Asianet News MalayalamAsianet News Malayalam

യുക്രൈന് വീണ്ടും സഹായവുമായി അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

യുക്രൈന് സൈനിക സാമ്പത്തിക സഹായം വാരിക്കോരി നൽകി വീണ്ടും അമേരിക്ക. ഇത്തവണ 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ആറ് മാസം മുമ്പ് ആരംഭിച്ച റഷ്യ യുക്രൈൻ യുദ്ധം ഇപ്പോഴും തുടരുകയാണ്.

യുക്രൈന് സൈനിക സാമ്പത്തിക സഹായം വാരിക്കോരി നൽകി വീണ്ടും അമേരിക്ക. ഇത്തവണ 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ആറ് മാസം മുമ്പ് ആരംഭിച്ച റഷ്യ യുക്രൈൻ യുദ്ധം ഇപ്പോഴും തുടരുകയാണ്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകൾ ചികഞ്ഞുപോയാൽ അതേറെയാണ്. പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ൻ റഷ്യക്ക് മുന്നിൽ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വലുതാണ്.  ഇന്നലെ തലസ്ഥാനമായ കീവിൽ ഒരു പ്രദർശനം നടത്തി യുക്രൈൻ. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദർശനം. മൂന്ന് ദിവസം കൊണ്ട് കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ൻ തലസ്ഥാനത്തിന്‍റെ പ്രധാന തെരുവിലിന്നിൽ തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം യുക്രൈൻ നടത്തിയത്.

റഷ്യൻ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയിൽ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യൻ വീമ്പിന് നേരെ , ഈ ടാങ്കറുകൾ നിരത്തി യുക്രെയ്ൻ കളിയാക്കി ചിരിക്കുന്നത്. ചെറുത്തുനിൽപ്പിന്‍റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അവരത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ്.

നാളെയാണ് യുക്രെയ്ന്‍റെ മുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനം. ആഘോഷങ്ങളില്ല. കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. അപ്പോഴാണ്, യുക്രെയ്ൻ പിടിച്ചെടുത്ത റഷ്യൻ ടാങ്കറുകൾ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാൻ ശ്രമിച്ച ഏകാധിപതികൾക്ക് ചങ്കുറപ്പുള്ളൊരു രാജ്യത്തിന്‍റെ മറുപടിയെന്ന് പേരിട്ടായിരുന്നു യുക്രൈൻ റഷ്യക്ക് മുമ്പിൽ ടാങ്കർ ചീന്തുകൾ അവതരിപ്പിച്ചത്.

അതേസമയം തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തൻ അലക്‌സാണ്ടർ ദൂഗിനെ കൊല്ലാൻ ലക്ഷ്യമിട്ട് കാർ ബോംബ് സ്ഫോടനം നടന്നത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്‌കോയിൽ നടന്ന സ്‌ഫോടനത്തിൽ അലക്‌സാണ്ടർ ദൂഗിന്റെ മകൾ  ദാരിയ ദൂഗിൻ കൊല്ലപ്പെടുകയും ചെയ്തു. യുക്രൈൻ തീവ്രവാദികൾ ആണ് ആക്രമണത്തിന്  പിന്നിലെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്ഫോടനം റഷ്യയെ വിറപ്പിച്ചു.

അതിലുപരിയായി പുടിന്റെ 'ബുദ്ധി'യെന്ന് വിശേഷിപ്പിക്കുന്ന അലക്‌സാണ്ടർ ദുഗിനെ വധിക്കാനുള്ള ശ്രമം ആരു നടത്തിയാലും റഷ്യയെ സംബന്ധിച്ച് ഞട്ടൽ മാറാൻ സമയമെടുക്കും. അമേരിക്കയ്ക്കും  അവർ നയിക്കുന്ന ഉദാരവത്കരണത്തിനും ബദലായി റഷ്യൻ ദേശീയതയെ മുന്നോട്ടുവെക്കുന്നയാളാണ് അലക്‌സാണ്ടർ  ദുഗിൻ. റഷ്യൻ സംസ്കാരമുള്ള നാടുകളെ മുഴുവൻ കൂട്ടിച്ചേർത്ത് വിശാല റഷ്യ ഉണ്ടാക്കാൻ പുടിൻ ഇറങ്ങിതിരിച്ചതും യുക്രൈനെ ആക്രമിച്ചതും എല്ലാം അലക്‌സാണ്ടർ ദൂഗിൻ പറഞ്ഞതു കെട്ടാണെന്ന് പലരും കരുതുന്നത്.

നേരത്തെയും യുക്രൈന് അമേരിക്ക നിരവധി സഹായങ്ങൾ നൽകിയിരുന്നു. യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്. വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോള‍ർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഉത്തരവിട്ടുണ്ട്. സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോള‍ർ അനുവദിക്കാനും ഉത്തരവിൽ ശുപാ‍ർശ ചെയ്തിരുന്നു.
യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന്  പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞിരുന്നു. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 22 സാധാരണക്കാർ കൊല്ലപ്പെടുകയും ഒരു പാസഞ്ചർ ട്രെയിനിന് തീപിടിക്കുകയും ചെയ്തതായി യുക്രൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ 50ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ 3,500 ഓളം ആളുകൾ താമസിക്കുന്ന ചാപ്ലൈനിലെ റെയിൽവേ സ്റ്റേഷനുനേരെ റഷ്യ ആക്രമണം നടത്തിയതായി സെലെൻസ്കി യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ,  പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും മരണസംഖ്യ വർധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യം രണ്ട് തവണ ചാപ്ലിന് നേരെ ഷെല്ലാക്രമണം നടത്തിയതായി സെലെൻസ്കിയുടെ സഹായി കൈറിലോ ടിമോഷെങ്കോ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിക്കുകയും അഞ്ച് ട്രെയിൻ ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു. ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഒരുവീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരുകുട്ടിയും കൊല്ലപ്പെട്ടു. അതേസമയം, ആക്രമണ വാർത്തയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ അമേരിക്ക അപലപിച്ചു. സാധാരണക്കാർ നിറഞ്ഞ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണം ക്രൂരതകളുടെ മാതൃകയാണെന്നും ലോകം യുക്രെയ്നിനൊപ്പം നിൽണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ട്വിറ്ററിൽ പറഞ്ഞു.