സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!

https://static.asianetnews.com/images/authors/6c108879-8c50-5a92-b85b-e0035fc8ffef.jpg
First Published 21, Jul 2018, 6:41 PM IST
rain notes Liz Lona
Highlights

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ലിസ് ലോന  എഴുതുന്നു

'നോക്കെടാ മഴയുണ്ട് ഇന്ന്'

കെട്ട്യോന്റെ പറച്ചില്‍ കേട്ടാണ് കണ്ണ് തുറന്നത്. കിടക്ക വിട്ട് ചാടിയെണീറ്റു ഓടിപോയി നോക്കാനുള്ള മൂഡൊന്നും തോന്നിയില്ല.

പതുക്കെ എണീറ്റ് വന്ന് ജന്നലില്‍ കൂടി നോക്കിയപ്പോള്‍ മഴ. പണ്ട് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ സമയത്തു കൈ കഴുകാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്ന ഉച്ചവെയിലോട് കൂടിയ മഴയുടെ ഭംഗിയുടെ നാലയലത്തു എത്തില്ലെങ്കിലും മഴ തന്നെയിത്. 

കാക്കേടേം കുറുക്കന്‍േറം കല്യാണത്തിനാണ് അങ്ങനെ മഴ പെയ്യുന്നത് എന്ന് സ്‌കൂളില്‍ നിന്നും വല്ല്യേ അറിവുള്ള കൂട്ടുകാര്‍ പറഞ്ഞു തന്നതാണ്. കുറുക്കനെന്തിനാ കാക്കേനെ കല്യാണം കഴിക്കുന്നത് എന്നൊന്നും അന്ന് ചിന്തിച്ചില്ല. 

വെയിലത്തുള്ള മഴക്ക് നല്ല ഭംഗിയായിരുന്നു അന്ന്. 

ഇന്ന് ഈ മഴയാണ് ശീലം.

പെയ്യണോ? ഇനി അറബികള്‍ക്ക് ഇഷ്ടമാവുമോ എന്നൊക്കെ വിഷമിച്ചു പെയ്യുന്ന മഴ!

നാട്ടില്‍ മഴക്കാലത്തിന്റെ തുടക്കമിട്ടു പെയ്യുന്ന മഴക്ക് പുതുമണ്ണിന്റെ മണമാണ്. ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പ്രത്യക അനുഭൂതി. 

മഴ കണ്ടുകൊണ്ട് കട്ടന്‍ചായയും കുടിച്ചു നോക്കിയിരിക്കാന്‍  അതിലേറെ സന്തോഷം. പക്ഷേ ഒന്നു പുറത്തേക്കിറങ്ങാന്‍ റെഡി ആയി വരുമ്പോള്‍ തകര്‍ത്തു പെയ്യുന്ന മഴ കണ്ടാല്‍ വരുന്ന കലിക്കു മഴയോളം ചന്തമില്ല. 

ഓടിട്ട വീട്ടില്‍, പാതിരാത്രി ബോധം കെട്ട് ഉറങ്ങി കിടക്കുമ്പോള്‍ പൂരപ്പറമ്പിലെ  ഇല്ല്യൂമിനേഷന്‍ ബുള്‍ബുകളെ തോല്പിച്ചുകൊണ്ട് മിന്നലിനെയും ഇടിവെട്ടിനെയും കൂട്ട് പിടിച്ചു വരുന്ന മഴയെ പേടിയാണ്. ഓടിന്റെയും ജാലകവിടവിലൂടെയും  മുഖത്താരോ ടോര്‍ച്ചടിച്ചു നോക്കുംപോലെ വരുന്ന മിന്നലിന്റെ വികൃതികള്‍ ശുണ്ഠി പിടിപ്പിക്കാറുണ്ട്.

അത്തരമൊരനുവമായിരുന്നു ദുബായിലെത്തിയ കാലത്ത് പേടിപ്പിച്ച ആ മഴയ്ക്കും. പിന്നൊരിക്കലും അങ്ങനൊരു മഴ കണ്ടിട്ടേയില്ല. 

ജീവിതം ഒന്നുകൂടി മെച്ചപ്പെടുത്തി ഒരുക്കൂട്ടുന്നതിനു മണലാരണ്യത്തിലേക്ക് പറിച്ചു നട്ട കാലമായിരുന്നു. 

കോഴിത്തോല് വറുത്തതും  പല്ലിളിച്ചിരിക്കുന്ന പുഴുങ്ങിയ തിലോപ്പിയമീനിന്റ പല്ലും ഊണുമേശയില്‍ കണ്ടുമടുത്തൊരു ദിവസം ഒരു തരത്തിലും ഇനി ഫിലിപ്പീനി പെണ്ണുങ്ങളുടെ കൂടെ ബെഡ് സ്‌പേസ് പങ്കു വക്കാന്‍ പറ്റില്ലന്ന്  ഞാന്‍ കെട്ട്യോനെ അറിയിച്ചു .

ബാധ്യതകള്‍ ഒരുപാടുള്ളത് കൊണ്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ വരുന്ന ചിലവ് താങ്ങാന്‍ അന്നത്തെ ശമ്പളത്തിന് കഴിയാത്തതിനാല്‍ കമ്പനി അക്കോമഡേഷനില്‍ തന്നെയാണ് പുള്ളിയുടെ താമസം. 

വീട്ടിലേക്ക്  അയച്ചതിന്റെ നീക്കുബാക്കിയില്‍ അങ്ങനെ ഞങ്ങള്‍ കുറേശ്ശേ കുറേശ്ശേ വീട്ടുസാധനങ്ങള്‍ വാങ്ങിത്തുടങ്ങി. ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയാല്‍  നാട്ടിലെന്റെ വീട്ടില്‍ നില്‍ക്കുന്ന മോളെയും കൊണ്ടുവരാം.  അതൊക്കെയാണ്  സ്വപ്നം.

വെള്ളിയാഴ്ചകളില്‍ രണ്ടാളും ഒരുമിച്ചു കൂടി പോക്കറ്റിനു താങ്ങാന്‍ പറ്റുന്ന രീതിയില്‍ സാധനങ്ങളൊക്കെ ഒരുക്കൂട്ടി. ഇനി കൊക്കിലൊതുങ്ങുന്ന ഒരു വീട് കണ്ടെത്തണം. കുറെ അലഞ്ഞപ്പോള്‍ തരക്കേടില്ലാത്ത ഒരു ഷെയറിങ് വില്ല കണ്ടെത്തി. ഒരു മുറിയും അടുക്കളയും ബാത്‌റൂമും. അതേ ഇതുമതി ഇതല്ല ഒരു ചായ്പ്പായാലും ഞാന്‍ തയ്യാര്‍. അഡ്വാന്‍സും കൊടുത്തു ഞങ്ങള്‍ മടങ്ങി.

രണ്ടു ദിവസത്തെ സമയം അവര്‍ ചോദിച്ചിരുന്നു. അല്ലറ ചില്ലറ പണികളുണ്ട്. അതൊക്കെ തീര്‍ത്തു പെയിന്റടിച്ചാല്‍ സംഗതി ജോറായി എന്ന് പാകിസ്താനി പറഞ്ഞപ്പോള്‍ ഞങ്ങളും ഹാപ്പി.

പണികളെല്ലാം തീര്‍ന്നു എന്ന ഫോണ്‍ വന്നതും ഒരുമാസത്തെ വാടക മുന്‍കൂര്‍ കൊടുത്ത്, ഉറുമ്പ് ഒരുക്കൂട്ടിയ പോലെ കൂട്ടിവച്ച സാധനങ്ങളും കൊണ്ട് ഞങ്ങള്‍ മാറി.
 
അത്രേം നാള്‍ ബെഡ്‌സ്‌പേസില്‍ കണക്കെണ്ണി കാല്‍ചുവട് വച്ചിരുന്ന എനിക്ക് സ്വന്തം വീട് ഗ്രഹണി പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ വച്ച കലം കിട്ടിയപോലാരുന്നു.

എല്ലാം അടുക്കിപെറുക്കി വച്ചു അതിന്റെ ഭംഗിയും നോക്കി നിന്ന എന്നോട് പാകിസ്താനി വന്ന് 'അരേ ക്യാ കമാല്‍ കര്‍ദിയാ ബേന്‍ജി' എന്നു ചോദിച്ചതോടെ ഞാനങ്ങു എമിറേറ്റ്‌സ് വിമാനം പറക്കുന്നതിനേക്കാള്‍ പൊങ്ങി.

കയ്യിലിനി ഒരഞ്ചു പൈസയില്ല. ശമ്പളം വന്നാല്‍ തന്നെ അഡ്വാന്‍സ് വാങ്ങിയതും കൂടി വെട്ടിച്ചുരുക്കിയെ ബാങ്കിലെത്തു.

മോള്‍ക്കുള്ള വിസക്കും ടിക്കറ്റിനുമുള്ള പൈസ  കൊടുക്കണം. വിസ പാസായതോണ്ട് ഇനിയും വൈകിക്കാന്‍ പറ്റില്ല. ശമ്പളത്തീയതി വരെയേ കടം പറഞ്ഞിട്ടുള്ളു പരിചയക്കാരനോട്. 

പലചരക്കുസാധനങ്ങള്‍ കടം തന്ന മലയാളിയുടെ ഗ്രോസറിയില്‍ പറ്റു തീര്‍ക്കണം.

കെട്ട്യോന്റെ ക്രെഡിറ്റ് കാര്‍ഡിന്റെയും ലോണിന്റെയും അടവ്  തീര്‍ക്കണം. നാട്ടിലേക്ക് മാസം തോറും അയക്കാനുള്ള പൈസയും. 

ഇതൊക്കെ ഓര്‍ത്തു ഓട്ടുകമ്പനിയിലെ പുകക്കുഴലിന്നു പുക പോകുംപോലെ തലയില്‍നിന്ന് പുക പോകുന്നുണ്ട്. 

മഴയെ പ്രതീക്ഷിക്കാത്ത പാകിസ്താനി മുറി പുതുക്കി പണിതപ്പോളുണ്ടായ പിഴവ്. 

വൈകുന്നേരമായപ്പോഴേക്കും ചെറിയ മഴക്കോളുണ്ട്. മനസ്സ് മഴക്കാറ് കണ്ട മയിലായി. പുതിയ വീട്ടിലെ സമാധാനത്തില്‍ ഞങ്ങള്‍ ടീവിയൊക്കെ കണ്ട് ഭക്ഷണമൊക്കെ കഴിച്ചു ഉറങ്ങാന്‍ കിടന്നു. 

ഏസിയുടെ തണുപ്പും ഒച്ചയും കാരണം മഴ തുടങ്ങിയത് ഞങ്ങളറിഞ്ഞില്ല. ചെറുപ്പത്തില്‍ പുഴയില്‍ വീണ രംഗവും വെള്ളവും വീണ്ടും സ്വപ്നമായി അലോസരപ്പെടുത്തിയപ്പോള്‍ എന്റെ ഉറക്കം തെളിഞ്ഞു.

സ്വപ്നമല്ല! മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ് . പുതിയതായി വാങ്ങിയ ടീവിയും സിനിമ കണ്ട് അടച്ചു വക്കാന്‍ മറന്നു പോയ ലാപ്‌ടോപ്പും നനഞ്ഞ കോഴികളെ പോലെ തൂങ്ങിയിരിപ്പുണ്ട് . 

മഴയെ പ്രതീക്ഷിക്കാത്ത പാകിസ്താനി മുറി പുതുക്കി പണിതപ്പോളുണ്ടായ പിഴവ്. 

ഒന്നും ചെയ്യാനില്ല. മഴ മുഴുവന്‍ കൊണ്ടു, കടം വാങ്ങിയ പൈസക്ക് സ്വന്തമാക്കിയ വാടകവീട്ടിലെ കട്ടിലിലിരുന്നു കൊണ്ടു ഒരു തുള്ളി പോലും കളയാതെ. മഴയൊതുങ്ങിയപ്പോള്‍ മാറിയുടുക്കാന്‍ ഒരു തുണി വരെ ഇല്ല.

ടീവിയും ഫ്രിഡ്ജും ലാപ്‌ടോപ്പും ഫോണുമെല്ലാം പനിപിടിച്ചു ഇനി പണിക്കില്ലെന്നറിയിച്ചു. പാസ്‌പോര്‍ട്ട് , തമ്പുരാന്‍ സഹായിച്ചു കമ്പനിക്കാര് വാങ്ങിവച്ചിരുന്നത് കൊണ്ട് അതിന് കേടൊന്നും പറ്റിയില്ല. 

പിന്നെയും മാസങ്ങള്‍ കുറെ പിടിച്ചു ഒന്നു നടു നിവര്‍ന്ന് പണിമുടക്കിയ സാധനങ്ങളെല്ലാം വീണ്ടും വീട്ടിലെത്താന്‍.

വല്ലപ്പോഴും പെയ്യുന്ന മഴയില്‍ വണ്ടിയോടിക്കാന്‍ ഇഷ്ടമാണെന്ന് കെട്ട്യോന്‍ പറയുമ്പോള്‍ ഒന്നു നനഞ്ഞാല്‍ വഴുക്കി പോകുന്ന മിനുസമുള്ള റോഡും ഒടുക്കത്തെ ഒരു ട്രാഫിക് ബ്ലോക്കും മനസ്സിലേക്ക് ഓടിയെത്തും.

എങ്കിലും ഇപ്പൊ മഴയോടുള്ള പ്രണയം പറയാന്‍ തുടങ്ങുമ്പോളെ കെട്ട്യോനോന്നു നോക്കും, ഞാനും പറയും ....തുറിച്ചു നോക്കല്ലേ മിഷ്ടര്‍ എന്ന്. 

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

loader