മാപ്പിളത്തെയ്യവും കരിഞ്ചാമുണ്ടിയും; ഐതിഹ്യങ്ങൾക്ക് പിന്നിൽ 'ഭീകര കഥകൾ
കേട്ടാല്‍ ഭയം ജനിപ്പിക്കുന്ന ചില ഭീകര കഥകളാണ് ഈ രണ്ട് തെയ്യങ്ങളുടെയും ഐതിഹ്യങ്ങള്‍ക്ക് പിന്നിലുള്ളത്.
കത്തിച്ചുവച്ച നിലവിളക്കിനരികെ ഒരു നിസ്‍കാരപ്പായ. അതില്‍ മുട്ടുകുത്തി നിസ്‍കരിക്കുകയാണ് താടിയും തലയില്‍ പട്ടുകൊണ്ട് കെട്ടുമുള്ള ഒരാള്‍രൂപം. തൊട്ടപ്പുറത്ത് ചെണ്ടത്താളം മുറുകുന്നുണ്ട്. ഇരുളില്‍ പാഞ്ഞടുക്കുന്ന ഒരു ചിലങ്കയുടെ ശബ്‍ദംകേട്ടുതുടങ്ങി. ചെണ്ടയുടെ രൌദ്രയ്ക്ക് മേല്‍ ആ ചിലമ്പൊലി ഉയരുന്നു. ശ്വാസമടക്കി നില്‍ക്കുകയാണ് ജനം. നിമിഷങ്ങള്‍ക്കകം ഇരുളിൻ മറവില്‍ നിന്നും ഒരുഗ്രമൂര്‍ത്തി വെളിപ്പെട്ടു. ചൂട്ടുകറ്റകളുടെ ചെന്തീപ്രഭയില്‍ ആ രൂപം ജ്വലിച്ചു. നെടുനീളന്‍ കുരുത്തോലയാണ് ഉടയാട. കരിതേച്ച മുഖം. നാലു വെള്ളപ്പുള്ളി മുഖത്തെഴുത്ത്. തലയില്‍ തലമല്ലിക കിരീടം. കണങ്കൈയിലും ഭുജങ്ങള്‍ക്കുതാഴെയും കുരുത്തോലപ്പൂക്കള്‍. ഉള്ളുലയ്ക്കുന്ന നോട്ടം. ഭയം പടരുന്ന നിമിഷങ്ങളിലൊന്നില്‍ ഉറഞ്ഞാടിത്തുടങ്ങി തെയ്യം. ഇതിനിടെ നിസ്‍കാരം അവസാനിപ്പിച്ച് ആ രൂപവും ഓടിയടുത്തു.
പയ്യന്നൂരിന്‍റെ കിഴക്കൻ പ്രദേശമായ ചെറുപുഴയ്ക്കടുത്ത കമ്പല്ലൂരിലെ കോട്ടയില്‍ തറവാട്ടില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ കെട്ടിയാടിയ കരിഞ്ചാമുണ്ഡി, മാപ്പിളത്തെയ്യങ്ങളാണ് ഈ തെയ്യക്കാലത്തെ വേറിട്ട കാഴ്‍ചകളിലൊന്ന്. കേട്ടാല്‍ ഭയം ജനിപ്പിക്കുന്ന ചില ഭീകര കഥകളാണ് ഈ രണ്ട് തെയ്യങ്ങളുടെയും ഐതിഹ്യങ്ങള്‍ക്ക് പിന്നിലുള്ളത്. തന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ നിറവയര്‍ പിളര്‍ന്ന് ഭ്രൂണം കടിച്ചുകീറി ചോരകുടിച്ച കാട്ടുമൂര്‍ത്തിയെ ഒരു മാപ്പിള യുവാവ് ചവിട്ടി നടുവൊടിക്കുന്നതും നടുതകര്‍ന്ന കരിഞ്ചാമുണ്ഡി, അയാളെ കൊല്ലുന്നതും അയാളും ദൈവക്കരുവായി തീരുന്നതുമൊക്കയാണ് ഈ കഥ.
പായത്തുമലക്കാരനായ ആ മാപ്പിളയുടെ പേര് ചില കഥകളില്‍ ആലി എന്നാണെങ്കില്‍ മറ്റുചില കഥകളില്‍ മൈത്താന്‍ എന്നാണ്. എന്നാല്‍ കമ്പല്ലൂരില്‍ എത്തുമ്പോള്‍ അയാളുടെ പേര് കലന്തൻ എന്നാകും. ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ? എന്തായാലും ആ കഥകള്‍ കേള്‍ക്കാം. പായത്തുമലയിലെ ഒരു മുസ്ലീം സ്‍ത്രീക്ക് ഒരു പാതിരാത്രിയില്‍ പേറ്റുനോവ് വന്നു. നട്ടപ്പാതിരാത്രിക്ക് ചൂട്ടുകറ്റയുമായി വയറ്റാട്ടിയുടെ വീടുതേടി പാഞ്ഞു അവളുടെ പാവം ഭര്‍ത്താവ്, കലന്തൻ. വയറ്റാട്ടിയുടെ വീടറിയാതെ അയാള്‍ പല വീടുകളിലും മുട്ടിവിളിച്ചു. കാട്ടിലും മേട്ടിലും അലഞ്ഞു. ആരെയും കിട്ടിയില്ല