Asianet News MalayalamAsianet News Malayalam

രാത്രി നല്‍കിയ സ്വാതന്ത്ര്യം

  • സ്ത്രീകള്‍ രാത്രികള്‍
  • ശ്രുതി രാജന്‍ എഴുതുന്നു
Nights Women Sruthi Rajan

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women Sruthi Rajan

മഴയില്‍ രാത്രിമഴയ്ക്ക് മാത്രം ഒരു പ്രത്യേക വശ്യതയുണ്ട്. അവള്‍ മുടിയഴിച്ചിട്ട് ആടിത്തുടങ്ങുമ്പോള്‍ പെരുവിരല്‍ മുതല്‍ പടര്‍ന്നു കയറുന്ന തണുപ്പിനോട് ഭ്രാന്തമായ അഭിനിവേശം തോന്നും. നനയാന്‍ തോന്നുന്ന മഴ, അതെന്നും രാത്രിയുടേതായിരുന്നു. കൊലുസ്സിന്റെ കിലുക്കമുള്ള, നിശാപുഷ്പങ്ങളുടെ സുഗന്ധമുള്ള, പ്രണയത്തിന്റെ  ഭാവങ്ങളാര്‍ന്ന രാത്രിമഴകള്‍. ഏറ്റവും മത്തു പിടിപ്പിക്കുന്ന ഗന്ധം രാത്രി വിടരുന്ന വെളുത്ത പൂക്കളുടേതാണ്. യക്ഷിയുടെ വരവറിയിക്കുന്നു എന്ന് മുത്തശ്ശിക്കഥകള്‍ പലവുരു വര്‍ണ്ണിച്ച പാരിജാതത്തിന്റെയും പാലയുടെയും പിച്ചകത്തിന്റെയും മുല്ലയുടെയും നിശാഗന്ധിയുടെയും ഗന്ധങ്ങള്‍. രാപ്പാടിയുടെ പാട്ടിലെ വിഷാദം പോലെ ഗാഢമായ സംഗീതം മറ്റൊരു പക്ഷിയുടെ പാട്ടിനും പകരാനാവില്ല.. മഞ്ഞവിളക്കുകാലുകള്‍ മുനിഞ്ഞു കത്തുന്ന പാതകള്‍ക്ക് രാവ് നല്‍കുന്ന ചന്തം പകലിനെന്നും അപ്രാപ്യം തന്നെ..

രാത്രിയുടെതായ എല്ലാമെല്ലാം വിശിഷ്ടമാണ്. പ്രണയാര്‍ദ്രമാണ്. നെഞ്ചിന്റെ മിടിപ്പുകളോട് ചേര്‍ത്ത് വയ്ക്കാവുന്ന അനേകം 'പ്രിയപ്പെട്ടതുകള്‍'.. രാത്രികള്‍ സ്വാതന്ത്ര്യങ്ങളുടേതാണ് എന്ന് ഞാന്‍ പറയുമ്പോള്‍ എന്റെ  പേരിലെ സ്ത്രീയെന്ന അടയാളം പലരേയും ചിരിപ്പിച്ചേക്കാം. സ്വാതന്ത്ര്യങ്ങളുടെത് തന്നെയാണ്. എനിക്കും എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ നോക്കിയിരിക്കുന്നവര്‍ക്കും എല്ലാം രാത്രി നല്‍കുന്നത് സ്വാതന്ത്ര്യം തന്നെയാണ്. യാത്രകളോട് എന്നുമെന്നും പ്രണയമാണ്. ഒറ്റയ്ക്കുള്ള യാത്രകള്‍ ഏറെയും രാത്രികളിലായിരുന്നു എന്നത് യാദൃശ്ചികത ആയിരുന്നില്ല. രാത്രിയോടുള്ള അഭിനിവേശത്തിന്റെ പുറത്ത് മനപ്പൂര്‍വ്വം തിരഞ്ഞെടുത്തവ തന്നെ. പക്ഷേ.. ഏറ്റവുമധികം കലഹിച്ചതും രാത്രി യാത്രകളില്‍ ആയിരുന്നു എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് 'സ്വാഭാവികം' എന്നേ തോന്നൂ. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ വിന്‍ഡോ സീറ്റില്‍ ഉറക്കത്തിലേക്ക് വഴുതിവീണു പോകുന്ന വേളകളില്‍ കൃത്യമായി ഇഴഞ്ഞ് എന്റെ ശരീരം തേടി വന്നിരുന്ന കൈകളോടു മുതല്‍ ചെന്നൈ നഗരത്തിലെ ഒരു പാതിരാവില്‍ ഒറ്റപ്പെട്ടു പോയ ആ തെരുവില്‍ തക്കം മുതലാക്കാന്‍ വന്ന രണ്ടു പേരെ ഓടിത്തോല്‍പ്പിച്ച അവസ്ഥയോട് വരെ എണ്ണമറ്റ കലഹങ്ങള്‍. അന്ന് ഒരു ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ വെപ്രാളത്തോടെ ഓടിച്ചെന്നു വീഴുമ്പോള്‍ മരണത്തെ ആയിരുന്നില്ല ഞാന്‍ ഭയന്നതെന്ന് വ്യക്തം. അത് എങ്ങനെ ആകരുത് എന്ന് ഉള്ളില്‍ എവിടെയോ ഊട്ടിയുറപ്പിച്ചത് ഇല്ലാതാകുമെന്നുള്ള ഭയം. അന്ന് ആ നേരത്ത് യാത്ര ചെയ്യാന്‍ എനിക്ക് ഉണ്ടായതും എന്റെ വഴിയില്‍ പിന്തുടര്‍ന്ന് വരാന്‍ അവര്‍ക്കുണ്ടായതും സ്വാതന്ത്ര്യം തന്നെയായിരുന്നു. രാത്രി നല്‍കിയ സ്വാതന്ത്ര്യം.

പക്ഷേ അന്നത്തെ രാവിനിപ്പുറവും രാത്രിയെ ഭയന്നില്ലെന്നതാണ് വാസ്തവം. യാത്രകള്‍ ചെയ്യാന്‍ രണ്ടാമതൊന്ന് ഓര്‍ക്കാതെ വീണ്ടും വീണ്ടും ചാടിപ്പുറപ്പെട്ടു. പ്രിയപ്പെട്ടവരേ കാണാനുള്ള യാത്രകളെയെല്ലാം രാത്രിക്ക് മാത്രം വിശേഷാധികാരമായി നല്‍കി. പഠിക്കുന്ന കാലത്ത് ഏറ്റവും കൂടുതല്‍ വിശപ്പറിഞ്ഞ പാതിരാത്രികളില്‍ മന്ദാകിനി എന്ന് ഞങ്ങള്‍ വിളിക്കുന്ന ആ ഇത്തിരിക്കുഞ്ഞന്‍ സ്‌കൂട്ടറില്‍ മൂന്നു പേര്‍ കമ്പില്‍ കോര്‍ത്ത പോലെ കേറി തട്ടുകടകള്‍ തേടി ഗേറ്റ് കടന്ന് ഇറങ്ങിയിരുന്നതില്‍ കിട്ടിയിരുന്ന ത്രില്ല് ഇന്നും അതിലും മിഴിവോടെ അതേപടി ഉണ്ടെന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ രാവിനോടുള്ള ഭ്രാന്ത്. വീണ്ടും പോണ്ടിച്ചേരിയിലേക്ക് തന്നെ ഗവേഷണം ലക്ഷ്യമാക്കി വന്നത് ആ സ്വാതന്ത്ര്യങ്ങളെ തിരിച്ചു പിടിക്കാനുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്. സ്വാതന്ത്ര്യങ്ങള്‍ക്ക് മേലെ മറ്റൊരുവന്റെയും സ്വാതന്ത്ര്യം അനാവശ്യമായി ഈ നഗരത്തില്‍ ഉള്ള കാലത്ത് പടര്‍ന്നു കയറിയിട്ടില്ല. ഇവിടെയുള്ള രാവുകള്‍ സ്വാതന്ത്ര്യങ്ങളുടെത് മാത്രമല്ല പരസ്പര ബഹുമാനത്തിന്റെതും കൂടിയാണ് ഒരു പരിധി വരെ. മറ്റെവിടേയും കാണാത്ത വിധം സുരക്ഷിതത്വം ഇവിടത്തെ സ്വാതന്ത്ര്യത്തിലുണ്ട്. കലഹിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. രാത്രി ജീവിതം മറ്റെവിടെ ഉള്ളതിലും സജീവമായ നഗരം.

ഇരുട്ടിനുള്ളത്രയും തെളിച്ചമൊന്നും പകലിന് ഇന്നുവരെ തോന്നിയിട്ടില്ല. പകല്‍ യാന്ത്രികതകളുടെതാണ്. ചെയ്യാനുള്ളവ ചെയ്തു തീര്‍ക്കാന്‍ മണിക്കൂറുകളേയും വെളിച്ചത്തേയും ഓടിത്തോല്‍പ്പിക്കാനുള്ള താത്കാലികത മാത്രമായേ പകലിനെ കണ്ടിട്ടുള്ളൂ. ജീവിതം ശെരിക്കും തുടങ്ങുന്നത് പകല്‍ മങ്ങുമ്പോഴാണ്. പകലിന്റെ മുഖമെഴുത്തുകള്‍ അഴിഞ്ഞു വീണു തുടങ്ങുന്ന സന്ധ്യയോടോന്നിച്ച് അത്രമേല്‍ സ്‌നേഹത്തോടെ രാവിനെ ചേര്‍ത്തു പിടിച്ചു തുടങ്ങണം.

പറ്റിച്ചേരണം, നാട്ടിലെ ഉത്സവപ്പറമ്പുകളും തെയ്യക്കോലങ്ങളും ഉണരുന്ന രാവിനൊപ്പം. കറ്റ കരിച്ച കണ്ടത്തില്‍ ഉയര്‍ത്തിക്കെട്ടിയ സ്റ്റേജില്‍ നാടകങ്ങളാകുന്ന രാവിനൊപ്പം. ചലച്ചിത്രമേളകളിലെ അവസാന സിനിമയും കണ്ട് വാതോരാതെ സിനിമ സംസാരിക്കാന്‍ നല്ലിടമായി മാറുന്ന രാവിനൊപ്പം. മഴയോട് മുഖം ചേര്‍ത്ത് പ്രിയപ്പെട്ടവരോട് ചേര്‍ന്ന് നടക്കാന്‍ കൊതി തോന്നിപ്പിക്കുന്ന രാവിനൊപ്പം. ട്രെയിന്‍ യാത്രകളില്‍ ജനാലസീറ്റില്‍ കൈമുട്ടൂന്നി നിഴലുകള്‍ അനങ്ങുന്ന കാഴ്ചകളിലേക്ക് വഴിയും ബോധവും തെറ്റാന്‍ ചന്തം പകരുന്ന രാവിനൊപ്പം.

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!
 

Follow Us:
Download App:
  • android
  • ios