Asianet News MalayalamAsianet News Malayalam

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

  • ദേശാന്തരത്തില്‍ ജോസഫ് എബ്രഹാം
Deshantharam Joseph Abraham
Author
First Published May 30, 2018, 5:48 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Joseph Abraham

അമേരിക്കയിലേക്കുള്ള കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ കമ്മ്യൂണിസ്റ്റുകാരന്‍  ആണോ എന്ന ചോദ്യത്തിന് അല്ല എന്നെഴുതിക്കൊടുത്തതില്‍ ഒരു പരമ്പരാഗത കമ്മ്യൂണിസ്റ്റുകാരനല്ലാത്തതിനാല്‍ എനിക്ക് യാതൊരു വിധ മനസ്താപവും തോന്നിയിരുന്നില്ല. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വിസ കിട്ടാനുള്ള ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ കമ്മ്യുണിസ്റ്റുകാരനാണോയെന്നു  ചോദിച്ച  ചീനക്കാരിയോടും പിന്നീട്  അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ച ക്യൂബക്കാരിയോടും അല്ലായെന്ന് സത്യം ചെയ്തു പറഞ്ഞപ്പോഴും വിശേഷിച്ചൊന്നും തന്നെ തോന്നിയില്ല. 

ഞാന്‍   ഒരു കമ്മ്യുണിസ്റ്റ്  ആണോ  അല്ലയോ എന്ന്  അറിയാന്‍ അമേരിക്കന്‍ സര്‍ക്കാരിനല്ലാതെ    വേറെയാര്‍ക്കുംതന്നെ ഒരു താല്‍പര്യവും ഇതുവരെ  ഉണ്ടായിട്ടില്ല.  ഇന്ത്യക്കാരന്‍ അല്ലെങ്കില്‍  കേരളക്കാരന്‍ എന്നൊക്കെ പറയുമ്പോള്‍  ഹിന്ദുവാണോ മുസ്ലിമാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട് എന്നാല്‍ കമ്മ്യണിസ്റ്റുകാരന്‍ ആണോന്ന് ആരും ചോദിച്ചിട്ടില്ല. ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്ന  കേരളത്തിന്റെ പെരുമ ലോകത്ത് എല്ലാവര്‍ക്കും അറിയുമെന്നൊക്കെയാണ്  ഞാന്‍  വിചാരിച്ചിരുന്നത്. സഖാവ് ഇ എം എസിനെയും പി കൃഷ്ണപിള്ളയെയും, അച്യുതാനന്ദന്‍ സഖാവിനെയും  പിണറായിയെയുമൊക്കെ അറിയുകയും ഓര്‍ക്കുകയും  അന്വേഷിക്കുകയും  ചെയ്യുന്ന ലോകത്തിലെ ഏക സര്‍ക്കാര്‍  അമേരിക്കന്‍ സര്‍ക്കാര്‍ മാത്രമാണെന്ന്  എനിക്കങ്ങനെ  ബോധ്യമായി. എന്നാലും നമ്മുടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക്  എന്തുകൊണ്ടാണ് ഇപ്പോഴും അമേരിക്ക ശത്രുവായി തുടരുന്നത്  എന്ന കാര്യം മാത്രമാണ് അങ്ങട് പിടികിട്ടാത്തത്. 

അമേരിക്കന്‍ പൗരനാകുന്നതിനുള്ള  സത്യപ്രതിജ്ഞ  ചടങ്ങ് നടക്കുന്ന ഫെഡറല്‍ കോടതിയുടെ കവാടത്തിലെത്തിയ എന്റെ കോട്ടും, ബെല്‍റ്റും,  വാച്ചും, പേഴ്‌സുമെല്ലാം അഴിച്ചുവാങ്ങി  ഒരു പ്ലാസ്റ്റിക് ട്രേയിലിട്ട് സ്‌കാനിങ് മെഷീനിലൂടെ കടത്തി വിട്ടു. മെറ്റല്‍ ഡിറ്റക്‌റിലൂടെ സുരക്ഷാ പരിശോധനക്കായി ഞാന്‍ കടന്നു പോയപ്പോള്‍ ചുവന്ന ബള്‍ബു മിന്നിച്ചും ശബ്ദമുണ്ടാക്കിയും  മെറ്റല്‍ ഡിറ്റക്റ്റര്‍  അപായ സൂചന നല്‍കി. ദേഹപരിശോധനയുടെ ചുമതലയുള്ള തടിച്ചിപ്പാറുവായ   ജോലിക്കാരി  കടുത്ത മേക്കപ്പിനൊപ്പം കണ്‍പോളകള്‍ക്ക്  മീതെ വെച്ചുപിടിപ്പിച്ച  കനത്ത പീലികള്‍ ആയാസപ്പെട്ടുയര്‍ത്തി സംശയത്തോടെ എന്റെ  നേരെനോക്കി  ഒട്ടും മര്യാദയില്ലാതെ പറഞ്ഞു.

'ഗോ ബാക്ക് ആന്‍ഡ് ഡു എഗൈന്‍'

'നീ ഇപ്പൊ ഇങ്ങനെ പറഞ്ഞോ, തിരിച്ചിറങ്ങി വരുമ്പോള്‍ ഞാന്‍ ഒരു അമേരിക്കന്‍ പൗരന്‍ ആയിരിക്കും. ഇതുപോലെ  അന്നേരമെങ്ങാനും നീ  എന്നോട് പറഞ്ഞാല്‍ എങ്ങിനെ ഇംഗ്ലീഷില്‍ മര്യാദയോടെ സംസാരിക്കണമെന്ന് നിനക്ക് ഞാന്‍ പഠിപ്പിച്ചു തരുന്നുണ്ട്' എന്ന് മലയാളത്തില്‍ മനസ്സില്‍ പറഞ്ഞുകൊണ്ട്  ഒരിക്കല്‍ കൂടി  മെറ്റല്‍ ഡിറ്റക്റ്ററിലൂടെ ഞാന്‍ നടന്നു. ഇപ്രാവശ്യം  എന്തായാലും കുഴപ്പമൊന്നും കൂടാതെ  കടന്നു കൂടി സന്ദര്‍ശകര്‍ക്കുള്ള ലോബിയിലെത്തി. സന്ദര്‍ശക ലോബിയിലെ  മുഴുവന്‍ ഇരിപ്പിടങ്ങളും നിറഞ്ഞു കഴിഞ്ഞിരുന്നു. പറ്റിയ ഇരിപ്പടം ഒന്നും കാണാഞ്ഞതിനാല്‍  ഹാളിന്റെ ഒരുവശത്തെ ചില്ല് ഭിത്തിക്ക് അരികിലേക്ക് മാറിനിന്നുകൊണ്ട് പുറം കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു. 

ചുറ്റും ആകാശത്തേക്ക്  തലയുയര്‍ത്തി നില്‍ക്കുന്ന  മനോഹരമായ കെട്ടിടങ്ങള്‍. റോഡിലൂടെ കടന്നു പോകുന്ന പലതരം വാഹനങ്ങള്‍. കാല്‍നടക്കാര്‍ക്കു വേണ്ടി പാതയുടെ ഇരു വശങ്ങളിലുമായി നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതകളിലൂടെ നടന്നു പോകുന്ന ആളുകള്‍. അതില്‍ സ്യൂട്ട് ധരിച്ചു പോകുന്നവരുണ്ട്. സാധാരണ വേഷത്തില്‍ പോകുന്നവരുണ്ട്. തിരക്കിട്ട് പോകുന്നവരും അലസഗമനം നത്തുന്നവരും ധാരാളം. അല്‍പം മാറിയുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കറുത്ത വര്‍ഗക്കാരായ ചിലര്‍ ബസ്  കാത്തിരിക്കുന്നുണ്ട്. 

ശീത കാലത്തിനെ വരവേല്‍ക്കാനായി മരങ്ങള്‍ എല്ലാം ഇലപൊഴിച്ചു വിളറി നില്‍ക്കുന്നുണ്ട്. പുറത്ത് സാമാന്യം നല്ല തണുപ്പുണ്ട്  ഇലയനക്കം ഒന്നു കാണുവാന്‍ ഇല്ലെങ്കിലും തണുത്തകാറ്റ് വീശുന്നുണ്ട്. നിരത്തിലെ തെരുവിളക്ക് കാലിനു ചുവട്ടില്‍ ഒരു വെള്ളക്കാരന്‍ കിഴവന്‍ മുഷിഞ്ഞ വസ്ത്രങ്ങളും പഴയ ഒരു ജാക്കറ്റും ധരിച്ചു നില്‍ക്കുന്നുണ്ട്. അയാളുടെ നെഞ്ചിനോട് ചേര്‍ത്ത്  സാധനങ്ങള്‍ പായക്ക് ചെയ്തു വരുന്ന കടലാസ് പെട്ടിയുടെ ഒരു കഷണം ചീന്തിയെടുത്തത് പിടിച്ചിട്ടുണ്ട്  അതില്‍ കറുത്ത മഷിയില്‍ എഴുതിയിട്ടുണ്ട്  'ഹോംലെസ്  ആന്‍ഡ് ഹംഗ്‌റി. പ്ലീസ് ഹെല്‍പ്'. നിരത്തില്‍ സിഗ്‌നല്‍ ചുവപ്പ് നിറമാകുമ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ അരികിലേക്ക് അയാള്‍ നടന്നു ചെല്ലും ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങി നന്ദി പറയുകയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യും. വാഹനങ്ങള്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അയാള്‍ വീണ്ടും തിരികെ വിളക്ക് കാലിന്റെ ചുവട്ടില്‍ വന്നു നില്‍ക്കും.   

ലോബിയില്‍ ആളുകളുടെ എണ്ണം കൂടി വന്നു. എല്ലാവരും  വളരെ സന്തോഷത്തിലാണ് ഏറ്റവും നല്ല വസ്ത്രങ്ങളും ധരിച്ചു വളരെ നന്നായി ഒരുങ്ങിയാണ് അവെരെല്ലാം എത്തിയിരിക്കുന്നത്.  എല്ലാവരുടെയും കൂടെ അവരുടെ കുടുംബക്കാരും ബന്ധുക്കളും കുഞ്ഞുങ്ങളുമൊക്കെയുണ്ട്. അമേരിക്കന്‍ പൗരത്വം എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് അവരെല്ലാം.

ഹാളില്‍ വര്‍ത്തമാനവും ഫോണ്‍ വിളിയും അധികരിച്ചപ്പോള്‍ എന്റെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. പലതരത്തിലുള്ള ആളുകള്‍, പലദേശത്തുനിന്നു വന്ന അവര്‍ പല പല ഭാഷകളില്‍ സംസാരിക്കുന്നു. ഏഷ്യക്കാരും, അറബികളും,  അഫ്രിക്കക്കാരും  യൂറോപ്യന്‍മാരും ഒക്കെ ആയിട്ടുള്ള ജനസഞ്ചയം. കൂട്ടത്തില്‍ മെക്‌സിക്കോക്കാരും ലാറ്റിന്‍ അമേരിക്കക്കാരുമെന്ന്  തോന്നിക്കുന്ന ആരെയും കണ്ടില്ല. അല്ലെങ്കിലും അവര്‍ക്ക്   ഇത്തരം കാര്യങ്ങളില്‍ വല്യ വിശ്വാസം ഒന്നുമില്ലന്നാണ് തോന്നുന്നത്. അമേരിക്കയില്‍ വരണമെന്നു  തോന്നുമ്പോള്‍ അവര്‍ അതിര്‍ത്തി കടന്നിങ്ങു പോരും. വിസയും പേപ്പറുമൊന്നും അവര്‍ക്ക് ഒരു വിഷയമേയല്ല.

ഒരു അമേരിക്കന്‍ പൗരന്‍ ആകുന്നതിലൂടെ എന്റെ  ഇപ്പോഴുള്ള ജീവിതത്തില്‍ വലിയമാറ്റമൊന്നു വരുവാന്‍ പോകുന്നില്ല. നാളെയും പതിവ് ജോലികള്‍ തന്നെ ചെയ്യണം. എന്നിരുന്നാലും പൗരന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ജോലികള്‍ക്കുള്ള അപേക്ഷ കൊടുക്കാം, തിരഞ്ഞെടുപ്പില്‍  വോട്ട് ചെയ്യാം എന്നുള്ള ഗുണവശങ്ങള്‍ ഇല്ലാതില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ലാഭം ഇന്ത്യന്‍ സര്‍ക്കാരിനാണ്.   ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് നല്കാന്‍  അവര്‍ 175 ഡോളറും സര്‍വീസ് ചാര്‍ജായി ഇരുന്നൂറിലേറെ ഡോളറുമാണ് വാങ്ങുന്നത്. വിദേശ ഇന്ത്യക്കാരന്‍ എന്ന കാര്‍ഡിന് 275 ഡോളറും സര്‍വീസ് ചാര്‍ജും. മൊത്തം 305 ഡോളര്‍. ചുരുക്കത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ പൗരത്വം ഉപേക്ഷിക്കുന്നത്  ഇന്ത്യന്‍ സര്‍ക്കാരിനു ലാഭക്കച്ചവടമാണ്  

അമേരിക്കന്‍ പ്രജ ആകുന്നതിനു  അപേക്ഷകൊടുക്കാന്‍ വലിയ തിടുക്കമൊന്നും കാണിച്ചിരുന്നില്ല. മനസുകൊണ്ട് ഇപ്പോഴും നാട്ടില്‍ തന്നെയാണ് വാസം. ഓരോ കാര്യങ്ങളും നാടിനോട് താരതമ്യം ചെയ്താണ് തുലനം ചെയ്യുന്നത്. നാട്ടിലെ വാര്‍ത്തകള്‍ കാണാന്‍ വേണ്ടിയാണു  ടി വി തുറക്കുന്നത്. അമേരിക്കയിലെ പല വാര്‍ത്തകളും അറിയുന്നതുതന്നെ മലയാളം ചാനലുകള്‍ വഴിയാണ്. ഒരു മകളുള്ളത്  ഇവിടുത്തുകാരിയായി മാറിക്കഴിഞ്ഞു. ഭാര്യയും ഏതാണ്ട് അങ്ങിനെതന്നെ. ഇനി നാട്ടിലേക്കു  ഒരു തിരിച്ചു പോക്കുണ്ടായാലും  അവിടെ  ഒറ്റപ്പെട്ടുപോകും. നാട് മിക്കവാറും നമ്മളെ  തിരസ്‌കരിക്കുകയായിരിക്കും ചെയ്യുക. നാട്ടിലെ പല വേരുകളും അറ്റുകഴിഞ്ഞു.  ഒരുമിച്ചു നടന്ന ചങ്ങാതിമാര്‍ പലരും ഓര്‍മ്മയായി തീര്‍ന്നു.  കുറച്ചുകാലമായിട്ടുള്ള  അമേരിക്കന്‍ വാസം നാട്ടിലെ പല കാര്യങ്ങളോടും ഒത്തു പോകാന്‍ പറ്റാത്ത മാനസിക നിലയിലേക്ക് മാറ്റിക്കഴിഞ്ഞു ഈ നിലയില്‍ അവിടെച്ചെന്നാല്‍ ആളുകള്‍ വിചാരിക്കും നമ്മള്‍ ഭയങ്കര പത്രാസുകാരാണെന്ന്. ഇനി ഒരു തിരിച്ചുപോക്ക് അസാദ്ധ്യം എന്നറിയാമെങ്കിലും  ഓര്‍മ്മകളില്‍ എപ്പോഴും   നാടും  നാട്ടിലെ ജീവിതവുമാണ് നിറഞ്ഞു നില്‍ക്കുന്നത്.  

അങ്ങനെയിരിക്കെയാണ് എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് പ്രവചനാതീതമായ പ്രവൃത്തികളുടെ ഉസ്താദ്  ഡോണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി വരുന്നത്. ദേശീയതയില്‍ മനോഹരമായി പൊതിഞ്ഞ വംശീയത എന്ന തുരുപ്പു ചീട്ടിറക്കി കളിച്ച ട്രംപ് ഒരു വിഭാഗം അമേരിക്കക്കാരെ വല്ലാതെ  ഭ്രമിപ്പിച്ചു. വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്തതിനാല്‍ നല്ല ജോലിയൊന്നും തരാവാത്ത ചെറുപ്പക്കാര്‍, കുടിയേറ്റക്കാരാണ് തൊഴില്‍ മേഖലയിലെ അവരുടെ എതിരാളികള്‍ എന്ന പ്രചാരണത്തില്‍ വീണുപോയി.  ചൂതാട്ടകമ്പനി നടത്തിയിരുന്ന ട്രംപ് സായ്‌വിനു  പ്രസിഡന്റ്  തെരഞ്ഞെടുപ്പും ഒരു ചൂതാട്ടം മാത്രമായിരുന്നു. അതിയാന്‍ പോലും സത്യത്തില്‍  വിശ്വസിച്ചിരുന്നില്ല താന്‍ ജയിച്ചു അമേരിക്കയുടെ പ്രസിഡണ്ട് ആയിത്തീരുമെന്നൊന്നും.  

അങ്ങനെയിരിക്കെയാണ് ട്രംപ് പ്രസിഡണ്ടായി വരുന്നത്.

വിതക്കാത്തിടത്ത്  കൊയ്യുകയും  വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന മൊതലാളിയായ ട്രംപ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലുകെട്ടാനായി പുറപ്പെട്ടപ്പോള്‍ മതിലുകെട്ടുന്നവനല്ല  പാലം പണിയുന്നവനാണ് സ്വര്‍ഗരാജ്യത്ത് പ്രവേശിക്കുകയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ  ഓതിനോക്കി. പക്ഷെ മഹിഷകര്‍ണ്ണത്തില്‍ ശങ്കരാഭരണം പാടിയിട്ടെന്തുകാര്യമെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍. ആകെക്കൂടി കുടിയേറ്റക്കാരന് എതിരെ ഒരു പടയൊരുക്കം നടക്കുന്നുവോന്നൊരു  തോന്നല്‍.  അമ്മാത്ത് നിന്ന് ഇറങ്ങുകയും ചെയ്തു ഇല്ലത്തൊട്ട് എത്തിയുമില്ല എന്ന അവസ്ഥയുണ്ടാകുമോന്നൊരു ശങ്കയിലാണ് അമേരിക്കന്‍ പ്രജ ആകാമെന്ന തീരുമാനമെടുത്തത്. 

എല്ലാവരോടും കോടതി ഹാളിലേക്ക്  കടന്നിരിക്കാനുള്ള അറിയിപ്പുമായി ഒരു ജീവനക്കാരി വന്നു. അവരുടെ പിന്നാലെ അച്ചടക്കമുള്ള ആട്ടിന്‍കൂട്ടത്തെപ്പോലെ പുത്തന്‍ പൌരത്വകാംക്ഷികള്‍ നടന്നു ചെന്നെത്തിയത് വളരെ വലിയൊരു  കോടതി മുറിയിലാണ്. ഒരു സിനിമ തീയേറ്ററിലെ ഹാള്‍ പോലെ താഴെ നിന്ന് മുകളിലേക്ക് ഉയരം കൂടിവരുന്ന രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. മനോഹരമായ ചിത്ര പണികള്‍ ചെയ്ത കോടതിമുറിയുടെ ചുവരുകളില്‍  മുന്‍കാലങ്ങളിലെ പ്രഗല്‍ഭരായ ന്യായാധിപന്‍മാരുടെ വലിയ ഛായാചിത്രങ്ങള്‍ വരച്ചു ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.  കോടതി ഡയസിന് പിന്നിലായി ചുവരില്‍ അമേരിക്കന്‍ കഴുകന്‍ ചിറകു വിടര്‍ത്തി നില്‍കുന്ന 'ഗ്രേറ്റ് അമേരിക്കന്‍ സീല്‍' എന്ന ദേശീയ എംബ്ലം വലുപ്പത്തില്‍ സ്ഥാപിച്ചിരിക്കുന്നു.  അതിനരികിലായി ഐക്യനാടുകളിലെ അമ്പതു സംസ്ഥാനങ്ങളുടെ പ്രതീകമായ അമ്പതു നക്ഷത്രങ്ങള്‍ പതിച്ച  വലിയ അമേരിക്കന്‍ പതാകയും സ്ഥാപിച്ചിരിക്കുന്നു. ജഡ്ജി  കടന്നു വരുന്നു എന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ജഡ്ജിയെ ആദരിച്ചു. 

ഇമിഗ്രേഷന്‍ ഓഫീസര്‍ എഴുന്നേറ്റു നിന്ന് കോടതിയെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ആരംഭിച്ചു.

'യുവര്‍ ഓണര്‍, ഇവിടെ അറുപത്തിരണ്ടു അപേക്ഷകര്‍ സന്നിഹിതരായിരിക്കുന്നുണ്ട്.  അവര്‍ വിവിധങ്ങളായ അന്‍പത്തിയഞ്ചു  രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ ആകുന്നു.  അമേരിക്കന്‍ ഐക്യ നാടുകളിലെ    പ്രജകളായിമാറുന്നതിനായി  അവര്‍നല്‍കിയ അപേക്ഷകള്‍ സൂക്ഷ്മായി പരിശോധിക്കുകയുണ്ടായി.  പരിശോധനയില്‍ ഇവരെല്ലാവരും   അമേരിക്കന്‍  പൗരത്വം സ്വീകരിക്കാന്‍  യോഗ്യരാണെന്നു കണ്ടെത്തിയിരിക്കുന്നു  ആയതുകൊണ്ട്  അവര്‍ക്ക് പൗരത്വം നല്കാന്‍ കോടതി അനുമതി നല്‍കണമെന്നപേക്ഷിക്കുന്നു'.

ഓഫീസര്‍ തന്റെ വാക്കുകള്‍ ഉപസംഹരിച്ചു കോടതിയെ വണങ്ങി തന്റെ കസേരയില്‍ ചെന്നിരുന്നു. മുന്‍പില്‍  ഇരിക്കുന്ന പേപ്പറില്‍ ഒപ്പുവച്ചതിനു ശേഷം 'അനുമതി നല്‍കിയിരിക്കുന്നു'വെന്നു  പറഞ്ഞ ജഡ്ജ് കാര്യത്തിനു തീര്‍പ്പ് കല്‍പ്പിച്ചുവെന്ന അര്‍ത്ഥത്തില്‍  നമ്മടെ ആശാരിമാരുടെ കയ്യിലുള്ള പോലത്തെ മരത്തിന്റെ ഒരു കൊട്ടുവടി എടുത്തു മേശപ്പുറത്തു രണ്ടു പ്രാവശ്യം അടിച്ചു ശബ്ദമുണ്ടാക്കി.  സിനിമയിലെ  കോടതികളില്‍ 'ഓര്‍ഡര്‍ ഓര്‍ഡര്‍' എന്ന് പറഞ്ഞു ജഡ്ജിമാര്‍ കൊട്ടുവടി പ്രയോഗം നടത്തുന്നതല്ലാതെ ശരിക്കും ഒരു ന്യായധിപന്‍  കോടതിയില്‍ കൊട്ടുവടി പ്രയോഗം നടത്തുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

അടുത്തത്  പ്രതിജ്ഞാ വാചകം  ചൊല്ലി അമേരിക്കന്‍ പൗരന്‍ ആവുക എന്ന വളരെ പ്രധാനമായ ചടങ്ങാണ് നടക്കാന്‍ പോകുന്നതെന്നഅറിയിപ്പു വന്നു.  

'ഇന്ത്യ എന്റെ രാജ്യമാകുന്നു. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്........'എന്ന് തുടങ്ങുന്ന പ്രതിജ്ഞയാണ്  ജീവിതത്തില്‍  ആദ്യമായി പഠിച്ച പ്രതിജ്ഞ. നിത്യവും രാവിലെ  പത്ത് മണിക്ക്  തുറസ്സായ സ്‌കൂള്‍ മുറ്റത്ത് നിന്ന്  ചൊല്ലിപ്പഠിച്ച ഈ പ്രതിജ്ഞയും  അത് നല്‍കിയ  ഒരു പാഠവും ഈ പ്രവാസത്തിനിടയിലും ഇനിയും മറന്നിട്ടില്ല. ഒരു മാര്‍ച്ച് മാസത്തെ പൊരിഞ്ഞ പ്രഭാത വെയിലില്‍ ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മാര്‍  ആണെന്ന  പ്രതിജ്ഞ ചൊല്ലിക്കൊണ്ടു നില്‍ക്കുമ്പോളാണ്  പെണ്‍കുട്ടികളുടെ  നിരയില്‍ നില്‍ക്കുന്ന സുഷമ തല ചുറ്റി നിലത്തു വീണത്. ക്ലാസ്സിലെ ഏറ്റവും സുന്ദരിയും ഹെഡ് മാസ്റ്റര്‍  പണിക്കര്‍ സാറിന്റെ പെങ്ങളുടെ മകളുമായ സുഷമയാണ് നിലത്തു വീണു കിടക്കുന്നത്.

ശരിക്കും ഒരു ന്യായധിപന്‍  കോടതിയില്‍ കൊട്ടുവടി പ്രയോഗം നടത്തുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

എന്നിലെ രാജ്യ സ്‌നേഹിയായ ഇന്ത്യക്കാരന്‍ പെട്ടെന്ന് കര്‍മ്മനിരതനായി ഉണര്‍ന്നെണീറ്റു. സഹോദരിയായ സുഷമയെ ഈ വിഷമ ഘട്ടത്തില്‍ സഹായിക്കേണ്ടത് സഹോദരനായ എന്റെ കടമയാണെന്ന തിരിച്ചറിവ് എന്നെ കര്‍ത്തവ്യനിരതനാക്കി.  നിലത്തു വീണുകിടക്കുന്ന  സഹോദരി സുഷമയെ സഹോദരനായ ഞാന്‍ പിടിച്ചു എഴുന്നേല്‍പ്പിക്കുന്ന  കാഴ്ച  കാണുവാന്‍   മറ്റു കുട്ടികള്‍ ചുറ്റും കൂടി. ബഹളം കേട്ടു സാറുമ്മാര് ചൂരലും വീശി വന്നപ്പോഴേക്കും കുട്ടികള്‍ അവരവരുടെ സ്ഥാനത്തേക്ക് തിരിച്ചു പോകാന്‍ തിരക്ക് കൂട്ടി.    തിരക്ക് കൂട്ടലില്‍ ആരോ എന്റെ മേല്‍ കൂട്ടിയിടിച്ചു. പ്രായത്തിനു താങ്ങാവുന്നതിലും ഭാരമുള്ള സുഷമയെ ഒരു വിധം  പൊക്കിയെടുക്കുമ്പോഴാണ്  ആ കൂട്ടിമുട്ടല്‍ ഉണ്ടായത്.  പിന്നത്തെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. പണിക്കര്‍ സാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ സുഷമയുടെ മുകളില്‍ നിന്ന് വെപ്രാളപ്പെട്ടു എഴുന്നെല്‍ക്കുന്ന എന്നെയാണ്  കാണുന്നത്.

സുഷമയെ സ്റ്റാഫ് റൂമിലേക്ക് ശ്രുശ്രൂഷക്കും എന്നെ നല്ല നടപ്പ്  ശിക്ഷ സ്വീകരിക്കുന്നതിനായി ഹെഡ്മാസ്റ്ററുടെ മുറിയിലേക്കും ആനയിച്ചു. പിറ്റേന്നു സ്‌കൂളിലെ മൂത്രപ്പുരയില്‍ കമ്മ്യുണിസ്റ്റ്  പച്ചകൊണ്ട് എന്റെ പേരിന്റെ ഒപ്പം സുഷമയുടെ പേരും ചേര്‍ത്ത്  നിറച്ചു എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോഴാണ് പണിക്കര്‍ സാര്‍ അടിച്ച അടിയുടെ വേദനക്ക് അല്‍പം കുറവുള്ളതായി   തോന്നിയത്.

പണിക്കര്‍ സാറിന്‍ൈറ  കയ്യില്‍ ഇരുന്ന വടി പൊട്ടിയപ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്ന് പൊട്ടാത്ത  ചൂരല്‍ കൊണ്ടുവന്നു കൊടുത്ത പ്യൂണ്‍ നാരായണന്‍ നായരുടെ  സൈക്കിളിന്റെ  രണ്ടു ടയറും  ഒരു അവസരം കിട്ടിയപ്പോള്‍ ബ്ലേഡ് കൊണ്ട് വളരെ ശ്രമപ്പെട്ടു വരഞ്ഞു കീറി  ഞാന്‍ പ്രതികാരം ചെയ്തു.  ഈ കാലഘട്ടത്തില്‍ തന്നെയാണ്  ചുണ്ടിനുമുകളില്‍ പൊടിമീശ മുളച്ചതും  വിപ്ലവകാരിയായ യുവാവിലേക്കുള്ള എന്റെ  പരിണാമം തുടങ്ങിയതും.  പക്ഷെ പണിക്കര്‍ സാര്‍ നല്‍കിയത് ഒരു പാഠമായിരുന്നു പിന്നീടു ഒരിക്കല്‍ എന്റെ സഹപാഠിയായ ഒരു പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ തലചുറ്റിവീണപ്പോള്‍ അവളോട് ഒരു പൊടിക്ക് പ്രേമം ഉണ്ടായിരുന്നിട്ടുപോലും  അവളെ പിടിച്ച്  എഴുന്നേല്‍പ്പിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. വെറുതെയെന്തിനാ അവിടെ കയ്യും കെട്ടിനില്‍ക്കുന്ന നാനാജാതിമതസ്ഥരായ നേരാങ്ങളമാരുടെ കൈക്ക് പണിയുണ്ടാക്കുന്നതെന്ന് വിചാരിച്ചു മന:പൂര്‍വം അടങ്ങിനിന്നതാണ്. 

'ഇതിനു മുന്‍പ് പ്രജയായിരുന്ന രാജ്യത്തോടും രാജാവിനോടും പരമാധികാരത്തോടുമുള്ള കൂറ് ഉപേക്ഷിച്ചു അമേരിക്കന്‍ ഐക്യനാടിനോടും ഭരണഘടനയോടും കൂറ് പുലര്‍ത്തുമെന്നു, ഐക്യ നാടുകളെയും ഭരണ ഘടനയെയും നിയമ വാഴ്ചയെയും  എല്ലാവിധ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനു നിയമം അനുശാസിക്കുന്ന തരത്തില്‍ ആയുധം എടുത്തു പോരാടുകയും ചെയ്യും'. 

ഈ പ്രതിജ്ഞാ   വാചകങ്ങള്‍  ഏറ്റു ചൊല്ലി കഴിഞ്ഞപ്പോള്‍ എല്ലാവരും ഔദ്യോഗികമായി അമേരിക്കന്‍ പൗരന്മാരായെന്ന്  ജഡ്ജ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തെ സുദീര്‍ഘമായ  കരഘോഷത്താല്‍ എല്ലാവരും സ്വാഗതം ചെയ്തു.

എന്നിലെ രാജ്യ സ്‌നേഹിയായ ഇന്ത്യക്കാരന്‍ പെട്ടെന്ന് കര്‍മ്മനിരതനായി ഉണര്‍ന്നെണീറ്റു.

തുടര്‍ന്ന്  ഓരോരുത്തരെയായി വിളിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്ന ചടങ്ങാണ്. ഇമിഗ്രേഷന്‍  ഓഫീസര്‍  കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റ്  ഓരോ പുത്തന്‍ പൗരനും ജഡ്ജി കൈമാറും. തുടര്‍ന്ന്  അവര്‍ക്ക് ഹസ്തദാനം നല്‍കി അഭിനന്ദിക്കും. അവിടെ ചടങ്ങുകള്‍ കാണാന്‍ എത്തിയിരിക്കുന്ന സ്‌കൂള്‍ കുട്ടികളില്‍ നിന്ന് ഒരാള്‍ മുന്നോട്ടു വന്നു ഒരു ചെറിയ അമേരിക്കന്‍ പതാക സമ്മാനമായി  ഓരോരുത്തരുടെയും കൈകളില്‍ നല്‍കും. തുടര്‍ന്ന് ജഡ്ജിയുടെ  ഒപ്പം നിന്ന് ഫോട്ടോ, സെല്‍ഫി  എന്നിവ എടുക്കാം. ഓരോ ഫോട്ടോ എടുക്കുമ്പോഴും ചെറുപ്പക്കാരിയും  സുന്ദരിയുമായ  ജഡ്ജി  അതി സുന്ദരമായിത്തന്നെ  ചിരിക്കുവാനും മുഖത്തേക്ക് ചിതറുന്ന മുടിയിഴകള്‍ വിരലുകൊണ്ട് കോതിയൊതുക്കുവാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കാര്യപരിപാടികള്‍ അവസാന ചടങ്ങായ  അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിലേക്ക് കടന്നു. 'സ്റ്റാര്‍ സ്പാന്‍ഗ്ലഡ്  ബാനര്‍' എന്ന ശീര്‍ഷകമുള്ള  
'ഓ സെ കാന്‍ യു സീ ബൈ ദ ഡോണ്‍സ്  ഏര്‍ലി ലൈറ്റ്...'   എന്ന് തുടങ്ങുന്ന ഗാനം വളരെ സംഗീതാത്മകമായി കുട്ടികള്‍ പാടുന്നുണ്ട്.  എല്ലാവരും ആ സമയം എഴുന്നേറ്റു നിന്ന് വലതു കൈ  ഇടതു നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു നിന്നു.  ചിലര്‍ കൂടെ പാടുന്നുണ്ട്. ചിലര്‍ പാട്ടില്‍ ലയിച്ചു ഇരു വശങ്ങളിലേക്കും  നഴ്സറി ഗാനം പാടുമ്പോള്‍  കുഞ്ഞുങ്ങള്‍   അടുന്നതുപോലെ പതിയെ ആടുന്നുമുണ്ട്.

ചടങ്ങു കഴിഞ്ഞു പുത്തന്‍ അമേരിക്കന്‍ പൗരനായ ഞാന്‍  പുറത്തിറങ്ങി ഒരു ബ്ലാക്ക് ആന്‍ഡ് മൈല്‍ഡ് അമേരിക്കന്‍ പൈപ്പ് സിഗാര്‍ കത്തിച്ചു അല്‍പം ഗമയില്‍ത്തന്നെ പുകവിട്ടു. അവിടെയെത്തിയ ശീതക്കാറ്റ് ആ പുകച്ചുരുളുകളെയും വഹിച്ചുകൊണ്ട് കോടതിയുടെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പതാകയ്ക്ക് ഇക്കിളികൂട്ടി  പറന്നകന്നു. തിരികെ വീട്ടിലേക്കു ഡ്രൈവ്  ചെയ്യുമ്പോള്‍ അല്‍പം മുന്‍പ്  മനോഹരമായി പാടിക്കേട്ട  അമേരിക്കന്‍ ദേശീയ ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തെടുക്കാന്‍ വെറുതെശ്രമിച്ചുനോക്കി. ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല പകരം  അര്‍ത്ഥമറിയാതെയെങ്കിലും  കാണാപാഠം ചെല്ലിപ്പഠിച്ച  'ജനഗണമന...' എന്ന ഗാനം അതിനു പകരമായി ചുണ്ടുകളില്‍ ഓടിയെത്തി.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!
 

Follow Us:
Download App:
  • android
  • ios