ആ മഴ ഇനിയും തോര്‍ന്നിട്ടില്ല നിജു ആന്‍ ഫിലിപ്പ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മഴ പെയ്തു കുളവും പാടവും തോടുമെല്ലാം കരകവിഞ്ഞൊഴുകുന്ന കാലം വന്നാല്‍ പാലമുറിത്തോട്ടില്‍ ഊത്ത പിടുത്തം തുടങ്ങും.

വലയെറിഞ്ഞും, ചൂണ്ടയിട്ടും, ഒറ്റാല് വെച്ചും മീനുകളെ പിടിച്ചു കൊണ്ട് ആളുകള്‍ വരും. അമ്മ മുളകുപൊടിപ്പാട്ടയില്‍ ഇട്ടു വെച്ച മുഷിഞ്ഞ നോട്ടുകള്‍ കൊടുത്തു മീന്‍ വാങ്ങും. ചാക്ക് കുടഞ്ഞു കിണറ്റുകരയിലേക്കിടും. 

പഴയ തറവാടിന്റെ അടുക്കളയ്ക്ക് തൊട്ട് ചേര്‍ന്ന് ഓടിട്ടതായിരുന്നു ഞങ്ങളുടെ കിണറും കരയും.തുള്ളി മുറിയാതെ മഴയെ നോക്കി ഇരിക്കുന്ന ഞാന്‍ ഓടിചെല്ലും.

ശ്വാസം കിട്ടാതെ വാ പൊളിച്ചു പിടയുന്ന മീനുകളെ നോക്കിയിരിക്കും. പിച്ചാത്തി കൊണ്ട് കാരി,മുശി,കല്ലടമുട്ടി ഇങ്ങനെ ഉശിര് കൂടിയ മീനിന്റെ മണ്ട തല്ലിപ്പൊളിക്കും.

പാവം പരലിന്റെ ചെതുമ്പലഴിക്കും. ഓറഞ്ച് പള്ളത്തിയുടെ തല കിള്ളി വെക്കും.

ജീവന്‍ പോയ വാളയോ, മുഷിയോ ഒക്കെ തഞ്ചത്തില്‍ എടുത്തു ഈര്‍ക്കില്‍ കയറ്റി അമ്മ തൊലി ഉരിഞ്ഞെടുക്കും.

മീന്‍ അങ്ങനെ തരം തിരിച്ചു വെവ്വേറെ ചട്ടിയിലാക്കാന്‍ ഞാന്‍ മത്സരിക്കും.

അന്നേരം കൊതി മൂത്തു പിറകെ വരുന്ന പൂച്ചയ്ക്ക് തലയില്‍ പിച്ചാത്തി കൊണ്ടൊന്നു കൊടുക്കും.

മീന്‍ ചട്ടിയിലിട്ടു പുളിയിലയും ഉപ്പുമിട്ട് തേച്ചു നല്ല വെള്ളി പോലെ അമ്മ വെളുപ്പിക്കും.

ചട്ടികള്‍ എടുത്തു അകത്തേക്ക് പോകുന്ന അമ്മയ്ക്ക് പുറകെ കയ്യില്‍ കൊള്ളാവുന്ന ചട്ടികളുമെടുത്തു കുഞ്ഞു കാലുകള്‍ പെറുക്കി വെച്ച് ഞാനും പോകും.

പള്ളത്തിയും പരലും പപ്പാതിയെടുത്തു ഇഞ്ചിയും വെളുത്തുള്ളിയും പച്ചക്കുരുമുളകും മുളകും ഉപ്പും വെള്ളം തൊട്ടരച്ചു പുരട്ടി, വരഞ്ഞു വറക്കാന്‍ വെക്കും.

ബാക്കി പച്ചത്തേങ്ങയും മഞ്ഞളും അരച്ച് ഇഞ്ചിയും മുളകും ഉള്ളിയും കീറിയിട്ടു കുടംപുളി കുനുകുനെ പിച്ചി ഉപ്പ് ചേര്‍ത്തിളക്കി ഇത്തിരി വെള്ളം തളിച്ചു അടുപ്പേല്‍ കയറ്റും. തീ ചെറുങ്ങനെ വെക്കും. ഇടയ്ക്കിടെ കുടഞ്ഞിടും. പച്ച വെളിച്ചെണ്ണ ഇറ്റിച്ചു കറക്കി വാങ്ങി വെക്കും

വരാലും മുശിയും കാരിയുമൊക്കെ നല്ല മുളകിട്ടു പറ്റിച്ചു വെക്കും.തേങ്ങാപ്പാലൊഴിച്ചു മാങ്ങയും ഇട്ടു കല്ലേല്‍ മുട്ടി വറ്റിക്കും.

അപ്പോള്‍ പറിച്ച കപ്പ പുഴുങ്ങി മഴയത്തു ഓടിപ്പോയി ഒരു വാഴയില വെട്ടി ഇടക്കെട്ടിലിടും. 

ഞങ്ങള്‍ ചമ്രം പടഞ്ഞിരുന്നു വാഴയിലയില്‍ വിളമ്പുന്ന കപ്പയും മീനും കഴിക്കും. കടുപ്പം കൂടിയ കടുംകാപ്പി മൊത്തിക്കുടിക്കും.

അമ്മയന്നേരം കന്നാലിക്കൂട്ടില്‍ കരയുന്ന ക്ടാവിനെ അഴിച്ചു അതിന്റെ അമ്മയ്ക്കടുത്തു വിടും.

മഴ തോരുമ്പോള്‍ മുറ്റത്തു കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തുള്ളാനോടും. പൊഴിഞ്ഞു വീഴുന്ന മൂവാണ്ടന്‍ മാങ്ങകള്‍ പെറുക്കും.

പുളിയുടെ ചില്ല കുലുക്കി മഴ പെയ്യിക്കുമ്പോള്‍ അമ്മച്ചി പടിഞ്ഞാറേ മുറിയില്‍ നിന്ന് 'അരുതരുതെ' എന്നൊന്ന് പറയും.

നടന്നു തീര്‍ത്ത വഴികളും,പെയ്തുപോയ മഴകളും എന്നെ ഒരു മഹാനഗരത്തില്‍ വിട്ടിട്ട് പോയി.നഷ്ടപ്പെട്ടവയുടെ ആഴം ഏതു മാപിനി വെച്ചളക്കാനാണ്. ഓര്‍മ്മകളെ എന്നെ, എനിക്ക് നിങ്ങള്‍ തിരിച്ചു തന്നാലും.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​