Asianet News MalayalamAsianet News Malayalam

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

വാക്കുല്‍സവത്തില്‍ സൈബര്‍ ഫിക്ഷനെക്കുറിച്ചുള്ള ലേഖനം. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
 

Literature festival on cyber fiction by rahul radhakrishnan
Author
Thiruvananthapuram, First Published Oct 7, 2019, 7:38 PM IST

കേവലം ഒരു യൂസര്‍ ഐഡിയും പാസ്വേര്‍ഡും കൊണ്ട് ജിമെയിലും സകല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്  സൈറ്റുകളിലും  എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപാരങ്ങളും നടത്താന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് സര്‍ക്കിള്‍ ലോകം കീഴടക്കിയത്. കമ്പോളത്തിലെ കച്ചവടച്ചരക്കായി ഭൂമിയുടെ ആവാസവ്യവസ്ഥയെയും ഓരോ മനുഷ്യനെ സംബന്ധിക്കുന്ന പ്രാഥമികവിവരങ്ങളെയും മാറ്റിയെടുക്കുന്ന ബഹുരാഷ്ട്രകുത്തകകളുടെ അധികാരപ്രമത്തത ഗൂഗിളിലൂടെയും മൈക്രോസോഫ്റ്റിലൂടെയും ഒക്കെ  നാം കണ്ടതാണ്. ഇതില്‍ നിന്നും ഒരു പടി കടന്നു കൊണ്ട്, ജീവനക്കാരുടെ അതീവ  സ്വകാര്യനിമിഷങ്ങളെയും ലൈംഗികരംഗങ്ങളെയും വരെ ട്രൂ യു വിലൂടെ ലോകം മുഴുവന്‍ കാണാമെന്നുള്ള ചതിക്കുഴി ഇവിടെ പതിയിരിക്കുകയാണ്.

Literature festival on cyber fiction by rahul radhakrishnan

1

പൊതുവിപണിയില്‍ നിന്നും ഓണ്‍ലൈന്‍ വിപണിയിലേക്കുള്ള ഉപഭോക്തൃസമൂഹത്തിന്റെ കൂടുമാറ്റം സംഭവിച്ചത് ഈ അടുത്ത കാലത്താണ്. ഉപഭോക്താവിന്റെ ധനസ്ഥിതിയും വരുമാനമാര്‍ഗങ്ങളും താത്പര്യമുള്ള മേഖലകളും വിപണിക്ക് ഇപ്പോള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്നു. നവസാമൂഹികമാധ്യമങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുന്ന പൊതുസമൂഹത്തെ, പുതിയ ലോകം  കെട്ടിയുയര്‍ത്തുന്ന  മുതലാളിത്തഭീമന്മാര്‍ നോക്കിക്കാണുന്നത് എങ്ങനെയെന്ന വിശകലനവും വ്യാഖ്യാനവും സാമൂഹിക/ സാംസ്‌കാരിക പഠനത്തിന്റെ പുതിയ കൊടിയടയാളങ്ങളാണ്. സ്വാഭാവികമായും ഈ ചുറ്റുപാടില്‍ സാഹിത്യം ഇത്തരം ഉദ്യമങ്ങളെ എങ്ങനെ അടയാളപ്പെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു.  മാറിയ സാഹചര്യത്തില്‍, സാങ്കേതികത നിറഞ്ഞ സമകാലികതയില്‍, അനുഭവരസങ്ങളുടെ കയ്പ്പും മധുരവും പ്രതീതിലോകവുമായി എങ്ങനെ കൂടിപ്പിണഞ്ഞു കിടക്കുന്നുവെന്നു  കാണാനുള്ള ഉള്‍ക്കാഴ്ച എഴുത്തുകാരനുണ്ടാവണം. ഫിക്ഷന്‍ ഇല്ലാത്ത യഥാര്‍ത്ഥജീവിതം വരണ്ടതും മ്ലാനവും ആവുമ്പോള്‍ തന്നെ പ്രതീതിയും യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും എഴുത്തുകാരന്‍ അഭിസംബോധന ചെയ്യണ്ടതുണ്ട്.

വിവരസാങ്കേതികതയുടെ വളര്‍ച്ച കമ്പോള സാധ്യതകളുടെ എണ്ണമറ്റ പട്ടികയ്ക്കാണ് ഉദയം നല്‍കിയത്. വിവരങ്ങള്‍ (Data) ശേഖരിക്കുക എന്നതിലൂടെ ഉപഭോക്താവിന്റെ മനസ്സറിഞ്ഞു, അവര്‍ക്ക് ആവശ്യമുള്ളത് വിരല്‍ത്തുമ്പിലെത്തിക്കുക എന്ന കാല്‍വയ്പ് വിജയിപ്പിക്കാന്‍ വിവരവിപ്ലവത്തിനു സാധിച്ചു. ഇന്റര്‍നെറ്റിന്റെ ആരംഭകാലത്തു പ്രതീതിയാഥാര്‍ഥ്യവുമായി ബന്ധപ്പെട്ടാണ് സൈബര്‍ലോകത്തെ വ്യവഹാരങ്ങളെ കണ്ടിരുന്നത്. യഥാര്‍ത്ഥശരീരവും പ്രതീതിശരീരവും ആയുള്ള സമ്പര്‍ക്കമായിട്ടായിരുന്നു അന്ന് പ്രതീതിലോകത്തെ സമീപിച്ചിരുന്നത്. യുക്തിയുടെ പിന്‍ബലത്തോടെ ഇന്റര്‍നെറ്റിന്റെ വലക്കണ്ണികളെ ഭേദിക്കാനൊരുങ്ങുന്ന ശരീരങ്ങളുടെ സംവാദമായിരുന്നു തൊണ്ണൂറുകളുടെ അവസാനത്തോടെ സൃഷ്ടിക്കപ്പെട്ടത്. ശ്വാസോച്ഛാസത്തിനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി  യഥാര്‍ത്ഥ ശരീരത്തെ ആശ്രയിച്ചിരുന്ന നെറ്റിസെന്‍ (Netizen) കംപ്യൂട്ടറിലൂടെ അപരസ്വത്വമായി പ്രതീതിലീലകള്‍ ആടിത്തുടങ്ങി. 

പ്രതീതിലോകത്തില്‍ പൂര്‍ണമായി വ്യാപരിക്കുന്ന ഒരാള്‍ യഥാര്‍ത്ഥലോകത്തിന്റെ അധികാരവ്യവസ്ഥയില്‍ നിന്നും പുറത്താവുകയാണ്. പ്രതീതിയിടത്ത് അയാളാണ് കടിഞ്ഞാണ്‍ പിടിക്കുന്നതെങ്കില്‍ മറുവശത്തു യഥാര്‍ത്ഥജീവിതത്തില്‍ മാനസികമായും ശാരീരികമായും അധികാരവും നിയന്ത്രണവും അയാള്‍ക്കുണ്ടാവണമെന്നില്ല. അയഥാര്‍ത്ഥ ലോകത്ത്, ഇച്ഛകളും വ്യക്തിത്വങ്ങളും മാറിമറിഞ്ഞു വരുന്നത് സ്വാഭാവികമാണ്. അവിടെ അയാള്‍ സ്വത്വനിര്‍മ്മിതിയില്‍ സ്വയം പരീക്ഷണങ്ങള്‍   നടത്തുകയും നിര്‍വചിക്കപ്പെട്ട കര്‍ത്തൃത്വങ്ങള്‍ മാറ്റി മറിക്കുകയും ചെയ്യുന്നു. വാടാനാംകുറിശ്ശിക്കാരന്‍ ഹരിഹരന്‍ ഇന്റര്‍നെറ്റിലെ സുഹൃത്തായ രമണിയോട് പ്രതീതിലോകത്തിലൂടെ സംവദിക്കുന്ന എം നന്ദകുമാറിന്റെ ശ്രദ്ധേയമായ കഥയായ 'വാര്‍ത്താളി സൈബര്‍സ്‌പേസില്‍ ഒരു തിരനാടകം' അത്തരം ലോകം സൃഷ്ടിക്കുന്ന അപരിചിതത്വങ്ങളെ പരിചയപ്പെടുത്തി. തൊട്ടറിയാന്‍ കഴിയാത്ത ആ ലോകത്തെ സംഘര്‍ഷങ്ങളും രതിസമസ്യകളും സ്വത്വപ്രതിസന്ധിയും സ്വത്വനിരാസവും ശക്തമായി ആവിഷ്‌കരിച്ച ഈ കഥ ധീരമായ ഒരു വഴിമാറി നടപ്പായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹരിയുടെ മുത്തച്ഛനായ കുഞ്ഞുക്കുട്ടന്റെ ആഭിചാരലോകത്തിന്റെ പോസ്റ്റ്‌മോഡേണ്‍ പതിപ്പാണ് വാര്‍ത്താളി എന്ന അയാളുടെ സൈബര്‍ മണ്ഡലം. പരശ്ശതം ഭാവനകള്‍ ഭ്രമണം ചെയ്യുന്ന സൗരയൂഥമായിട്ടാണ്  സൈബര്‍ലോകത്തെ ഹരി വിഭാവനം  ചെയ്തിരിക്കുന്നത്

2

സൈബര്‍വ്യവഹാരങ്ങളുടെ ഭാഗമായി ബഹുസാംസ്‌കാരികതയുടെ ചില വശങ്ങള്‍ ശക്തി പ്രാപിക്കുന്നതായി കാണാം. വൈവിധ്യങ്ങളുടെ നിര്‍മ്മിതിയാണ് സൈബര്‍ ജീവിതത്തിന്റെ നീക്കിയിരുപ്പ്. എന്നാല്‍ ബഹുസാംസ്‌കാരികതയെ മറികടന്നു വംശീയതയുടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്ന സ്ഥലമായി സൈബറിടങ്ങള്‍ മാറിത്തുടങ്ങി. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികള്‍ ഒരു വശത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ യുദ്ധസജ്ജമാക്കുന്ന ഭൂപടങ്ങളും അതിരുകളും വികസിപ്പിക്കുന്ന രീതി മറ്റൊരു വശത്തുമായി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സൈബര്‍ സംസ്‌കാരം/ സാഹിത്യം യഥാര്‍ത്ഥത്തില്‍ മാനവരാശിയുടെ അതിജീവനയത്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ എന്നു സംശയമാണ്. പതിനെട്ടാം നൂറ്റാണ്ടിനൊടുവില്‍ ജെറെമി ബെന്‍ഥാം രൂപകല്‍പന ചെയ്ത, പിന്നീട് അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും പ്രത്യക്ഷചിഹ്‌നമായി മിഷേല്‍ ഫൂക്കോ സങ്കല്‍പ്പിച്ച പാനോപ്റ്റിക്കന്‍ സംവിധാനം സൈബറിടങ്ങളില്‍ വരെ നില നില്‍ക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതായോധനങ്ങളെ പ്രായോഗികമായി അവതരിപ്പിക്കാനുള്ള ത്രാണി സൈബറിടങ്ങള്‍ നേടിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട സംഗതിയാണ്. നവസാമൂഹിക മാധ്യമങ്ങളിലൂടെ  ആശയപ്രചാരണത്തിനുള്ള അനന്തസാധ്യതകള്‍ വിസ്മരിക്കാതെയാണിത് പറയുന്നത്. സൈബര്‍സ്ഥലത്തിലെ അദൃശ്യവൈകാരികത ഒരു സാമൂഹികപ്രശ്‌നമായിരുന്ന കാലം ഇന്റര്‍നെറ്റിന്റെ ആദ്യനാളുകളില്‍ പൊതുവെ കണ്ടിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള സ്വത്വപരമായ അന്വേഷണങ്ങളില്‍ നിന്നും മറ്റൊരു വിശാലമായ ഭൂമികയില്‍ സൈബര്‍വ്യവഹാരങ്ങള്‍ എത്തിക്കഴിഞ്ഞു.

ബഹുരാഷ്ട്രസ്ഥാപനങ്ങളില്‍ വിവരസാങ്കേതികതയുടെ ഊടും പാവും നെയ്യുന്നവര്‍ക്കു അനുഭവിക്കേണ്ടി വരുന്ന സ്വത്വസംഘര്‍ഷങ്ങളുടെ ആഴം ഭീകരമാണ്. ശരീരത്തെ അപ്രസക്തമാക്കുന്ന വിധത്തിലുള്ള വിനിമയങ്ങള്‍ പ്രതീതിലോകത്തു  സാധാരണമാണ്. തൊഴിലിടങ്ങളില്‍ സൈബര്‍ ഉപകരണങ്ങളുടെ സഹായത്തോടെ ജീവനക്കാരുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റത്തെയും ചൂഷണത്തെയും ഏതു വിധേനയാണ് പ്രതിരോധിക്കേണ്ടത് എന്നത് ആലോചിക്കണം. സ്വകാര്യതകളും വൈയക്തികവികാരങ്ങളും മറന്നു കൊണ്ട് മനുഷ്യന് പ്രതീതിയാകാരം കൈവരിക്കുന്ന രൂപാന്തരക്രിയയാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നത്. ഇതിന്റെ രാഷ്ട്രീയത്തെയും നൈതികതയെയും ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫിക്ഷനിലൂടെ ഉണ്ടാകുന്നു എന്നത് സ്വാഗതാര്‍ഹമായ ഒരു പുതുചിന്തയാണ്. സ്വത്വബോധത്തിന്റെ അടരുകളില്‍ സാങ്കേതികത കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യകത Post Human ദര്‍ശനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന മാനവികതാവാദങ്ങള്‍ സാങ്കേതികതവിദ്യയുടെ ആശയങ്ങളുമായി പൂര്‍ണമായി യോജിച്ചിരുന്നില്ലെന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. എങ്കിലും മേല്‍പ്പറഞ്ഞ രണ്ടു വീക്ഷണങ്ങളും സാങ്കേതികതയുടെ നൈതികാംശങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സാമൂഹികവ്യവസ്ഥകള്‍ എങ്ങനെ അത്തരം അവസ്ഥകളില്‍ രൂപപ്പെട്ടു വരുന്നു എന്ന അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ട്.

വര്‍ഗസമരങ്ങളുടെ ബാക്കിപത്രമായി നിലവില്‍ വന്ന തൊഴിലിടങ്ങളുടെ സ്വസ്ഥതയും സുരക്ഷിതത്വവും നമുക്ക് അന്യമാവുകയാണ്. പുതുലോക തൊഴിലിടങ്ങളില്‍ അതിജീവനത്തിനായി സ്വന്തം ശരീരവും മനസ്സും മാത്രം സമരായുധങ്ങളാക്കി പൊരുതുന്ന ജീവനക്കാരെയാണ് കാണാനാവുന്നത്. വിവരസാങ്കേതികതയും പുറംപണികരാറുകളും വര്‍ഗവ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ ശ്രേണികളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാനോ/നിയന്ത്രിക്കാനോ തുടങ്ങിയതോടെ, ആ മേഖലയെ കേന്ദ്രീകരിച്ച സാഹിത്യ കൃതികള്‍ ഉണ്ടായിത്തുടങ്ങി. സാമ്പ്രദായികമായ അര്‍ത്ഥത്തിലുള്ള സയന്‍സ് ഫിക്ഷനുപരിയായി സൈബര്‍ തൊഴിലിടങ്ങളിലേക്ക് എഴുത്തുകാരന്റെ ഭാവന സഞ്ചരിക്കാന്‍ ആരംഭിച്ചു. കോര്‍പ്പറേറ്റ് ലോകത്തെ അധികാര വ്യവസ്ഥ Flat Hierarchy ആണെന്ന വാദം നിലനില്‍ക്കെ തന്നെ അദൃശ്യമായ ഉടമ-അടിമ വ്യവഹാരത്തിന്റെ സ്വഭാവം അതില്‍ കാണാനാവും. 

ഡേവ്  എഗേഴ്‌സ് (Dave Eggers) എഴുതിയ ദി സര്‍ക്കിള്‍ എന്ന നോവല്‍ ഗൂഗിള്‍ പോലെയൊരു  കമ്പനിയുടെ രഹസ്യാത്മകതകളെ തുറന്നു കാണിക്കുന്ന  കൃതിയാണ്. രഹസ്യങ്ങള്‍ കള്ളമാണെന്നും സ്വകാര്യത കൊള്ളയാണെന്നുമുള്ള ആപ്തവാക്യം പിന്‍തുടരുന്ന The Circle എന്ന ബൃഹത്തായ സ്ഥാപനത്തിന്റെ അധികാരവ്യാപാരങ്ങളെയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. മേ എന്ന യുവതി സര്‍ക്കിളില്‍ ജോലി ചെയ്യാനെത്തുന്ന പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന നോവലില്‍, അവളുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് ആദ്യ ദിനം മുതല്‍ നടന്നു കൊണ്ടിരുന്നത്. ബഹുസ്വരമായ ലോകത്തിന്റെ ഐക്യദാര്‍ഢ്യത്തിനു വേണ്ടിയാണ് തങ്ങള്‍ നില നില്‍ക്കുന്നതെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ തൊഴിലാളികളുടെ സ്വകാര്യത കമ്പനിയുടെ പൊതുകാര്യതയാക്കി മാറ്റുന്ന തരത്തിലുള്ള നയങ്ങളാണ് സര്‍ക്കിള്‍ പിന്തുടര്‍ന്നിരുന്നത്. മേയുടെ വ്യക്തിപരമായ വിവരങ്ങളെല്ലാം - പാട്ടുകളും, ഫോട്ടോകളും, ഫോണ്‍ സന്ദേശങ്ങളും -എല്ലാം അവള്‍ക്കു കമ്പനിക്ക് പങ്കു വെക്കേണ്ടി വന്നു. ജോലിക്കു ചേരുന്ന ഓരോ വ്യക്തിയും തന്റെ സ്വകാര്യതയെ തീറെഴുതി കൊടുത്തു കൊണ്ട് മുതലാളിത്തവ്യവസ്ഥ അനുശാസിക്കുന്ന  അധികാരഘടനയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്ന രംഗമാണ് ഇവിടെ സംജാതമായിട്ടുള്ളത്. കമ്പനിയുടെ ക്ളൗഡ് (Cloud Networking) ശൃംഖലയില്‍ എല്ലാ വിവരവും സുരക്ഷിതമാണെങ്കിലും വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വരെ പൊതുയിടത്തു തുറന്നു വയ്ക്കേണ്ട അവസ്ഥയായാണ് ഇത് മൂലം സൃഷ്ടിിക്കപ്പെട്ടത്. ഉത്പാദനവ്യവസ്ഥകളെ പൊതുസമൂഹത്തില്‍ അനാവൃതമാക്കാമെങ്കിലും തൊഴിലാളി എന്ന സ്വത്വത്തിന്റെ ബോധവും പ്രതിബോധവും മുതലാളി സ്വന്തമാക്കുന്ന കാഴ്ച്ച വ്യക്തിമൂല്യങ്ങളെ ഉല്ലംഘിക്കുന്നതാണ്.

സുതാര്യത എന്ന ആശയം ജീവിതത്തിന്റെ എല്ലാ തലത്തിലും ഉറപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള രഹസ്യങ്ങളില്‍ നിന്നുമുള്ള വിടുതലിലൂടെ മനുഷ്യന്റെ പൂര്‍ണാസ്തിത്വമാണ്   ഈ നോവല്‍ ലക്ഷ്യം വെയ്ക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്   സൈറ്റുകളിലൂടെ ജീവിതം വിളിച്ചു പറയുന്നവന്റെ ശബ്ദം എത്ര കണ്ടു സത്യസന്ധമാണെന്ന് ഉറപ്പിക്കാന്‍ നിര്‍വാഹമൊന്നുമില്ല. എന്നാല്‍  കൃത്യമായ രീതിയില്‍ ജീവനക്കാരുടെ ഓരോ നിമിഷവും സര്‍ക്കിളിന്റെ സാങ്കേതികോപകരണങ്ങള്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിച്ചിരുന്നു. സര്‍ക്കിള്‍ വികസിപ്പിച്ച ട്രൂ യു എന്ന ആപ്ലിക്കേഷന്‍ ഇതിനുദാഹരണമാണ്. കേവലം ഒരു യൂസര്‍ ഐഡിയും പാസ്വേര്‍ഡും കൊണ്ട് ജിമെയിലും സകല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്  സൈറ്റുകളിലും  എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപാരങ്ങളും നടത്താന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് സര്‍ക്കിള്‍ ലോകം കീഴടക്കിയത്. കമ്പോളത്തിലെ കച്ചവടച്ചരക്കായി ഭൂമിയുടെ ആവാസവ്യവസ്ഥയെയും ഓരോ മനുഷ്യനെ സംബന്ധിക്കുന്ന പ്രാഥമികവിവരങ്ങളെയും മാറ്റിയെടുക്കുന്ന ബഹുരാഷ്ട്രകുത്തകകളുടെ അധികാരപ്രമത്തത ഗൂഗിളിലൂടെയും മൈക്രോസോഫ്റ്റിലൂടെയും ഒക്കെ  നാം കണ്ടതാണ്. ഇതില്‍ നിന്നും ഒരു പടി കടന്നു കൊണ്ട്, ജീവനക്കാരുടെ അതീവ  സ്വകാര്യനിമിഷങ്ങളെയും ലൈംഗികരംഗങ്ങളെയും വരെ ട്രൂ യു വിലൂടെ ലോകം മുഴുവന്‍ കാണാമെന്നുള്ള ചതിക്കുഴി ഇവിടെ പതിയിരിക്കുകയാണ്.

.........................................................................................

ഡേവ്  എഗേഴ്‌സ് (Dave Eggers) എഴുതിയ ദി സര്‍ക്കിള്‍ എന്ന നോവല്‍ ഗൂഗിള്‍ പോലെയൊരു  കമ്പനിയുടെ രഹസ്യാത്മകതകളെ തുറന്നു കാണിക്കുന്ന  കൃതിയാണ്.

Literature festival on cyber fiction by rahul radhakrishnan

 

3

അറിവിന്റെ പല തലത്തിലുള്ള ഉത്പാദനം വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിക്കണമെങ്കില്‍ അധികാരഘടനയ്ക്ക് ആഴവും പരപ്പും ഉണ്ടാവണം. അത് മനസ്സിലാക്കിയിട്ടെന്ന വിധമായിരുന്നു സര്‍ക്കിളിലെ വ്യവസ്ഥിതികള്‍. ജ്ഞാനവും അധികാരവും എല്ലായ്പ്പോഴും ഒരുമിച്ചു വരുന്നുവെന്ന ഫൂക്കോവിന്റെ നിരീക്ഷണം ശരിവെക്കുന്ന രീതിയിലുള്ള വിനിമയങ്ങളുടെ ക്രമം സര്‍ക്കിളില്‍ കാണാം. അറിവിന്റെ വിഭജനവും ഉത്പാദനവും അധികാരത്തിന്റെ ഇടനാഴികളില്‍ മാത്രമേ വിജയകരമായി സാധിക്കൂവെന്നത് ശിക്ഷണവും ശിക്ഷയും എന്ന കൃതിയില്‍ ഫൂക്കോ മുന്നോട്ട് വെയ്ക്കുന്ന ആശയമാണ്. സാങ്കേതികത, നൈതികത, മനുഷ്യബോധം എന്നീ ഭുജങ്ങളുള്ള ത്രികോണാകൃതി സര്‍ക്കിള്‍ പോലെയുള്ള ബഹുരാഷ്ട്രജ്ഞാനനിര്‍മ്മിതികേന്ദ്രത്തിനുണ്ടെന്നു സങ്കല്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സാങ്കേതികതയെ സഹായിക്കുന്നതിന് വേണ്ടിയുള്ള നൈതികത മാനുഷികമൂലകങ്ങളെ പിന്നോട്ടടിക്കുന്നത് ഒട്ടും അഭികാമ്യമല്ല. സാങ്കേതികവിദ്യ   മനുഷ്യന്റെ പുരോഗതിയ്ക്കും സമൂഹത്തിന്റെ വികസനത്തിനും ഏതെല്ലാം പ്രകാരം സഹായിക്കുമെന്ന വിശകലനത്തിന് പകരം, തൊഴില്‍ജ്ഞാനം കൊണ്ട് രൂപപ്പെടുത്തിയ സംവിധാനങ്ങള്‍ തന്നെ തൊഴിലാളികളെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നതിന്റെ നൈതികതയെയാണ് ചോദ്യം ചെയ്യേണ്ടത്. സദാ സമയവും വിരല്‍പ്പാടുകളുടെ  അകലത്തില്‍   ഉണ്ടായിരിക്കണമെന്ന നിബന്ധന ഉള്ളതിനാല്‍ ശൗചാലയങ്ങളില്‍ വരെ മൊബൈല്‍ ഫോണുമായി പോകേണ്ടി വരുന്ന ജീവനക്കാരുടെ പ്രതിനിധിയാണ് മേ.

സമൂഹത്തിനെ പ്രതികൂലമായി ബാധിക്കുന്ന സൈബര്‍ മാധ്യമങ്ങളെ കുറിച്ചു ഫ്രഞ്ച് ചിന്തകനായ പോള്‍ വിറിലിയോവിന്റെ The Information Bomb  എന്ന കൃതി ശ്രദ്ധേയമാണ്. സൈബര്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന നാശത്തെപറ്റിയായിരുന്നു അദ്ദേഹത്തിന്റെ ആകുലതകള്‍. എന്നാല്‍ അറിവുത്പാദനത്തിനു കേള്‍വി കേട്ട , സാമൂഹികപ്രതിബദ്ധതയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വരെ ജീവനക്കാരുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്നത് പ്രതിലോമകരമാണ്. സാങ്കേതികവിദ്യയുടെ അങ്ങേയറ്റത്തെ നാഴികക്കല്ലായി പരിഗണിക്കപ്പെട്ടിരിക്കുന്ന വിവരസാങ്കേതിക  കമ്പനികളില്‍ നില നില്‍ക്കുന്ന ഹാനികരമായ  തൊഴില്‍ സംസ്‌കാരം അവിടങ്ങളിലെ ജീവനക്കാരെ സമ്മര്‍ദത്തിന്റെ മുനമ്പില്‍ എത്തിക്കുന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. തൊഴിലിടങ്ങളില്‍ പരമ്പാരാഗതമായി നില നിന്നിരുന്ന തൊഴിലാളികളും മേലധികാരികളും തമ്മിലുള്ള സംവേദനം സമകാലികചുറ്റുപാടുകളില്‍ നഷ്ടപ്പെടുന്നത് മനുഷ്യാവകാശധ്വംസനത്തിന്റെ ദൃഷ്ടാന്തമാണ്. തങ്ങള്‍ വികസിപ്പിച്ച ടെക്‌നോളജി തന്നെ തങ്ങളുടെ സ്വകാര്യതകള്‍ ഒളിഞ്ഞു നോക്കുന്ന ദുരന്തത്തിന് ഐ ടി തൊഴിലാളികള്‍ ഇരകളാവുന്ന കഥയാണ് എഗേര്‍സ് വിശദീകരിക്കുന്നത്. വിവരസാങ്കേതികവിദ്യ സാമ്പത്തികാംശങ്ങളിലേക്ക് ചുരുങ്ങുക എന്ന പ്രക്രിയയില്‍ ഇരകളുടെ വിലാപത്തിനു പ്രസക്തി ഇല്ല. ലാഭം മാത്രം കണ്ണു വെച്ചു കൊണ്ട് കരുക്കള്‍ നീക്കുന്ന സൈബര്‍പലകമേല്‍ മാനവരാശിയുടെ സുസ്ഥിരതയ്ക്ക് എത്ര കണ്ട് സ്ഥാനമുണ്ടാവും എന്നതും ചിന്തിക്കേണ്ടതാണ്.

യഥാര്‍ത്ഥജീവിതത്തില്‍ പീഡനം അനുഭവിക്കുന്നവരും സമൂഹത്തിന്റെ അരികുവാസികളായി ജീവിക്കുന്നവരും ഉച്ചനീചത്വങ്ങളില്ലാതെ പ്രതീതിലോകത്തെ അധികാരികളാവുന്നത് അസ്വാഭാവിക കാഴ്ച്ചയല്ല. സൈബര്‍സ്ഥലങ്ങളെ ശരീരങ്ങളുടെയും രാഷ്ട്രങ്ങളുടെയും മേലുള്ള അധികാരം സ്ഥാപിക്കാനുള്ള ഉപാധികളാക്കാന്‍ പറ്റുമെന്നതിന്റെ ഉദാഹരങ്ങള്‍ സൈബര്‍ ഭീകരാക്രമങ്ങളിലൂടെ ബോധ്യപ്പെടുന്നുണ്ട്. ഭരണകൂടവുമായി ഒളിയുദ്ധം നടത്തുന്ന സൈബര്‍ പോരാളികളെ  കരുതലോട് കൂടി മാത്രമേ കാണാവൂ എന്ന പാഠമായിരുന്നു വികിലീക്‌സ് സംഭവം ലോകത്തിനു നല്കിയത്. പ്രബലമായ അധികാരകേന്ദ്രത്തിനെ   സാമാന്യേന ദുര്‍ബലരെന്നു  ധരിച്ചിരുന്ന മനുഷ്യര്‍ക്ക് വരെ വിറളി പിടിപ്പിക്കാനും ഭയപ്പെടുത്താനും സാധിക്കുമെന്ന് ആസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാഞ്ച് (Julian Assange) വന്‍ ശക്തികളെ ബോധ്യപ്പെടുത്തിയതിന്  ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചിരുന്നു. 

തീവ്രവാദികളുടെ ആക്രമണങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ലോകരാഷ്ട്രങ്ങളെയെല്ലാം തന്നെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള സൈബര്‍ ഒളിയുദ്ധങ്ങള്‍ നിയന്ത്രിക്കാന്‍ അതീവ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ ഇതിനു മറ്റൊരു വശം കൂടിയുണ്ട്.. ഒരു വ്യക്തിയെ രാജ്യദ്രോഹിയായി കുറ്റം ചുമത്താനുള്ള  സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും  ബന്ധപ്പെടുത്തി അയാളെ തുറുങ്കിലടയ്ക്കാനുള്ള വകുപ്പുകള്‍ പ്രായോഗികമായ ഇന്ന്, അത്തരമൊരു അവസ്ഥ കോര്‍പ്പറേറ്റ് ലോകത്തു സാങ്കേതിക കരുക്കളുടെ സഹായത്തോടെ എത്രയും നിസ്സാരമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നത് ഭീതിയുണ്ടാക്കുന്ന വസ്തുതയാണ്. ഗൂഗിളിനെ പോലെയുള്ള ബഹുരാഷ്ട്ര ഐ ടി ഭീമന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കു വേണ്ടി അനധികൃത വിവരശേഖരണം നടത്തിയെന്ന എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചിട്ട് കാലം അധികമായില്ല. ഇതില്‍ നിന്നും വേറിട്ട് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുമുള്ള രഹസ്യ വിവരങ്ങള്‍ കച്ചവടതാല്പര്യങ്ങള്‍ക്ക് കമ്പോളത്തില്‍ മറിച്ചുവില്‍ക്കുന്ന പ്രവണതയും നിലവിലുണ്ട്. ആഗോളവത്കരണത്തിന്റെ ഫലമായുണ്ടായ സാങ്കേതികതയുടെ കൊടുക്കല്‍വാങ്ങലുകളില്‍ മനുഷ്യനിലുള്ള വിശ്വാസം ചോര്‍ന്നു പോകുന്നതിന്റെ കഥ ഇന്ത്യന്‍ വംശജനായ ഷുമീത്  ബലൂജയുടെ The Silicon Jungle എന്ന നോവലില്‍ വിവരിക്കുന്നുണ്ട്.

.........................................................................................

ഗൂഗിളിലെ തൊഴില്‍ സംസ്‌കാരത്തിന്റെയും തൊഴിലിടത്തും ജീവനക്കാരോടും തൊഴില്‍ദാതാവിന്റെ ഹീനമായ സമീപനവും സൂക്ഷ്മമായി പറഞ്ഞു പോകുന്ന  നോവലായ The Silicon Jungle ടെക്കികളുടെ യഥാതഥ ജീവിതചിത്രീകരണമാണ്. 

Literature festival on cyber fiction by rahul radhakrishnan

4

അപരിചിതമായ മേഖലകള്‍ അന്വേഷിക്കുന്ന,  വിഭ്രമാത്മകമായ അപരത്വങ്ങള്‍ സൃഷ്ടിക്കുന്ന കഥകള്‍ പ്രതീതിയിടങ്ങളുടെ പ്രാരംഭകാലത്ത് ഉണ്ടായിരുന്നു. 1984 എന്ന നോവലില്‍ ജോര്‍ജ് ഓര്‍വെല്‍ ഭാവനയില്‍ കണ്ടതിനേക്കാളും തീക്ഷ്ണമായ യാഥാര്‍ഥ്യങ്ങള്‍ ഗൂഗിളിന്റെയും ആമസോണിന്റെയും പ്രഭാവകാലത്ത്  സംഭവിക്കുന്നുണ്ട്. അധികാരവിനിമയങ്ങളുടെ ശൃംഖലയില്‍ സാങ്കേതികപരിജ്ഞാനം സൃഷ്ടിക്കുന്ന പര്യവേക്ഷണം എത്ര മാത്രവും ജാഗ്രതയുള്ളതാണെന്നു നവമുതലാളിത്തം ജന്മം കൊടുത്ത സ്ഥാപനങ്ങള്‍ തെളിയിക്കുന്നു. . കോള്‍ സെന്ററുകളില്‍ അപരസ്വത്വത്തിനുടമകളായി രാത്രികള്‍ തള്ളി നീക്കേണ്ടി വന്നവരുടെ വിഷാദരോഗങ്ങളെ പറ്റി നമുക്കറിയാം. സേതുവിന്റെ 'ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍' എന്ന കഥ ഇത്തരത്തില്‍ ഒന്നാണ്. ഗായത്രി എന്ന പെണ്‍കുട്ടി കോള്‍സെന്ററില്‍ ജോലിയെടുക്കുന്ന സമയത് മാര്‍ഗരറ്റ് ആയി മാറേണ്ട പ്രതിസന്ധിയാണ് ഈ കഥ വിവരിക്കുന്നത്.  ഗൂഗിളിലെ തൊഴില്‍ സംസ്‌കാരത്തിന്റെയും തൊഴിലിടത്തും ജീവനക്കാരോടും തൊഴില്‍ദാതാവിന്റെ ഹീനമായ സമീപനവും സൂക്ഷ്മമായി പറഞ്ഞു പോകുന്ന  നോവലായ The Silicon Jungle ടെക്കികളുടെ യഥാതഥ ജീവിതചിത്രീകരണമാണ്. 

ഉബാറ്റോ എന്ന സേര്‍ച്ച് എന്‍ജിന്‍  കമ്പനിയുടെ കഥയാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത് ടെക്‌നോളജിയുടെ അതിപ്രസരം തൊഴില്‍ സംസ്‌കാരത്തെ  ഹനിക്കുന്നതിന്റെ കാഴ്ച്ചകള്‍ ആണ് ദി സര്‍ക്കിളിലെ പോലെ ഈ നോവലും പങ്കു വെയ്ക്കുന്നത്. ഉപഭോക്തൃ സമൂഹത്തില്‍ വിപണിയുടെ അധികാരം വിപുലമാക്കുന്നതിന്റെ ഭാഗമായി Data Mining ശാഖയെ (ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിനോ ആവശ്യത്തിനോ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഡാറ്റയുടെ കൂട്ടത്തെ വിശകലനം ചെയ്യുന്ന പ്രക്രിയ) എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് ഈ നോവലില്‍  വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഡാറ്റാ മൈനിങ്ങിന്റെ സാധ്യതകളെയും അതുപയോഗിച്ച് ഉപഭോക്തൃവിവരങ്ങള്‍ മനസ്സിലാക്കുന്നതും സര്‍വസാധാരണമായി തുടങ്ങി. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍, അയാള്‍ നിരന്തരം സന്ദര്‍ശിക്കുന്ന പോര്‍ട്ടലുകളിലൂടെ അറിഞ്ഞു വെക്കുന്ന കച്ചവടക്കാര്‍ അയാള്‍ക്ക് കൂടി താത്പര്യമുള്ള വിവരങ്ങള്‍ കൈമാറുന്നു. ഉപഭോക്താവിന്റെ അഭിരുചിയനുസരിച്ച് താത്പര്യമുള്ള മേഖലയിലെ പരസ്യങ്ങളും ആനുകൂല്യങ്ങളും മറ്റും ഉപഭോക്താവിനെ തേടിയെത്തുന്നതില്‍ അത്ഭുതമൊന്നുമില്ല. ഏതാണ്ട് ഇതേ പശ്ചാത്തലത്തിലുള്ള ഒരു ചൂഷണത്തിന്റെ കഥയാണ് 'ദി സിലിക്കണ്‍ ജങ്കിളി'ല്‍ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ഒരു പുസ്തകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നയാളെ 'ദേശദ്രോഹി' ആയി വരെ മുദ്ര കുത്തിയേക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ പോള്‍ വിറിലോയോവിന്റെ ' 'Information Bomb' അര്‍ത്ഥവത്താവുന്നത് ഇങ്ങനെയാണ്. അതു പോലെ നഗരത്തിലെ വീടുകളെ ഒരു നെറ്റ് വര്‍ക്കിലാക്കി അതതു വീടുകളിലുള്ളവര്‍ എന്താണ് ഇന്റര്‍നെറ്റിലൂടെയും കംപ്യൂട്ടറിലൂടെയും  ക്രയവിക്രയം ചെയ്യുന്നതെന്ന് ഒരു സോഫ്റ്റ്വെയര്‍ വഴി പരിശോധിക്കുന്നതും ആഖ്യാനത്തില്‍ കടന്നു വരുന്നു.

അമേരിക്കയിലെ ആഭ്യന്തര സുരക്ഷാസംഘത്തിന്റെ ആവശ്യപ്രകാരം ചില പ്രത്യേക ബന്ധങ്ങളുള്ള പൗരന്മാരെ  നിരീക്ഷണവിധേയമാക്കുന്നതിനായി  ACCL എന്ന സംഘടന അതിനുള്ള ശ്രമം ആരംഭിക്കുന്നു. ഉബാറ്റോയിലെ ട്രെയിനി ആയി ജോലി ചെയ്യുന്ന സ്റ്റീഫനെയാണ് അവര്‍ അതിനു നിയോഗിക്കുന്നത്. ഉബാറ്റോയുടെ ഡാറ്റ മൈനിങ് സാങ്കേതികവിദ്യ ഇതിനായി സ്റ്റീഫന്‍ ഉപയോഗിക്കുന്നു; കമ്പനിയെ  വഞ്ചിക്കുകയാണെന്ന് അറിയാതെ അയാള്‍ ചെയ്യുന്ന പ്രവൃത്തികളുടെ പരിണതഫലമാണ് നോവലിന്റെ കാതല്‍.

5
വിവരസാങ്കേതിക ഉപകരണങ്ങളിലൂടെ സ്വായത്തമാവുന്ന സൗകര്യങ്ങളെ  ഇന്നത്തെ ലോകം  വിവിധ തരത്തില്‍ പ്രയോജനപ്പെടുത്തുകയാണ്. അതിഭാവനയുടെ അപാരതകളിലൂടെ യാത്ര ചെയ്യാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷെ മാനുഷികബന്ധങ്ങളുടെ അടിയൊഴുക്കുകള്‍ക്ക് അവിടെ ആഴം കുറയുന്നുണ്ടോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുത്തുന്ന ജോലിസ്ഥലങ്ങളില്‍ മാനവികമൂല്യങ്ങള്‍ നേര്‍ത്തതാവുന്നു. ഈ സാഹചര്യം പ്രകടമായി വ്യക്തമാക്കുന്ന കഥയാണ് കെ വി പ്രവീണ്‍ എഴുതിയ  'ജാക്ക്‌പോട്ട്' എന്ന കഥ. ആഗോളവത്കരണത്തിന്റെ ഭാഗമായി, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ ഒടുവിലോടെ  പുറംപണികരാറുകള്‍ (Outsourcing) ക്രമാതീതമായി  ഇന്ത്യയിലേക്കി എത്തിത്തുടങ്ങി. വികസിതരാഷ്ട്രങ്ങളിലേക്ക് ഐ ടി തൊഴില്‍ ചെയ്യാനായി പോകുന്നവരുടെ ഇന്ത്യക്കാരുടെ എണ്ണവും സ്വാഭാവികമായി കൂടി. ഇന്ത്യയെപ്പോലെയുള്ള അവികസിത രാഷ്ട്രങ്ങളെയാണ് പുറംപണികരാറുകള്‍ ലക്ഷ്യം വെക്കുന്നത് എന്നത്  കൊണ്ട് തന്നെ അധിനിവേശാനന്തര ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് കറുത്ത തൊലിക്കാരോട് വെളുത്ത വര്‍ഗം ചെയ്യുന്നത്. ഈ ഒരു സാഹചര്യത്തില്‍ അമേരിക്കയില്‍ എത്തിയ കൃഷ്ണദാസ് 'ക്രിസ്' ആയി മാറിക്കൊണ്ട് ചൂതാട്ടത്തിലൂടെ പണം കൊയ്യുന്നു. അതേ കമ്പനിയില്‍ താരതമ്യേന ചെറിയ തസ്തികയില്‍ ജോലി ചെയ്യുന്ന ആഖ്യാതാവ് ആകട്ടെ വര്‍ണ/ ദേശ വിവേചനം കൊണ്ടും തൊഴില്‍ നൈപുണ്യം കുറവായത് കൊണ്ടും അധികാരികളുടെ സമ്മര്‍ദത്തില്‍ പ്രയാസപ്പെടുന്നതിന്റെ ആഖ്യാനമാണ് ജാക്ക്‌പോട്ട്

ദുര്‍ഗന്ധം വമിക്കുന്ന ഗൃഹാതുരതയും, തുരുമ്പെടുത്ത ദര്‍ശനങ്ങളും, പിന്നെ ജനകീയത മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രചാരണസാഹിത്യവും നവസാമൂഹികമാധ്യമങ്ങളുടെ ഭിത്തികള്‍ മലിനമാക്കുകയാണ്. സാമൂഹികമാധ്യമങ്ങളെ അടച്ചാക്ഷേപിക്കുകയോ അവയുടെ നല്ല വശങ്ങളെ കാണാതിരുന്നു കൊണ്ടോ അല്ലാ ഈ അഭിപ്രായപ്രകടനം. ഇന്റര്‍നെറ്റിന്റെയും വാറ്റ്‌സാപ്പിന്റെയും കയങ്ങളില്‍ സ്വത്വപ്രതിസന്ധിയുണ്ടാകുന്നത് വിജയകരമായി ആവിഷ്‌കരിക്കാന്‍ കഥകളിലൂടെ കഴിഞ്ഞിട്ടില്ല എന്നത് വാസ്തവമാണ്. വിലോഭനീയതയുടെയും കണ്ണാടിച്ചുമരുകളുടെയും തൊലിപ്പുറകാഴ്ചകള്‍ വിവരസാങ്കേതിക തൊഴിലിടങ്ങളിലെ നഗ്‌നസത്യങ്ങളെ  പൊതുവെ മറച്ചു വെക്കുന്നുണ്ട്. തൊഴിലാളികളുടെ അധ്വാനസമയത്തെ മൂലധനമാക്കി പ്രവൃത്തിക്കുന്ന ഉത്പാദനവ്യവസ്ഥിതിയില്‍ മാനുഷികപരിഗണനയ്ക്ക് പ്രഥമസ്ഥാനമാണ് നല്‍കേണ്ടത്.

ഗൂഗിള്‍ പോലെയും മൈക്രോസോഫ്റ്റ് പോലെയുമുള്ള  ഐ ടി കമ്പനികളുടെ അനുദിനമുള്ള സാങ്കേതിക വളര്‍ച്ചയുടെയും ജീവനക്കാരുടെ ബുദ്ധിവൈഭവത്തെയും നാം പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍ അവരില്‍ ചിലരെങ്കിലും അനുഭവിക്കാന്‍ സാധ്യതയുള്ള ദുരിതങ്ങളുടെ ചിത്രങ്ങളാണ് 'ദി സിലിക്കണ്‍ ജങ്കിളും  ദി സര്‍ക്കിളും  ജാക്ക്‌പോട്ടും  അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍/നവ സാമൂഹികമാധ്യമങ്ങള്‍, അവാസ്തവിക ലോകങ്ങള്‍ എന്നിവയില്‍ അഭിരമിക്കാത്തവര്‍ ചുരുക്കമുള്ള ഒരു സമൂഹത്തില്‍ ഇന്റര്‍നെറ്റും നവമാധ്യമങ്ങളും പല മാനങ്ങളിലുള്ള ജ്ഞാനനിര്‍മ്മിതിക്കും വിനിമയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നുണ്ട്.

സൈബര്‍ലോകത്തെ ചൂഷണം എത്ര മാത്രം കഠിനമാണെന്നു ഊഹിക്കാന്‍ പ്രയാസമാണ്. സമൂഹത്തിന്റെ പ്രത്യക്ഷമായ  തുറസ്സില്‍ ഇരകളെയും വേട്ടക്കാരെയും തിരിച്ചറിയാന്‍ സാധിക്കും. ഈ  വ്യവസ്ഥിതിയുടെ നിര്‍വ്വഹണം  സൈബര്‍തലത്തിലേക്ക് കൂടെ വ്യാപിക്കുകയാണ് . 'അദൃശ്യ'മായ തലത്തില്‍ നില നില്‍ക്കുന്ന ആ അധികാരഘടനയ്ക്ക് കരുത്ത് കൂടുതലാണ്. അത്തരമൊരു വിശേഷാവസ്ഥയില്‍ പ്രതീതിയാഥാര്‍ഥ്യങ്ങളുടെ അധികാരവ്യവസ്ഥയെയും അത് വികസിപ്പിക്കുന്ന ബന്ധങ്ങളുടെ പലമയെയും ആഴത്തില്‍ അപഗ്രഥനം ചെയ്യേണ്ട സാഹിത്യകൃതികള്‍  ഉണ്ടായിക്കൊണ്ടിരിക്കും എന്നുറപ്പാണ് 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

 

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

Follow Us:
Download App:
  • android
  • ios