത... 
തെരുവുകളില്‍ നിന്നും തെരുവുകളിലൂടെ 
ഞങ്ങള്‍ കടന്നു പോയി. 
അവര്‍ ഞങ്ങളെ കൊന്നുവീഴ്ത്തിയ 
കല്ലുകളെ ജനങ്ങള്‍ ആരാധിക്കാന്‍ തുടങ്ങി. 
കോടാലികളിലെ രക്തം 
അവര്‍ പാലു കൊണ്ട് കഴുകി.. 
ഞങ്ങള്‍ കാറ്റില്‍നിന്നും കാറ്റിലേക്ക്, 
തെരുവു കളില്‍ നിന്നും തെരുവുകളിലേക്ക്.. 
ശൂന്യമാക്കപ്പെട്ട വലപോലെ ഒഴുകിക്കൊണ്ടിരുന്നു. 
ഏങ്കിലും ഒരുനാള്‍വരും 
ഞങ്ങളുടെ അവമതികളെ തുടച്ച്തൂത്ത് കളയുന്ന ഒരുദിവസം, 
അന്ന് ഞങ്ങളുടെ സ്നാന ജലം 
ഓടകളുടെ ഉത്സവമാകും


- കര്‍ട്ടന്‍ -

..............................................................................................

*പറയ സമുദായത്തിന്റെ ഒരുതരം രഹസ്യഭാഷ, അതിജീവനത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് ഇത്തരം രഹസ്യഭാഷകള്‍. 


പിക്ക് : പറയന്‍
പൊറുമ : വയറ്
എരയ്ക്കുക : വിശക്കുക
മൊളന്തുക : നോക്കുക
തണൂര് : വെള്ളം
കോടഞ്ചൂയി : കപ്പ
ചള്മ്പ് : മദ്യം
കൊപ്പരയ്ക്കുക : ചിരിക്കുക
ഒടുമ്പ : വടി

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

Follow Us:
Download App:
  • android
  • ios