Asianet News MalayalamAsianet News Malayalam

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തണോ? ഈ മൂന്ന് താരങ്ങള്‍ വിചാരിക്കണം

കഴിഞ്ഞ വര്‍ഷത്തെ തോല്‍വിയുടെ ക്ഷീണം മാറ്റാണ് രോഹിത് ശര്‍മ്മയും സംഘവും കങ്കാരുക്കളുടെ നാട്ടിലെത്തിയിരിക്കുന്നത്. എന്താണ് ടീം ഇന്ത്യയുടെ സാധ്യതകള്‍

First Published Oct 19, 2022, 4:39 PM IST | Last Updated Oct 19, 2022, 4:39 PM IST

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തണോ? ഈ മൂന്ന് താരങ്ങള്‍ വിചാരിക്കണം. ട്വന്‍റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ തോല്‍വിയുടെ ക്ഷീണം മാറ്റാണ് രോഹിത് ശര്‍മ്മയും സംഘവും കങ്കാരുക്കളുടെ നാട്ടിലെത്തിയിരിക്കുന്നത്. എന്താണ് ടീം ഇന്ത്യയുടെ സാധ്യതകള്‍.

പേസും ബൗണ്‍സും വലിയ ബൗണ്ടറികളും ഓസ്ട്രേലിയന്‍ സ്റ്റേഡിയങ്ങളുടെ പൊതു സവിശേഷതയായി ഇതിനെ പറയാം. പേസര്‍മാരെ എങ്ങനെ അതിജീവിക്കുന്നു എന്നത് അനുസരിച്ചിരിക്കും ബാറ്റര്‍മാരുടെ ഭാവി. പേസ് മികവിനെ ആശ്രയിച്ചിരിക്കും ബൗളര്‍മാരുടെ പ്രകടനം. മൂന്ന് താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിര്‍ണായകമാകാന്‍ സാധ്യത

സൂര്യകുമാര്‍ യാദവ്
ഹാര്‍ദിക് പാണ്ഡ്യ
മുഹമ്മദ് ഷമി

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ ടോപ് ത്രീ തന്നെയായിരിക്കും ലോകകപ്പിലും ഇറങ്ങുക. മുന്‍നിര പതറിയാലും ടീമിനെ ഒറ്റയ്ക്ക് കരകയറ്റാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവ് അതിനാല്‍ തന്നെ ബാറ്റര്‍മാരിലെ ശ്രദ്ധാകേന്ദ്രമാകുന്നു. ബാറ്റിംഗ് രക്ഷാപ്രവര്‍ത്തനവും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കലും ഫിനിഷിംഗും സൂര്യക്ക് ഒരുപോലെ വശം. പേസര്‍മാരെയും സ്‌പിന്നര്‍മാരെയും ഒരുപോലെ കൈകാര്യം ചെയ്യാനും വിദഗ്ധന്‍. നിലവില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്ററും സ്കൈ തന്നെ. സൂര്യകുമാറിന്‍റെ ഫോമിനെ ആശ്രയിച്ചിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

മറ്റൊരാള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രീ-ഡി പ്ലെയറാണ് പാണ്ഡ്യ. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിന്... മൂന്ന് മേഖലകളിലും ഹാര്‍ദിക്കിന് മികവേറെ. പ്ലേയിംഗ് ഇലവന്‍റെ സന്തുലിതാവസ്ഥ തന്നെ പാണ്ഡ്യയുടെ കരങ്ങളിലാണ്. 

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനകാരണം ഡെത്ത് ഓവറില്‍ ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടിയതായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ ആശങ്ക കലശലായി. എന്നാല്‍ അവസാന നിമിഷം ഓസീസ് ടിക്കറ്റ് കിട്ടിയ മുഹമ്മദ് ഷമി വാംഅപ് മത്സരത്തോടെ പ്രതീക്ഷയാവുകയാണ്. സന്നാഹമത്സരത്തില്‍ ഓസീസിനെതിരെ അവസാന ഓവറില്‍ 4 റണ്‍സിന് മൂന്ന് വിക്കറ്റുമായി ടീമിനെ ജയിപ്പിച്ച ഷമി തന്നെ ബൗളര്‍മാരിലെ ശ്രദ്ധാകേന്ദ്രം. ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിക്കാനുള്ള ചുമതല ഷമിക്കാകും. 

ബാറ്റിംഗും ബൗളിംഗും കൊണ്ട് മാത്രം കാര്യമില്ല. ഓസ്ട്രേലിയയിലെ വലിയ ബൗണ്ടറികളില്‍ ക്യാച്ചുകളും ത്രോകളും ഏറെ നിര്‍ണായകമാകും. ട്വന്‍റി 20 ലോകകപ്പില്‍ ആദ്യ കടമ്പ സെമി കടക്കുക എന്നതാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ മുഖാമുഖം വരുന്നത് ആവേശത്തിനൊപ്പം ആകാംക്ഷയാണ്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരംവീട്ടി അയല്‍ക്കാര്‍ക്കെതിരെ തുടങ്ങിയാല്‍ ഇന്ത്യന്‍ ടീമിനത് ആത്മവിശ്വാസമാകും  ,മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമാകും.