Asianet News MalayalamAsianet News Malayalam

ബ്ലോക്ക് ചെയ്തവന്‍ ശിഷ്യനായി വന്നപ്പോള്‍...

Green Light Anjaly Kiran
Author
Thiruvananthapuram, First Published Dec 9, 2017, 7:05 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? 

Green Light Anjaly Kiran

പച്ച നീലയേക്കാള്‍ അപകടം പിടിച്ച വാക്കായത് എപ്പോ മുതലാണാവാ?

ഫേസ് ബുക്ക് വെറുതെ ഒരലങ്കാരം ആയിട്ട് ഫോണില്‍ കിടന്നിരുന്ന കാലം. ഹോസ്റ്റല്‍ ലൈഫ് ആയതു കൊണ്ടും പരിചയക്കാരെല്ലാം സുഹുത്തുക്കള്‍ എന്ന ഗണത്തില്‍ പെടുത്താന്‍ ഇഷ്ടമില്ലായിരുന്നതു കൊണ്ടും ഞാനതില്‍ വല്ലാതെ തലയും കൊണ്ട് ചെല്ലാറില്ലായിരുന്നു.. അന്നു കുറെ ദിവസത്തിനു ശേഷം ഓണ്‍ലൈന്‍ കയറിയപ്പോള്‍ കണ്ടത് ഒന്നു രണ്ടു ഫ്രണ്ട് റിക്വസ്റ്റുകള്‍ ആയിരുന്നു. ഒരാളെ നല്ല പരിചയം. നോക്കിയപ്പോള്‍ സ്‌കൂളില്‍  ജൂനിയര്‍ ആയി പഠിച്ചിരുന്നവന്‍. ഇവനെ എനിക്ക് അറിയാലോ എന്നോര്‍ത്ത് ആക്‌സപ്റ്റ് ചെയ്തു. തുടക്കത്തില്‍ മാന്യന്‍. ചേച്ചീ എന്നു മാത്രം വിളിച്ചു കൊണ്ടുള്ള സംസാരം.  ഇടക്ക് ഓണ്‍ലൈന്‍ വരുമ്പോ സംസാരിക്കും.പ്രശ്‌നങ്ങളൊന്നുമില്ലാതെ രണ്ട് വര്‍ഷങ്ങള്‍. 

പ്രശ്‌നങ്ങളൊന്നുമില്ലാതെ രണ്ട് വര്‍ഷങ്ങള്‍. അവനെ കുറിച്ച് ഓര്‍ത്തിരിക്കാന്‍ മാത്രം ഒന്നുമില്ലാത്തത് കൊണ്ട് തന്നെ ഓണ്‍ലൈനില്‍ അവന്റെ മെസേജ് കാണുമ്പോള്‍ മാത്രമേ ഓര്‍ക്കാറുള്ളൂ.. പിന്നെ എനിക്ക് വീണ്ടും തിരക്കുകള്‍. ബി.എഡ്. ടീച്ചിംഗ് പ്രാക്ടീസ്. റെക്കോര്‍ഡ്‌സ്. ഓട്ടം. അതിനിടയില്‍ പണ്ടത്തെ ജൂനിയര്‍ പയ്യന്‍ വളര്‍ന്നു പന്തലിച്ചതൊന്നും ഞാന്‍ അറിഞ്ഞില്ല.

സാരിയുടുത്ത് ബസില്‍ കണ്‍സഷന്‍ ചോദിച്ചാല്‍ ചില കണ്ടക്ടര്‍ ചേട്ടന്‍മാര്‍ക്ക് ഒടുക്കത്തെ ചൊറിച്ചിലാണല്ലോ. ഇതൊക്കെ കെട്ടി ചുറ്റി രണ്ട് രൂപയും കൊടുത്ത് ഏകദേശം ഒരു മണിക്കൂര്‍ ബസില്‍ നില്‍ക്കുന്നത് എന്തോ ഞങ്ങളുടെ മഹാഭാഗ്യം ആണെന്നും ഇത് കഴിഞ്ഞാല്‍ നേരെ മോക്ഷം കിട്ടി എന്നുമാണ് അവരുടെ ധാരണ. സാധാരണ ഇത്തരം ധാരണകളൊന്നും തിരുത്താതെ അവര്‍ പറയുന്നത് മുഴുവന്‍ കേട്ടു നില്‍ക്കാറുള്ളതാണ്.. അന്നും അങ്ങനെ തന്നെ. പെട്ടെന്ന് പുറകില്‍ നിന്നൊരു രക്ഷാധികാരി. ആരടാ ഇവന്‍ കോളജ് പിള്ളേരെ സപ്പോര്‍ട്ട് ചെയ്യണ എന്നു നോക്കിയപ്പോള്‍ നമ്മുടെ ജൂനിയര്‍ പയ്യന്‍. ഹാ കൊള്ളാലോ കളി എന്നൊക്കെ ആലോചിച്ചപ്പോഴേക്ക് ഇറങ്ങാറായി. നന്ദിസൂചകമായി പല്ലിളിച്ചു കാണിച്ച് ഞാനും ഓടി. 

വൈകുന്നേരം മെസ്സെഞ്ചറില്‍ ദേ ജൂനിയര്‍. രാവിലെ താങ്ക്‌സ് പറയാത്തതല്ലേ ചേതമില്ലാത്ത കാര്യമല്ലേ എന്നു കരുതി ഒരു നന്ദി അങ്ങു വെച്ചു കൊടുത്തു. നന്ദി പറഞ്ഞതിനു നന്ദി ആയിട്ടാണാവോ എന്തോ, മറുപടി വന്നത് ചേച്ചി സാരിയില്‍ ഗ്ലാമറാ ട്ടാ എന്നാ. പിന്നെ കമ്പില്‍ സാരി ചുറ്റിയ പോലെ എന്ന് അന്നു രാവിലെ കൂടി വളരെ വേണ്ടപ്പെട്ട ഒരാള്‍ പറഞ്ഞത് കേട്ട് അഞ്ച് മിനിട്ട് എക്‌സ്ട്രാ കണ്ണാടിക്ക് മുന്നില്‍ നിന്ന് അത് ശരിയാണെന്നു മനസിലാക്കി എന്തു വന്നിട്ടാണേലും ഒന്നു തടിച്ചെടുത്ത് ഈ എല്ലൊക്കെ ഉള്ളിലാക്കണം എന്നു ചിന്തിച്ച് പിന്നേം അഞ്ച് മിനിട്ട് കളഞ്ഞിട്ടാണ് സ്ഥിരം പോകുന്ന ബസ് കിട്ടാതെ ബസില്‍ കയറിയത്്. എന്തായാലും അത്രക്കൊന്നും അവന്റെ അടുത്ത് വിശദീകരിക്കാതെ ഒരു ചിരി സ്‌മൈലി അയച്ച് തൃപ്തിപെടുത്തി.. 

അങ്ങനെ ആ കടമ്പ കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ ആണ് അടുത്ത മെസെജ്. ചേച്ചീ സാരി ഉടുക്കുമ്പോള്‍ ചില ഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. ങേ? അത് ഏത് ഭാഗാണാവോ എന്തോ? ആ എന്തായാലും അവന്‍ തന്നെ പറയട്ടെ എന്നു കരുതി മറുപടി കൊടുത്തില്ല. സമയം 10 കഴിഞ്ഞിരിക്കുന്നു.പകല്‍ മുഴുവന്‍ ഭയങ്കര അധ്വാനം ആയത് കൊണ്ട് തന്നെ ആ ഭാഗങ്ങളൊന്നും ശ്രദ്ധിക്കാനാവാതെ ഞാന്‍ ഉറങ്ങി പോയി. പിറ്റേന്ന് രാത്രി കൃത്യം ഒമ്പത്  മണിക്ക് തന്നെ ജൂനിയര്‍ സഹോദരന്റെ ചേച്ചീ വിളി കേട്ടു . അപ്പോഴാണ് അവനെനിക്ക് സാരീ ക്ലാസ് എടുത്ത് തന്നില്ലാലോ എന്ന് ഓര്‍മ വന്നത്. മറുപടി ഒന്നും കൊടുക്കണ്ടി വന്നില്ല. ഏതൊക്കെ ഭാഗത്തിനാണ് സാരീ ഉടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെ എന്നവന്‍ വീഡിയോ ക്ലാസ് തന്നെ എടുത്തു തന്നു. കൂടെ പോരാത്തതിനു അവന്റെ ശരീരത്തിലെ തന്നെ ശ്രദ്ധ കൊടുക്കണ്ട ഭാഗങ്ങളും അയച്ചു തന്നു കൃതാര്‍ത്ഥനായി. അവന്റ ആത്മാര്‍ത്ഥതയില്‍ അന്തം വിട്ട് പകച്ചിരുന്ന ഞാന്‍ ഉറങ്ങിയത് എപ്പോഴാന്നു ഓര്‍മയില്ല. എന്തായാലും പിറ്റെ ദിവസത്തെ സൈക്കോളജി എക്‌സാം നല്ല തകര്‍ത്തു തരിപ്പണമാക്കി എഴുതി. എന്തായാലും അവനെ ബ്ലോക്കിയല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തില്‍ പുളകിതയായി ഇരിക്കുമ്പോള്‍ വീണ്ടും മെസെഞ്ചറില്‍ മെസെജ്. 

ആഹാ, എന്തു മനോഹരമായ പൂക്കള്‍. അയച്ച ആള്‍ക്ക് ഫോട്ടോയും ഇല്ല പേരൊട്ട്  എനിക്ക് അറിയേം ഇല്ല.. എന്തായാലും കുറെ പൂവുകള്‍. പല നിറങ്ങളില്‍ കാറ്റില്‍ തകര്‍ത്താടി കളിക്കുന്നു. ഏഹ്...! ഇതാരാ പെട്ടെന്ന് ചാനല്‍ മാറ്റിയേ? ഒരു ബെഡ് റൂം. ദേ വരുന്നു ഷക്കീല.. ഹാ കളി കൊള്ളാലോ... അധികം നോക്കേണ്ടി വന്നില്ല. സംഭവം എനിക്ക് മനസിലായി. മഹാനായ ജൂനിയര്‍ വിഡ്ഢി ദേ ഭീഷണി മുഴക്കുന്നു.

'മോളേ, നീ എന്നെ ബ്ലോക്കി അല്ലേ'.

പിന്നെ അവന്റെ സംസ്‌കാരത്തിനു യോജിച്ച കുറേ ''കാ.. പാ...പീ... . വേഗം നെറ്റ് ഓഫ് ചെയ്ത് ഫോണ്‍ മാറ്റി. പിറ്റേന്ന് വീണ്ടും എക്‌സാമുള്ളതാ. പക്ഷേ ബുക്ക് എടുക്കാന്‍ വയ്യ. ഞാനെന്തിനിത് കേട്ടു എന്നു എനിക്ക് മനസിലായതേയില്ല. അവസാനം ഇത് പരിഹരിക്കാതെ എനിക്ക് പറ്റില്ല എന്നായപ്പോള്‍ എന്റെ പ്രശ്‌ന പരിഹാര ഏജന്‍സിക്ക് വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ സമാധാനം കണ്ടെത്തി ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും തല കുത്തിയും ഒക്കെ നോക്കി. രക്ഷയില്ല. സമയം 2 ആയി കാണും എന്റെ പ്രോബ്ലം സോള്‍വര്‍ വിളിച്ചു. അവനുള്ള പണി കൊടുത്തിട്ടുണ്ട് എന്നറിയിച്ചു. എന്നിട്ടും ഉറക്കം എന്നെ ഒട്ടും രക്ഷിച്ചില്ല. ആവശ്യമില്ലാത്ത എന്തോ ഞാന്‍ കാരണം കൂടാതെ കേട്ട പോലെ. അത് മാറാന്‍ ദിവസങ്ങള്‍ എടുത്തു. പിന്നെ പതിവു തിരക്കുകള്‍, ഓട്ടം, പതിവു ചിരികള്‍. 

അങ്ങനെ ഞാന്‍ അവനെ മറന്നു. തീരെ മറക്കണ്ട എന്നു ഓര്‍മിപ്പിച്ചു കൊണ്ട് അവന്റെ ചില സെല്‍ഫികള്‍ മറ്റു സുഹൃത്തുക്കളുടെ ഐഡി യില്‍ കാണുമ്പോള്‍ തികട്ടിവരും, അവന്റെ അന്നത്തെ ചില വാക്കുകള്‍. പിന്നെ പിന്നെ അതും എനിക്ക് പ്രശ്‌നമാവാതെ ആയി തുടങ്ങി. ബി.എഡ്  കഴിഞ്ഞ സമയം, എന്നെ മുന്‍പ് പഠിപ്പിച്ച ഒരു അധ്യാപിക പറഞ്ഞതനുസരിച്ച് അടുത്തുള്ള ഒരു പാരല്‍ കോളജില്‍ ടീച്ചര്‍ ആയിട്ട് പോയി തുടങ്ങി. ആ ക്ലാസിലെ ആദ്യ ദിവസം ആയിരുന്നു. അതു കൊണ്ട് തന്നെ വെറുതെ സംസാരിച്ചിരിക്കാം എന്നു കരുതി ക്ലാസില്‍ കയറി എല്ലാവരെയും ഒന്നു നോക്കിയപ്പോള്‍ നടുവിലെ ബെഞ്ചില്‍ വലത്തേ തലക്കല്‍ എന്നെ തന്നെ നോക്കുന്ന ഒരു മുഖം. അതെ കഷ്ടപെട്ട് ഞാന്‍ മറന്ന ഒരു മുഖം. പിന്നെ ഒരു നിമിഷത്തിന്റെ പത്തില്‍ ഒരംശം സമയം കൊണ്ട് മനസില്‍ ഓര്‍മകളുടെ വേലിയേറ്റം ആയിരുന്നു. ആ രാത്രി. അറപ്പുളവാക്കുന്ന വാക്കുകള്‍. ഉറക്കം പോയ രാത്രികള്‍. ആ പച്ച വെളിച്ചത്തിനെ പേടിച്ച ദിവസങ്ങള്‍. ഒന്നും പറയാതെ ക്ലാസില്‍ നിന്നു ഇറങ്ങി പോരാന്‍ ഒരു നിമിഷം തോന്നി. തൊട്ടടുത്ത നിമിഷം ഈ സമയം ജയിച്ചേ പറ്റൂ എന്ന വാശിക്കാരികുട്ടി ആയി മാറി ഞാന്‍. കാലു വിറക്കാതെ, തൊണ്ടയിടറാതെ ചിരിച്ചു കൊണ്ട് ഞാന്‍ ആ നാല്‍പ്പത്തഞ്ചു മിനിട്ട് സംസാരിച്ചു. അവനെയും ശ്രദ്ധിക്കാതിരുന്നില്ല. ക്ലാസിലെ 25 പേരെ പോലെ അവനെയും ഞാന്‍ നോക്കി. ഒളിച്ചോടാന്‍ ഞാനല്ല തെറ്റ് ചെയ്തത് എന്ന് അവന്‍ പിറ്റെ ദിവസം മുതല്‍ വരാതിരുന്നപ്പോള്‍ എനിക്ക് ഒരു ഓര്‍മപെടുത്തല്‍ കൂടി ആയി. 

അവനെ ഞാനിന്നും ഓര്‍ക്കുന്നുണ്ട്. വായില്‍ തോന്നിയത് കൊണ്ടിടാനുള്ള ചവറ്റു കുട്ടയായിട്ട് തന്നെയാവും അവനിന്നും സ്ത്രീകളെ കാണുന്നുണ്ടായിരിക്കുക.  അത് ഒരു പക്ഷേ അവന്റെ മാത്രം കുറ്റമായിരിക്കില്ല. ഞാനും അന്നവനില്‍ നിന്നുണ്ടായ പ്രതികരണത്തിനു പരിഹാരം തേടിയത് മറ്റൊരാളിലൂടെ ആയിരുന്നു. ഒരു പക്ഷേ എനിക്കും അതുപോലെ ഉള്ള പെണ്‍ കുട്ടികള്‍ക്കും ഇന്നും പ്രശ്‌ന പരിഹാരത്തിനു രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുന്നത് കൊണ്ടായിരിക്കാം ഈ ഒരു ധൈര്യം ഇവര്‍ക്ക് കിട്ടുന്നതും. 

പച്ച ലൈറ്റ് ഇച്ചിരി ഭയത്തോടെയേ ഇന്നും രാത്രി ഓണാക്കാറുള്ളൂ എന്നതും ഒരു പക്ഷേ അവന്റെ വിജയമായിരിക്കാം.. എന്നാലും ഞാന്‍ അവനെ ഒരു ദിവസമെങ്കിലും ഭയത്തില്‍ നിര്‍ത്തി എന്നത് അവന്‍ പഠിത്തം നിര്‍ത്തിയതോടെ എനിക്ക് മനസിലാവുന്നുണ്ട്.. അതില്‍ മാത്രം എനിക്ക് അവന്റെ അമ്മയോട് മാപ്പു ചോദിക്കാനുണ്ടോ എന്ന സംശയവും ബാക്കി. 

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

മായാ ശെന്തില്‍: ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു​

ഷീബ വിലാസിനി: ഇന്‍ബോക്‌സില്‍ എത്തിയ കട്ടില്‍

ഉമ്മു അമ്മാര്‍: 'അപ്പോ ഇങ്ങളു ശരിക്കും ഫെയിക്കല്ലേ?'

അലീഷ അബ്ദുല്ല: മെസഞ്ചറിലെ രാത്രികള്‍!

ഹിമ മല്‍ഹാര്‍: ഫേസ്ബുക്ക് കോഴികള്‍ക്കായി ഒരു പാട്ട്!
 

Follow Us:
Download App:
  • android
  • ios