
രജനിയും കമലും 46 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ...
രജനികാന്തും കമൽ ഹാസനും ഒന്നിച്ചഭിനയിച്ച ഒരു സിനിമ പുറത്തെത്തിയിട്ട് 46 വർഷങ്ങൾ കഴിഞ്ഞു. ഇനി ഒരിക്കൽക്കൂടി അതു സംഭവിക്കുമോ എന്ന സിനിമ പ്രേമികളുടെ ദീർഘകാലമായുള്ള പ്രതീക്ഷയ്ക്കും ചോദ്യങ്ങൾക്കുമുള്ള മറുപടി..
രജനികാന്ത് സിനിമ ചെയ്ത് തുടങ്ങുമ്പോൾ തമിഴിൽ സൂപ്പർസ്റ്റാർ ആണ് കമൽ. ബാലതാരമായി നേരത്തേ തുടങ്ങിയെങ്കിൽ പോലും കമലും രജനിയും ഒരേ തലമുറയിൽപ്പെട്ടവരാണ്. സംവിധായകൻ കെ ബാലചന്ദർ അവർക്ക് ഒരേപോലെ ഉപദേഷ്ടാവായി. 1981–1982 വർഷങ്ങളിൽ മാത്രം ഇരുവരും 17 സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. 1979ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്. പതിയെ രജനി തന്നെത്തന്നെ ജനങ്ങളുടെ നടനായും കമൽ ഒരു ക്ലാസ്സ് നടനായും സ്വയം കണ്ടെത്തി. രജനി പിന്നീട് സൂപ്പർസ്റ്റാറായി, തുടർന്ന് തലൈവർ ആയി, കമൽ ഉലകനായകനുമായി.