Asianet News MalayalamAsianet News Malayalam

അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

  • സ്ത്രീകള്‍ രാത്രികള്‍
  • രാരിമ ശങ്കരന്‍കുട്ടി എഴുതുന്നു
Nights Women Rarima Sankaran Kutti

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women Rarima Sankaran Kutti
 

'ആഗ്രഹങ്ങള്‍ സാധിക്കാനുള്ളതാടീ കുഴിച്ചുമൂടാനുള്ളതല്ല. 

'വാട്‌സാപ്പില്‍ 'Friends for ever' ഗ്രൂപ്പില്‍ ലേഖയുടെ കമന്റിനെ ഞാനും കയ്യടിച്ചു വരവ് വെച്ചു. 

'but how?'' യാഥാര്‍ത്ഥ്യത്തിനോട് ചേര്‍ന്ന് നിലത്ത് തൊട്ട് നടക്കുന്ന ബിന്ദുവിന്‍െ ചോദ്യം. 

ആശങ്കയെ കാറ്റില്‍പ്പറത്തി ലേഖയുടെ ഉത്തരമുടനെയെത്തി.

'I'm there next month. take my word we'r  gonna do it friends....'

രാത്രിക്കടയില്‍ നിന്നും കട്ടനടിയ്ക്കണം. പാതിരാക്കിളികള്‍ക്കൊപ്പം മൂളിപ്പാട്ടു പാടണം ഇരുട്ടില്‍ പറക്കുന്ന ശലഭങ്ങളെ തൊടണം. കൂരിരുള്‍ ഇറ്റിക്കറുത്ത നിശാഗന്ധികളുടെ മണം പടര്‍ന്ന രാത്രിയെ പുണരണം. ഞങ്ങളുടെ ഈ ചിരകാലമോഹം സാക്ഷാത്ക്കരിക്കാം ...അതായിരുന്നു ലേഖയുടെ വാഗ്ദാനം .രാത്രിയുടെ കൂടെ ഇറങ്ങിത്തിരിയ്ക്കാനുള്ള മോഹം  പെട്ടെന്ന് പൊട്ടി മുളച്ചതല്ല കേട്ടോ.

ഇന്ന് ഞങ്ങളുടെ വാട്‌സാപ്പ് ചര്‍ച്ച കത്‌വയിലെ അറുംകൊലയില്‍ തുടങ്ങി  സ്വപ്നങ്ങള്‍ക്കൊപ്പം  ചുവടുകള്‍ വെയ്ക്കാന്‍ കഴിയാതെ കുടുംബമെന്ന കരുതലിനാല്‍ നിരായുധയാക്കപ്പെടുന്ന സ്ത്രീകളിലെത്തിയപ്പോള്‍ ഉരുത്തിരിഞ്ഞു വന്നതാണി പഴയ മോഹം. കേരളത്തില്‍ രാത്രികള്‍ സ്ത്രകള്‍ക്ക് അന്യമാകുന്നുവെന്നും
അപകടകരമായ രാത്രികളെ വിദഗ്ധമായ് നേരിട്ട് തന്നെയാണ് ഓരോ തനിച്ചായ സ്ത്രീയും കടന്നുപോകുന്നതെന്നും ഉമ ഓര്‍മ്മിപ്പിച്ചപ്പോഴാണ്  
ജീവിതം ആഷിഖ് അബു ഫിലിം പോലെ ആയിരുന്നെങ്കില്‍ എന്ന്  മധ്യവയസ്‌കകളായ ഞങ്ങള്‍ കോറസായി ആഗ്രഹിച്ചു പോയത്. 

മുന്നൊരുക്കമൊന്നുമില്ലാതെ പെട്ടെന്ന് നടത്തുന്ന യാത്രകളാണ് കൂടുതല്‍ ആസ്വാദ്യമെന്ന് യാത്രാകുതുകികള്‍ പറയുമായിരിക്കും. പക്ഷെ ഞങ്ങളുടേത് യാത്ര അല്ലല്ലൊ.  അനുഭവങ്ങള്‍ ചൂണ്ടുപലകയാക്കി ഒരു ഇരുള്‍സഞ്ചാരം, പരിധിയില്ലാത്ത മുന്‍വിധികളില്ലാതെ ഒരു രാത്രിയനുഭവം.. 

'മനസ്സെന്ത് പറഞ്ഞാലും അപ്പോ തന്നെ അതനുസരിച്ചേക്കണം. ഇല്ലെങ്കി പിന്നെ സങ്കടപ്പെടേണ്ടി വരും'-ഞാനും കമ്പോളം മൂപ്പിച്ചു.

വിഷയം എല്ലാവരുടേയും ഭര്‍ത്തൃസന്നിധിയില്‍ അവതരിപ്പി്ക്കപ്പെട്ടു.

കേട്ടപ്പോള്‍ അവരുടെ മുഖമൊക്കെ അലൂമിനിയം പാത്രത്തിനു എറുകൊണ്ട മാതിരി ചളുങ്ങി. എങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും, തുറന്നില്ലെങ്കില്‍ റിപ്പീറ്റ് ചെയ്യുക എന്നാണല്ലൊ ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.

ഒരു പെണ്‍കുട്ടി ജനിക്കുന്ന നാളു തൊട്ട് അച്ഛന്റെയും അമ്മയുടെയും മനസ്സില്‍ ഒരു കനല്‍ചൂട് നീറാന്‍ തുടങ്ങും. മാത്രമോ വിവാഹിതയായി മക്കളായി മധ്യവയസ്സിലെത്തിയാലും പങ്കാളികള്‍ക്ക് പെണ്‍കൂട്ടത്തിനൊപ്പം അവരെ  രാത്രീല്‍ ഇറക്കിവിടാന്‍ ധൈര്യം പോര.ഇരുട്ട്  ആരുടെയോ സങ്കടത്തിനു കൂട്ടിരിക്കുകയാണെന്നാണ് എന്നും ഇവിടുത്തെ പുരുഷന്മാരുടെ മനോഭാവം. ചുമ്മാതാണോ സംസ്ഥാനത്തിന് പുറത്ത് വളര്‍ന്ന നമ്മുടെ പെണ്‍കുട്ടികള്‍ വിവാഹമാലോചിക്കുമ്പോള്‍  ടിപ്പിക്കല്‍ മല്ലു പയ്യനെ എന്തായാലും വേണ്ട എന്നു പറയാറ്!

തീവ്രമായി ആഗ്രഹിക്കുന്നതോടൊപ്പം  നമ്മള്‍ തയ്യാറുമാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ എല്ലാം അനുകൂലമായി ഭവിക്കുമെന്നാരോ പറഞ്ഞത് വളരെ  ശരി. ഞങ്ങളുടെ കണവന്‍മാര്‍ മാറി ചിന്തിക്കാന്‍ തയ്യാറായി.
 
അങ്ങനെ ന്യൂയോര്‍ക്കിലെ ബഫലോയില്‍ നിന്നും ലേഖ, കാലിഫോണിയയില്‍ നിന്നും ഉമ, ഡെല്‍ഹിയില്‍ നിന്ന് ഇന്ദു, കോയമ്പത്തൂരില്‍ നിന്ന് ബിന്ദു, പിന്നെ നമ്മുടെ പോക്കണംകോട് പഞ്ചായത്തീന്ന് സാക്ഷാല്‍ ഞാനും റെഡി.

ആലപ്പുഴയില്‍ ടൗണില്‍ത്തന്നെയാണ് ഞങ്ങളുടെ വീടുകള്‍.  തോണ്ടന്‍കുളങ്ങരയില്‍ നിന്നും ബീച്ച് ലക്ഷ്യമാക്കി ഒരു യാത്ര. രാത്രിയില്‍ രണ്ടു മണിക്ക്. 

അഞ്ച് സൈക്കിളുകള്‍ സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരുമിച്ച് പഠിച്ച സൈക്ലിങ് കഥകള്‍ ഓര്‍മ്മിച്ചാണ് യാത്ര തുടങ്ങിയത്. കുട്ടിപ്പാവാട യ്‌ക്കൊപ്പം ഇടക്ക് മറിഞ്ഞടിച്ച് വീഴുന്ന ഞങ്ങളെ നോക്കി 'എടാ അതിന്റെ തുടേലൊരു ചൊറി മുട്ടിലൊരു പ്ലാസ്റ്റര്‍' എന്നൊക്കെ തരം താഴ്ന്ന് കമന്റിക്കൊണ്ട് നിന്ന ചില ചെക്കമ്മാരെ 'എന്നാ കാണാനാടാ നിക്കുന്നെ നിന്റമ്മേപ്പോയി നോക്കെടാ' എന്ന് ആക്രോശിച്ച ഝാന്‍സിറാണീടെ കുഞ്ഞമ്മേടെ മോളാകുന്ന സീനത്തിനെ സ്മരിച്ച് ഒരു പൊട്ടിച്ചിരിയോടെയാണ് ഇരുട്ടിനെ കീറി മുറിച്ച് ഞങ്ങള്‍ യാത്ര തുടങ്ങിയത്. 

വയലറ്റ് നിറമുള്ള രാത്രി, മുന്നോട്ട് നീങ്ങും തോറും ആകാശത്തിന് അതിരിട്ട്  വെളളി മൂക്കത്തികള്‍ പോലെ കാക്കത്തൊള്ളായിരം 
നക്ഷത്രങ്ങള്‍. കടത്തിണ്ണയില്‍ ഉറക്കത്തിനിടയില്‍ മിഴിച്ചു നോക്കിയ ഭ്രാന്തത്തിക്കും കഞ്ചാവില്‍ കിറുങ്ങിയ ഒരു ആത്മാവിനും പ്രേതബാധയേറ്റപോലെ ഒച്ച വെയ്ക്കാനൊരു സുവര്‍ണ്ണാവസരമുണ്ടാക്കി എന്നതൊഴിച്ചാല്‍ ശവക്കോട്ടപ്പാലം വരെ രണ്ടു കിലോമീറ്ററോളം  പോക്ക് സുഗമം സുന്ദരം.

എതിരെ ബൈക്കില്‍ ഇരച്ചു വന്ന രണ്ട്‌പേര്‍.  ഞങ്ങളെ ആപാദചൂഡം സ്‌കാന്‍ ചെയ്ത് slow ആക്കി മുന്നോട്ട് പോയതാണവര്‍. ഏകദേശം ബീച്ചടുക്കാറായിക്കാണും.  പിന്നിലായി ഏതാണ്ട് മരണക്കിണറില്‍ ബൈക്കുകളോടിക്കുന്ന ശബ്ദം.

മൂന്ന് ബൈക്കുകളിലായി നേരത്തെ കണ്ടുമുട്ടിയവരും ചേര്‍ത്ത് ആറു യുവാക്കള്‍. അവര്‍ ഞങ്ങളെ ബ്ലോക്ക് ചെയ്ത് നിര്‍ത്തി. 

'എങ്ങോട്ടാ ചേച്ചിമാരെ, ഓ അല്ല ആന്റിമാരെ. അതുമല്ല അമ്മച്ചിമാരെ'-എന്നൊക്കെ നാക്കിഴയുന്ന പോലുള്ള ഭല്‍സനങ്ങള്‍. 

'അങ്ങനങ്ങ് പോകാതെന്നെ ഞങ്ങളും വരാം'-ബൈക്ക് വശത്തോട്ട് മാറ്റി വെച്ച് ഏറ്റവും മുന്നിലായിരുന്ന ബിന്ദുവിനും ഉമയ്ക്കും അടുത്തേക്ക് നീങ്ങുന്ന കൈലി ധരിച്ച 2 പേര്‍.

തൊട്ടുപിന്നിലായി ഞാനും ഇന്ദുവും ഉണ്ട്. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേള്‍ക്കാനായി. പെട്ടെന്നാണ് പിന്നില്‍ നിന്ന് ഒരലര്‍ച്ച- 'നിക്കെടാ dont move'

അറിയാതെ handട up അടിച്ചു പോകുന്ന കമന്റ് കേട്ട് തിരിയുമ്പേള്‍ നീട്ടിയ പിസ്റ്റളുമായി ലേഖ സൈക്കിളീന്ന് ഇറങ്ങി മുന്നോട്ടടി വെയ്ക്കുന്നു.

'എടാ റൈഫിള്‍ ഷൂട്ടിങ്ങില്‍ 15 വര്‍ഷത്തെ പ്രാക്ടീസ് നേടിയത് ഇതിനും കുടിയാടാ.  നീയൊക്കെ ദേഹത്ത് തൊട്ടാല്‍ ഞങ്ങടെ ഫോണീന്ന് ഓട്ടോമാറ്റിക് കോള്‍ പോകും. ആലപ്പുഴ അത്ര വലിയ സ്ഥലൊന്നുമല്ല മോനെ'

ഉന്മാദബാധിതയെപ്പോലെ  ലേഖയത് പറയുമ്പോള്‍ അവളുടെ മിഴികളില്‍ നിന്നും തീപ്പൊരി ഉതിര്‍ന്നിരുന്നു.

സ്വിച്ചിട്ട പോലെ തിരിഞ്ഞു നടന്ന് അവര്‍ ബൈക്കില്‍ കയറും മുമ്പ് പിന്നീന്ന് ഒരു വിരട്ടല്‍ കൂടി കേട്ടു. 

'നീയൊക്കെ ഒന്നൂടി ഓര്‍ത്തോ, ഞങ്ങളും ഇതുപോലെ വേറെ ഞങ്ങളും ഇനീം വരും  കൂടുതല്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി, മക്കള് വണ്ടിവിട്.'

പച്ച വെള്ളം ചവച്ചു കുടിക്കുന്ന ഇന്ദുവിന് ഡെല്‍ഹി കൊടുത്ത ധൈര്യമേ!  കണ്ണുതള്ളിപ്പോയ എനിക്ക് പലതും നാവിന്‍തുമ്പില്‍ വന്നു.പക്ഷെ വന്നതിലും വേഗത്തില്‍ അവന്മാര്‍ മടങ്ങിയിരുന്നു.

അതിനു ശേഷം ഇരുട്ടിന്‍ മറയിലെ നിഴല്‍രൂപങ്ങള്‍  ഞങ്ങളെ ഭയപ്പെടുത്തിയതേയില്ല. വലിയതെന്ന് തോന്നുന്ന പല പ്രശ്‌നങ്ങള്‍ക്ക് നടുവിലും വളരെ നിസ്സാരമായി പരിഹാരം കാണാന്‍ കഴിയുമെന്നൊരു ധൈര്യമായിരുന്നു പിന്നീടങ്ങോട്ട്. 

ബീച്ചില്‍ ഒരു പുലര്‍കാലതട്ടുകടയില്‍ വെളിച്ചം കണ്ട്  കടും ചായയ്ക്കായി ഞങ്ങള്‍  നീങ്ങുമ്പോ ഞാന്‍ അമ്പരപ്പ് വിടാതെ ചോദിച്ചു.'ഈ പിസ്റ്റളൊക്കെ? '

'ഓ അത് മോന് ഡ്രാമയ്ക്ക് വാങ്ങിയതാന്നെ'

'പിന്നെ ഫോണീന്ന് കോള്‍ പോകുമെന്ന് പറഞ്ഞത്'

'ആ ആര്‍ക്കറിയാം. അങ്ങനെ ക്കൈ ഞങ്ങടെ അമേരിക്കേലുണ്ട്.'
 
കൂളായി ലേഖ പറഞ്ഞു. മുന്‍പ് കണ്ണില്‍തെളിഞ്ഞ അഗ്‌നിസ്ഫുലിംഗങ്ങളെ കാണാനേയില്ല. പകരം അവള്‍ പാട്ട് മൂളുന്നു.

നിശയുടെ നിലാവെളിച്ചത്തിന് നിശ്ശബ്ദ സംഗീതമുണ്ട്. ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന ഏകാന്ത സംഗീതം ഒപ്പം ഞങ്ങളും മൂളി. 

'Aaja re, aaja re o mere dilbar aaja
Dil ki pyaas bujha jaa re... oh ratree ratree'

പുലര്‍ച്ചക്ക് കാണുന്ന സ്വപ്നങ്ങളാണ് ഫലിക്കുക എന്നല്ലേ. അപ്പോ ഉറപ്പ്, ഈ യാത്ര നടക്കും. ലൈഫില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ മറന്നു വീണ്ടും ജീവിക്കാന്‍ തോന്നുന്നത്  ലോകത്ത് സ്വപ്നങ്ങള്‍ ഉളളതു കൊണ്ടല്ലേ? മനുഷ്യ മനസ്സിന്റെ വേവും നോവും ചൂടും ചൂരും നൊമ്പരവും നിര്‍വൃതിയും ആഹ്ലാദവും സന്താപവും പുര്‍ണ്ണമാകുവാന്‍ സ്വപ്നങ്ങള്‍ ഇല്ലെങ്കിലെന്തായേനെ? 

ഞാനും നീയും നമ്മളും ഉള്‍പ്പെടെ ഓരോ പെണ്ണിനും ഇങ്ങനെ നൂറു നൂറു  ബഡായിക്കഥകള്‍ പറയാനുണ്ടാകും. എന്തായാലും സ്വപ്നത്തിലെ സവാരി കൊണ്ട് ഒന്നു പിടി കിട്ടി. മനുഷ്യരാശിക്ക് സ്ത്രീ -പുരുഷ ഭേദമില്ലാതെ ഒരു മുഖച്ഛായയേ ഉള്ളൂ ഭയത്തിന്റെ! അല്ലെങ്കിലും ഇരുട്ട് നല്ലതാണ്. എന്നാലല്ലെ  നക്ഷത്രങ്ങളെ കാണാനാകൂ?  പകലിന്റെ തെളിച്ചം വേര്‍തിരിച്ചറിയാനാകൂ? ചിലരുടെ യഥാര്‍ത്ഥ വ്യക്തിത്വം മനസ്സിലാക്കാനാകൂ..

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'
 

Follow Us:
Download App:
  • android
  • ios