Asianet News MalayalamAsianet News Malayalam

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം

വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടം എഴുതുന്ന ചെറുകഥ. ചിന്‍ ഓ അസം.

Literature festival Chin o Assam short story by induchoodan kizhakkedam
Author
Thiruvananthapuram, First Published Oct 11, 2019, 2:20 PM IST

മനുഷ്യരിലേക്കുള്ള യാത്രാവിവരണങ്ങളാണ് ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ കഥകള്‍. അടുത്തും അകലെയുമുള്ള മനുഷ്യര്‍. പല കരകളിലെ, ദേശങ്ങളിലെ ജീവിതങ്ങള്‍. ഇടങ്ങള്‍ മാറുമ്പോഴും മാറ്റമില്ലാത്ത വൈകാരികതകള്‍. സംഘര്‍ഷഭരിതമായ ആന്തരിക ലോകങ്ങള്‍. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ അനുനിമിഷം മാറുന്ന ഋതുക്കള്‍. ആണും പെണ്ണും ജീവിക്കുന്ന വിചിത്ര ലോകങ്ങളിലേക്കുള്ള ഏകാന്തഭരിതമായ ആ യാത്രകളിലാണ് ഇന്ദുചൂഡന്‍ കഥകള്‍ പിറക്കുന്നത്. അവ മനുഷ്യ ജീവിതങ്ങളെ തന്നെ ദേശങ്ങളായി പരിപാലിച്ചുപോരുന്നു. ജീവനുള്ള ദേശങ്ങളുടെ ആന്തരികപാതകളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന നിസ്സഹായത കണ്ടെടുക്കുന്നു. കഥപറച്ചിലിന് മാത്രം കഴിയുന്ന സൂക്ഷ്മതയില്‍ ആ നിസ്സഹായതകള്‍ പകര്‍ത്തുന്നു. എന്നാല്‍, മനുഷ്യരിലൊതുങ്ങുന്നില്ല, ഇന്ദുചൂഡന്റെ യാത്രകള്‍. അവ ചുറ്റുപാടുകളിലേക്ക്, പ്രകൃതിയിലേക്ക്, ആവാസ വ്യവസ്ഥകളിലേക്ക്, ജീവജാലങ്ങളിലേക്ക് നിരന്തരം ചെന്നെത്തുന്നു. 

സ്വന്തം ഇടമായ കോടനാട് നിന്നും ഇന്ത്യയൊട്ടാകെ നീളുന്ന യാത്രാപഥങ്ങളും തുളുമ്പുന്നുണ്ട്, ഇന്ദുചൂഡന്റെ കഥകളില്‍. മറുകരകളിലെ ഒട്ടും സാധാരണമല്ലാത്ത ജീവിതങ്ങളിലേക്ക് ആ വഴികള്‍ നീളുന്നു. ദേശാന്തരങ്ങളില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ജീവിതങ്ങളുടെ കഥ പറയുമ്പോള്‍ ഭാഷയും ആഖ്യാനവും അസാധാരണമായ തലങ്ങളിലേക്ക് വളരുന്നു. ഭാഷയുടെ അപ്രതീക്ഷിത വളവുതിരിവുകളും ദൃശ്യഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളും കൊണ്ട് ഇന്ദുചൂഡന്‍ കഥകള്‍ വായനക്കാരെ  ഭാവനയുടെ അപരലോകങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു. എന്നാല്‍, സൗമ്യമായ, മൃദുവായ, ആര്‍ദ്രമായ ഒരിടത്തേക്കല്ല വായനക്കാര്‍ ചെന്നെത്തുന്നത്. ജീവിതത്തിനു സഹജമായ വേഗങ്ങളും ക്രൗര്യങ്ങളും യാദൃശ്ചികതകളും ഭ്രമാത്മകതയുമെല്ലാം ചേരുന്ന ഒട്ടും സാധാരണമല്ലാത്ത ഒരിടത്തേക്കാണ്.
 

Literature festival Chin o Assam short story by induchoodan kizhakkedam

 

പുതിനയുടെ സുഗന്ധം ബോധത്തെത്തന്നെ മൂടുമെന്നായപ്പോള്‍ അതിരിലെ വള്ളിയില്‍ നിന്നും പിടിവിട്ടു. ഞാന്‍ തോട്ടിലൂടെ ഒഴുകാന്‍ തുടങ്ങി. മലര്‍ന്നു കിടന്ന്, തല ഉയര്‍ത്തിപ്പിടിച്ച് ഒഴുകിനീങ്ങുമ്പോള്‍ ഞാന്‍ വശങ്ങളിലേക്ക് നോക്കി. പാവല്‍പ്പന്തലിന്റെ ഹരിതത്തില്‍ മുങ്ങി ഇടതു വശം. ഏത്തവാഴകളുടെ ഗാര്‍ഡ് ഓഫ് ഓണറുമായി വലതു വശം. അസമിലെ ഓയില്‍ കമ്പനിയും ഞാനുമായുള്ള സന്ധി അവസാനിച്ചതിനു ശേഷമുള്ള ആറുമാസം വെറുതെയായില്ല. എങ്കിലും തോട്ടില്‍നിന്നും കവിള്‍ക്കൊണ്ട വെള്ളം നീട്ടിത്തുപ്പി അത് താഴെയെത്തുംമുന്‍പ് മുങ്ങാനുള്ള എന്റെ ശ്രമം പാഴാവുകതന്നെ ചെയ്തു.

എന്റെ പറമ്പവസാനിക്കുന്നിടത്ത് തോട് ഒരു കൊച്ചു വെള്ളച്ചാട്ടമായിമാറുന്നതിനാല്‍ അവിടെ നീന്തല്‍ മതിയാക്കി. കല്ലുകള്‍ പെറുക്കിക്കൂട്ടി അണയുടെ ചെറിയൊരു മാതൃക ഉണ്ടാക്കിയത് ഞാന്‍തന്നെയാണ്. നേരം കുറവുള്ളപ്പോള്‍ ചിലപ്പോഴൊക്കെ നേരെ ഡാം സൈറ്റിലൊരു കുളി. വെള്ളച്ചാട്ടത്തില്‍ എന്തുചെയ്യണമെന്ന ഒരു പ്രശ്‌നത്തിലേക്ക് നീന്തല്‍ പരിണമിക്കാതിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചു.

    പ്രിയന്‍ ഇന്നലത്തെ ഇന്റര്‍വ്യൂ?

ചില്ലക്ഷരത്തില്‍ അവസാനിക്കുന്ന എന്റെ പേര് വിളിച്ചെത്തിക്കാന്‍ പാടുപെട്ട്, ചില്ലുപേക്ഷിച്ചാല്‍ വിളിയില്‍ കടന്നു കൂടുന്ന സ്‌ത്രൈണ ഭാവത്തില്‍ ഭയന്ന്, തോട്ടിന്‍കരയില്‍ എന്റെ അയല്‍ക്കാരന്‍. വെളുപ്പിനെഴുന്നേറ്റ് ടോര്‍ച്ചുവെളിച്ചത്തില്‍ പാവയ്ക്ക നുള്ളി ചേളാകത്തിലാക്കി ചന്തയ്ക്ക് പോകുന്ന ലാഘവത്തോടെ ഞാനിന്നലെ ഒരു ഇന്റര്‍വ്യൂവിന് പോയിരുന്നു. അസമില്‍ നിന്നും വന്നതിനുശേഷം നാലാമത്തേത്.

    എന്തിന് ഓയില്‍ കമ്പനി വിട്ടു?

    കോണ്‍ട്രാക്ട് തീര്‍ന്നിട്ട്.

    എന്തുകൊണ്ട് കോണ്‍ട്രാക്ട്് പുതുക്കിയില്ല?

    എനിക്കറിയില്ല.

    അതൊരുത്തരമല്ലല്ലോ.

പുതിയ കുട്ടികള്‍ വന്നിട്ടാവാം. എനിക്കറിയില്ലെന്നു പറഞ്ഞ് അഭിമുഖം നിറുത്തേണ്ടതായിരുന്നു. വിശദീകരണം ഒരു ജോലി വേണമെന്ന് തോന്നിയതുകൊണ്ട് നല്‍കിയതാണ്.

ലീന ഒരു കെട്ട് മുരിങ്ങക്കായയുമായി തോട്ടുവക്കത്തേക്കൊന്ന് നോക്കുകകൂടി ചെയ്യാതെ വീട്ടിലേക്ക്. തരംകിട്ടുമ്പോഴൊക്കെ സാമ്പാറിലും അവിയലിലും അവള്‍ മുരിങ്ങക്കായ നിറയ്ക്കുന്നു.

മൊസൈക്ക് സ്‌ളാബുകൊണ്ടുണ്ടാക്കിയ തീന്‍ മേശ. പൊട്ടിപ്പൊളിഞ്ഞ വരാന്ത. പറമ്പിന്റെ മൂന്നതിരുകളെ ചുറ്റി ഒഴുകുന്ന തോട്. തോടിനേയും പറമ്പിനേയും മുറിച്ചു കടക്കുന്ന വഴി. ഞാന്‍ കുട്ടിക്കാലം ഓര്‍ക്കുകയായിരുന്നു. അന്ന് ചിലര്‍ തോട്ടിലൂടെ നീന്തി പ്രത്യക്ഷപ്പെടുമായിരുന്നു. മറ്റു പലതും മാറിയിട്ടും വീടിനെ ചുറ്റിപ്പോകുന്ന തോട് അങ്ങനെത്തന്നെ. ഇപ്പോഴും തൊടിയുടെ മുകളറ്റത്ത് തോട്ടിലിറങ്ങിയാല്‍ താഴെ വീടിനു മുന്നില്‍ കുളിച്ചു കയറാം.

തോട്ടിറമ്പിലൂടെ ആരും തെളിക്കാതെ എന്റെ ആട്ടിന്‍കൂട്ടം തൊഴുത്തിലേക്ക് നടന്നു.

ഇടുങ്ങിയ ഇടവഴികളില്‍ നാടുവിട്ടു നിന്നതിന്റെ പരിചയക്കുറവ്. മുജ്ജന്മങ്ങളില്‍ നിന്നും വേഷം മാറിയതുപോലെ വരുന്ന മനുഷ്യര്‍. കയറ്റത്തിന്റെ തുടക്കത്തില്‍ ഏതോ ജോലി ചെയ്തുതീര്‍ക്കും മട്ടില്‍ പരസ്പരം മുഖത്തേക്ക് ബീഡിപ്പുക ഊതിവിടുന്നവര്‍. നാട്ടിലെ കടകളിലേക്കുള്ള പലവ്യഞ്ജനവുമായി കേരള എക്‌സ്പ്രസ് എന്ന കാളവണ്ടി. പരിമിതമായ ട്രിപ്പുകള്‍ മാത്രമുള്ള ബസ്സ്.

ഓര്‍മ്മകള്‍ പോലെ അഴുക്ക് അടിഞ്ഞുകൂടിയ കച്ചത്തോര്‍ത്ത് തോട്ടില്‍ അലമ്പിക്കഴുകി. പഴുത്തുവീഴുന്ന റബ്ബറിലകള്‍ തീര്‍ത്ത മഞ്ഞപ്പരവതാനിയിലൂടെ നീരാട്ടിനു ശേഷം ഒരു പ്രഭുവിനെപ്പോലെ ഞാന്‍ നടന്നു. ലീന വിളമ്പിയ കനം കുറഞ്ഞ ദോശ കഴിക്കുമ്പോള്‍ ഉള്ളില്‍ പിന്നെയും പഴയ കാലം. കൊഴുക്കട്ട നുറുക്കി വറുത്തിട്ട പ്രഭാതഭക്ഷണം. അത്താഴത്തിന് നുറുക്കാത്ത കൊഴുക്കട്ട. ദാരിദ്ര്യം പനമ്പുകെട്ടിച്ച കിണറ്റുകരയിലെ കുളിമുറി. പലകവച്ച് മറച്ച വരാന്ത. തട്ടിക്കൂട്ടിയ പ്രാരാബ്ധങ്ങളുടെ കട്ടില്‍. പനി. ശരീരം നിറയെ കുമിളകള്‍. അടുക്കളപ്പലക ചാരി ഉണ്ണാനിരിക്കുമ്പോഴൊക്കെ അവജ്ഞയും നിരാശയും സങ്കടവും കൂട്ടിക്കുഴച്ച നെല്ലിക്കയോളം പോന്ന ചോറുരുളകള്‍. ഭൂമിയിലേക്ക് ദൈവം പറഞ്ഞുവിടുന്നവര്‍ എങ്ങനെയാണ് ഇവിടെയെത്തുമ്പോള്‍ പല കാരണങ്ങളാല്‍ വിഭജിക്കപ്പെടുന്നതെന്ന ഒറ്റ ചോദ്യം. ജോലി അന്വേഷണം പലപ്പോഴും കഴിഞ്ഞ കാലങ്ങളുടെ പോസ്റ്റുമോര്‍ട്ടം എന്ന ജോലിയില്‍ ഒതുങ്ങുന്നു.

നറുനീണ്ടികള്‍ തഴച്ചുവളരുന്ന താഴെപ്പറമ്പിലെ ആഞ്ഞിലിയുടെ ചുവട്ടില്‍, ഒരു പകലുറക്കത്തില്‍ നിന്നും കുതറി മാറി, ഞാന്‍ എത്തിയതാണ്. ആഞ്ഞിലിത്തിരി കത്തിച്ച് ഉണക്കയിലകളില്‍ തുള വീഴ്ത്തുന്നതും അത് കടിച്ചുപിടിച്ച് ചുരുട്ടു വലിക്കുന്നതിന്റെ പരിശീലനം നടത്തുന്നതും ഓര്‍മ്മയില്‍ നിറയുന്ന ഒരുച്ചയുറക്കത്തിന്റെ പിടിയില്‍നിന്നുമാണ് ഞാന്‍ കുതറിയോടിയത്.

 

.........................................................................

പരിചിതമായ ഒരു കൂവല്‍ കേട്ട് ഞാനങ്ങോട്ട് ഓടിച്ചെന്നു. എന്റെ ജീവിതത്തില്‍ ഞാനേറ്റവും അത്ഭുതപ്പെട്ട സമയമായിരുന്നു അത്. തോട്ടില്‍നിന്നും മുങ്ങി നിവര്‍ന്നയാളുടെ മുഖത്ത് ഞാന്‍ ഇമയിടറാതെ നോക്കി. 

Literature festival Chin o Assam short story by induchoodan kizhakkedam

 

 

സ്ഥിരമായി ജോലിയൊന്നുമില്ലാത്ത ഒരാള്‍ വഴിയെ നടന്നുപോയാല്‍ അയാള്‍ എങ്ങനെയാവും ജീവിച്ചുപോവുന്നത് എന്നാവും എന്റെ വിചാരം. അയാളുടെ ചില്ലറ ജോലികളുമായി ബന്ധപ്പെട്ട മറ്റൊരാളെ  കാണുമ്പോള്‍ അയാള്‍ എങ്ങനെ ജീവിച്ചുപോവുന്നു എന്ന ആധിയിലേക്ക് ഞാന്‍ മാറും. അയാളില്‍നിന്നും അടുത്തയാളിലേക്ക്. ഒടുവില്‍ നാട് എങ്ങനെ ജീവിക്കുന്നു എന്നതിലെത്തുമ്പോള്‍ എനിക്ക് തല പെരുക്കും. വ്യക്തിയെപ്പോലെ നാടിനും വേണ്ടേ ചില മാന്യമായ ജീവിത മാര്‍ഗങ്ങള്‍.

പാവല്‍ ഇലകള്‍ക്കുമേല്‍ പറന്നുനടന്ന് ഒരു ലാന്‍ഡിംഗ് സ്‌പേസ് അന്വേഷിക്കുന്ന ചെറുവണ്ടുകളിലായിരുന്നു എന്റെ ശ്രദ്ധ. 

പരിചിതമായ ഒരു കൂവല്‍ കേട്ട് ഞാനങ്ങോട്ട് ഓടിച്ചെന്നു. എന്റെ ജീവിതത്തില്‍ ഞാനേറ്റവും അത്ഭുതപ്പെട്ട സമയമായിരുന്നു അത്. തോട്ടില്‍നിന്നും മുങ്ങി നിവര്‍ന്നയാളുടെ മുഖത്ത് ഞാന്‍ ഇമയിടറാതെ നോക്കി. 

ചിന്‍മോയ്! 

അത്ഭുതം സഹിക്കവയ്യാതെ ഞാനും വിളിച്ചുകൂവി. ഹോയ്, ചിന്‍. 

രംഗിയയിലെ ഒരിടവഴിയില്‍ നിരവധി തവണ മുഴങ്ങിയിട്ടുള്ള കൂവലുകള്‍.

ജലമിറ്റുവീഴുന്ന അവന്റെ കൈയിലേക്ക് തോട്ടിന്‍കരയില്‍ നിന്ന് ഞാന്‍ ക്ഷണഹസ്തം നീട്ടി. വെള്ളം ഊര്‍ന്നുവീഴുന്ന ഷോര്‍ട്ട് പാന്റ്‌സും, ടീഷര്‍ട്ടും കുറ്റിത്തലമുടിയുമായി എന്റെ ചിന്നിനെ തോട്ടിന്‍കരയിലേക്ക് ഞാന്‍ വലിച്ചുകയറ്റി. ഇക്കണ്ട ദേശങ്ങള്‍ മുഴുവന്‍ ചുറ്റി യാതൊരു മുന്നറിയിപ്പുമില്ലാതെ എന്റെ കഥനങ്ങളിലുടെ മാത്രം കേട്ടറിഞ്ഞ ഈ വീട് എങ്ങനെ അവന്‍ തേടിപ്പിടിച്ചു? വിസ്മയത്തെ എങ്ങുമൊതുക്കാനാവാതെ ഞാന്‍ പിടഞ്ഞുപോയി.

നിറുത്താതെയുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അവന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. എവിടെ അവന്റെ ബാഗ് എന്ന എന്റെ അന്വേഷണത്തിന് മറുപടിയായി എന്റെ പറമ്പിന്റെ മുകള്‍വശത്തെ,തോട്ടിറമ്പിലെ, ഒരു റബ്ബര്‍മരച്ചില്ലയിലേക്ക് അവന്‍ വിരല്‍ ചൂണ്ടി. അവന്റെ ചുവന്ന കൂറ്റന്‍ ബാഗ് മരച്ചില്ലയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

ആഹ്‌ളാദഭരിതരായി ഞങ്ങള്‍ റബ്ബര്‍മരത്തിനു നേരേ നടന്നു. ബാഗില്‍നിന്നും ടവ്വലെടുത്ത് ചിന്‍മോയ് കൈകാലുകളും തലയും തുടച്ചു. അപ്പോഴും നനഞ്ഞൊഴുകിക്കൊണ്ടിരുന്ന വസ്ത്രങ്ങള്‍ വീട്ടിലെത്തി മാറാമെന്നു പറഞ്ഞ് അവന്‍ എന്നോടൊപ്പം നടന്നു.

ചിന്‍മോയിയെക്കണ്ട് എന്നെക്കാള്‍ അതിശയിച്ചത് ലീനയാണ്. അന്നു രാത്രി വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ കസേരകളിട്ട് വളരെനേരം ഞങ്ങള്‍ സംസാരിച്ച് ഇരുന്നു. ഞങ്ങള്‍ക്കുവേണ്ടി അന്ന് നിലാവ് നീണ്ടുനിന്നു.

ഉളുബെറി ചറളിയിലൂടെ കണ്ണുകെട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ച കഥയുമായി ചിന്‍ തുടങ്ങി. അയാള്‍ അത്ഭുത കഥകളുടെ ഒരു നിലവറയില്‍ നിന്നുമാണ് എഴുന്നേറ്റു വരുന്നതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. വാസ്തവത്തില്‍ അയാള്‍ ചെയ്തതായി പറയാറുള്ള പ്രവൃത്തികളൊക്കെ അവിശ്വസനീയമായിരുന്നു. എങ്കിലും അയാളതു പറയുമ്പോള്‍ ആരും വിശ്വസിച്ചു പോകും. രംഗിയയില്‍ അയാളോട് യാത്ര പറഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് തൊണ്ടയില്‍ തവള കുടുങ്ങിയത്. ചിന്‍മോയിയുടെ അത്ഭുത കഥകള്‍ ഓരോന്നായി എന്റെ ഓര്‍മ്മയില്‍ നിരന്നു. ഭാര്യയെ ഭൂമിക്ക് തിരശ്ചീനമായി ഒരുകൈയില്‍ ഉയര്‍ത്തിക്കിടത്താറുള്ളത്, കോഴിയുടെ പിന്നില്‍ ഒരു മരുന്നുവച്ച് നിമിഷം കൊണ്ടതിനെ കൊല്ലുന്നത്, ഗുവാഹട്ടിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് നടക്കാറുള്ളത്, ബ്രഹ്മപുത്രയില്‍ മഴക്കാലത്ത് ചായനിറമുള്ള വെള്ളത്തില്‍ അക്കരയ്ക്ക് നീന്താറുള്ളത്. അയാളുടെ അത്ഭുത കഥകള്‍ ഒഴിയുന്നില്ല. അതിനിഗൂഢമായ ഒരു ചെപ്പില്‍നിന്ന് അവസാനമില്ലാതെ പുറത്തുവരുന്ന ബഹുവര്‍ണത്തൂവാലകളായി അയാളുടെ കഥകള്‍ നീളുന്നു.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ തൊടിയിലൂടെ നടന്നു. എന്റെ സംസാരത്തിലൂടെ പരിചയപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ നേരില്‍ കാണുമ്പോള്‍ ചിന്‍മോയിയില്‍ നിറയുന്ന അത്ഭുതം എന്നെ രസിപ്പിച്ചു. പാവല്‍ത്തോട്ടത്തിന് ഒരു ഗന്ധമുണ്ടെന്ന് അയാള്‍ പറഞ്ഞു. തന്റെ രാത്രീഗന്ധങ്ങള്‍ക്ക് അതുമായി സാമ്യമുണ്ടെന്നു പറഞ്ഞ് ചിന്‍ എന്റെ തോളില്‍ത്തട്ടി.

ഉച്ചഭക്ഷണത്തിന് ഞാന്‍ പറഞ്ഞതനുസരിച്ച് ചില പ്രത്യേക വിഭവങ്ങള്‍ ലീന തയ്യാറാക്കി. അയാളെ വിസ്മയിപ്പിക്കാനുള്ള എന്റെ എളിയ ശ്രമങ്ങള്‍. ചെമ്പരത്തിപ്പൂവിന്റെ തോരന്‍. വേപ്പിലക്കട്ടി അയാളെ എരിപൊരി കൊള്ളിച്ചു. ഈറ്റവട്ടിയില്‍ നിറയെ വറുത്ത തോടുമീനുകള്‍. ഈന്തക്കായയുടെ  നൂറില്‍നിന്നുണ്ടാക്കിയ ഇലയപ്പം. ചിന്‍മോയി അന്തംവിട്ടു. ഇതൊന്നും കഥകളല്ലെന്നും കണ്‍മുന്നിലുള്ള വാസ്തവങ്ങളാണെന്നും ഞാന്‍ ഊറ്റംകൊണ്ടു. നിറഞ്ഞ് സംസാരിച്ചിരിക്കുമ്പോഴാവും ബള്‍ബ് ഫ്യൂസാവുന്നത് ഓര്‍മ്മിപ്പിച്ച് അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത്.

ശരീരം മുഴുവന്‍ കുമിളകളുമായി ഞാന്‍ പനിച്ചുകിടന്ന വരാന്തയിലെ പലകമുറി പുതുക്കിപ്പണിതത് സൗകര്യമായി. ചിന്‍മോയിക്ക് അവിടെ കിടപ്പൊരുക്കി.

തേയിലത്തോട്ടങ്ങളുടെ അനന്തതയായി, എണ്ണക്കമ്പനികളുടെ ഗന്ധമായി അസം എന്റെ മയക്കത്തിലേക്ക് കയറിവന്നും അകന്നുമാറിയും ഒളിച്ചുകളിച്ചുകൊണ്ടിരുന്നു. ചിന്‍മോയിയുടെ വീട് അവിടെ ഒരു ചെരുവിലായിരുന്നു. താഴെ റോഡില്‍നിന്ന് ഞാനയാളെ വിളിക്കും. വലിയ സിന്ദൂരപ്പൊട്ടും പിഞ്ഞിത്തുടങ്ങിയ പരുത്തി സാരിയു മായി ബിതികയാവും ചിലപ്പോള്‍ മറുപടി പറയുക. ബിതികയെ ചിന്‍മോയിയുടെ അത്ഭുത കഥകളിലെ നായികയായാണ് ഞാനെപ്പോഴും നോക്കിക്കണ്ടിരുന്നത്. ഞാനതൊക്കെയും കേട്ടിട്ടുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ എന്നൊരു കുറ്റബോധം, അല്ലെങ്കില്‍ എനിക്കതൊക്കയും അറിയാമെന്ന ഒരു ഗൂഢാഹ്‌ളാദം - ഏതാണെന്നെ ഭരിച്ചിരുന്നതെന്ന് എനിക്കുതന്നെ തീര്‍പ്പാക്കാനായില്ല. അതുകൊണ്ട് ഞാനവരോട് ഒന്നുംതന്നെ സംസാരിക്കാറില്ല.

ഭാര്യയോട് കൈവീശിക്കാട്ടി ചിന്‍ ചെരിവിറങ്ങി വരുന്നതു കാണുമ്പോള്‍ ഒറ്റക്കൈയില്‍ അയാള്‍ ബിതികയെ ഭുമിക്ക് തിരശ്ചീനമായി ഉയര്‍ത്തിക്കിടത്തുന്നത്, യഥാര്‍ത്ഥത്തില്‍ അത് സംഭവിക്കുമോ എന്ന സംശയത്തോടെത്തന്നെ, ഞാന്‍ സങ്കല്പിക്കും. പുതിയൊരു വീരകഥ അയാളുടെ നാവില്‍നിന്ന് ഉതിരുന്നതു കേള്‍ക്കാന്‍ കാതോര്‍ത്ത്  ഞാനയാളോടൊപ്പം നടക്കും.

 

.........................................................................

അതിനിഗൂഢമായ ഒരു ചെപ്പില്‍നിന്ന് അവസാനമില്ലാതെ പുറത്തുവരുന്ന ബഹുവര്‍ണത്തൂവാലകളായി അയാളുടെ കഥകള്‍ നീളുന്നു.

Literature festival Chin o Assam short story by induchoodan kizhakkedam

 

 

നാടോടിപ്പാട്ടുകളും തമാശകളും വിശ്വസിക്കാന്‍ വിഷമമുള്ള കഥകളും ഒക്കയായി ചിന്‍ എന്റെ പറമ്പിനേയും വീടിനേയും അസമിലേക്ക്  എടുത്തുവയ്ക്കുകയായിരുന്നു. മടക്കയാത്ര നിശ്ചയിച്ചതിരുന്നതിന്റെ തലേന്ന് ചിന്‍ വീട്ടിലെ കൊച്ച് ഇരിമ്പരിവാള്‍ പിടിപ്പിച്ച തോട്ടികോണ്ട് പറമ്പിലേക്കിറങ്ങി. ഞാനും ലീനയും കൂടെക്കൂടി. പ്‌ളാവിലെ ഉയര്‍ന്ന ചില്ലയിലുള്ള ചക്ക തോട്ടികൊണ്ട് വലിച്ചുവീഴ്ത്താന്‍ അയാളെന്നോടു പറഞ്ഞു. കൈകള്‍ക്കുമേല്‍ ചാക്കിന്‍കഷണങ്ങള്‍ വച്ച് അയാളത് താഴെ വീഴാതെ പിടിച്ചെടുത്തു. അന്നേരമാണയാള്‍ പ്‌ളാവിന്റെ മറ്റൊരു ചില്ലയില്‍ ചുറ്റിക്കിടന്നിരുന്ന പാമ്പിനെ കണ്ടത്. എന്റെ കൈയില്‍നിന്ന് അരിവാള്‍ തോട്ടി വാങ്ങി അതിവേഗത്തില്‍ അയാള്‍ പാമ്പിനെ രണ്ടു കഷണമായി മുറിച്ച് താഴെയിട്ടു. അയാളുടെ വേഗം കണ്ടാവും ലീന അറിയാതെ കൈയടിച്ചുപോയി.

അവള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ചിന്‍ തോട്ടിലൂടെ അതീവ ആഹ്‌ളാദത്തോടെ ഒഴുകിനീങ്ങി. പഴയ അസമിയ ഗാനം അയാള്‍ കൂടുതല്‍ ഹൃദ്യമായി പാടി. തോട്ടിലേക്ക് വീണുകിടന്ന ഇഞ്ചമുള്ളുകളാല്‍ പോറലേല്‍ക്കാതെ അതീവ സമര്‍ത്ഥമായി തെന്നിമാറിയും മറിഞ്ഞും അയാള്‍ നീന്തി. തോട്ടുവക്കത്തെ കോളാമ്പിപ്പൂക്കളിലേക്ക് അയാള്‍ കൈ ഒരു പ്രത്യേക രീതിയില്‍ ചുരുട്ടിയും നിവര്‍ത്തിയും വെള്ളം ചീറ്റിച്ചു. തോട്ടിലെ മിനുസമുള്ള കല്ലുകള്‍ പെറുക്കി അയല്‍ക്കാരുടെ കോഴികള്‍ക്കു നേരേ എറിഞ്ഞു.

ചിന്‍ ഭൂമിയില്‍ ചവിട്ടിയല്ല ജീവിക്കുന്നതെന്ന് എനിക്കു തോന്നി. ഭൂമിയില്‍ നിന്നല്പം ഉയര്‍ന്ന്, അയഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ഒരു തലത്തിലാണയാള്‍ വ്യാപരിക്കുന്നത്. അസാദ്ധ്യമെന്ന് തോന്നിക്കുന്നത് എത്തിപ്പിടിക്കാനുള്ള സാഹസികതയാണയാളില്‍. തനിക്കുള്ള സൗഭാഗ്യങ്ങളിലൊന്നും അയാള്‍ തൃപ്തനല്ലെന്ന് എനിക്കു മനസ്സിലായി. ഇല്ലാത്തതെന്തോ അത് വേണമെന്ന ഒരു വാശിയും അയാളിലുണ്ടാവാം.

പുറപ്പെടുന്നതിന്റെ തലേന്ന് രാത്രി ചിന്‍മോയി എന്നെ റബ്ബര്‍ത്തോട്ടത്തിലേക്ക് ക്ഷണിച്ചു. അവിടെ കസേരകളിട്ട് ഞങ്ങള്‍ ഇരുന്നു. ചിന്‍ തന്റെ വീട്ടില്‍ വാറ്റിയതാണെന്നു പറഞ്ഞ് ഒരു കുപ്പിയില്‍നിന്ന് വൈന്‍ എടുത്ത് ഗ്‌ളാസിലൊഴിച്ച് എന്റെ നേരെ നീട്ടി. മദ്യം വേണ്ടെന്ന എന്റെ നിഷേധത്തിനിടയില്‍ ഇത് താനുണ്ടാക്കിയ മരുന്നായി കരുതിയാല്‍ മതിയെന്നായി അയാള്‍. ഞാനത് മടിച്ചുമടിച്ച് വലിച്ചുകുടിക്കുമ്പോള്‍ റബ്ബറിലകള്‍ എന്റെ മേല്‍ വീണുകൊണ്ടിരുന്നു. ഇരുട്ടായിരുന്നതിനാല്‍ ഇലയുടെ നിറം, ചിന്‍മോയിയുടെ മുഖം, ഗ്ലാസിന്റെ രൂപം  എല്ലാം എനിക്ക് അവ്യക്തമായിരുന്നു.

വൈന്‍ എന്നില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ചിന്‍മോയിയുടെ തോളില്‍ ചാരി ഇരിപ്പിടങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ച് ഞാന്‍ കിടപ്പുമുറിയിലേക്ക് പോയി. കത്തിച്ച ആഞ്ഞിലിത്തിരികള്‍ തുള വീഴ്ത്തിയ വലിയൊരില ഇമകള്‍ക്കുമേല്‍ നിറഞ്ഞുനില്‍ക്കുന്നതുപോലെ. ഞാന്‍ ഗാഢനിദ്രയില്‍ മുങ്ങിത്താണു.

പതിവിലും വൈകിയാണ് ഞാനുറക്കമുണര്‍ന്നത്. വൈനിന്റെ ബാക്കിയായി ഒരു മുന്തിരിവള്ളി എന്റെ തലയില്‍ ചുറ്റിക്കിടപ്പുണ്ടെന്ന് എനിക്കു തോന്നി. 

 

.........................................................................

കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരുപാട് അത്ഭുതങ്ങള്‍ അവള്‍ പ്രതീക്ഷിച്ചിരിക്കാം. മന്ത്രകഥകളിലൂടെ അയാള്‍ എന്നെയല്ല മയക്കിക്കൊണ്ടിരുന്നത്. രംഗിയയിലെ ചണച്ചാക്കുകള്‍ മറച്ച വര്‍ക്ക് ഏരിയയ്ക്കപ്പുറം രണ്ടു കണ്ണുകളെയാണ് അവ ലക്ഷ്യം വച്ചത്.

Literature festival Chin o Assam short story by induchoodan kizhakkedam

 

 

കട്ടന്‍കാപ്പിക്കായി അടുക്കളയിലെത്തിയ ഞാന്‍ ലീനയെ അവിടെ കാണാതെ മുറ്റത്തേക്കിറങ്ങി. അവിടെയെങ്ങും അവളെ കണ്ടില്ല. തോട്ടിന്‍കരയിലും തൊടിയിലും എന്റെ കണ്ണുകള്‍ പരതിക്കൊണ്ടിരുന്നു. ലീനയില്‍ ദൃഷ്ടി ഉറപ്പിക്കാന്‍ അവയ്ക്ക് ഭാഗ്യമുണ്ടായില്ല. ചിന്‍മോയിയോടൊന്ന് പറയാമെന്നു കരുതി ഞാന്‍ വരാന്തയിലെ മുറിക്കു മുന്നിലെത്തി. വാതില്‍ തുറന്നു കിടക്കുന്നു. അയാളുടെ ചെറുബാഗ് നിലത്ത് വീണുകിടക്കുന്നു. ഞാന്‍ കിടപ്പുമുറിയിലേക്ക് മടങ്ങി. അവിടെ ലീനയുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന അവളുടെ വീട്ടുകാര്‍ കൊടുത്ത വലിയ തുകല്‍പ്പെട്ടി കാണാനുണ്ടായിരുന്നില്ല. എന്റെ ബോധത്തിന്റെ തുറസ്സിനെ നെടുകെപ്പിളര്‍ന്ന് ഒരു കരിമിന്നല്‍ പാഞ്ഞുപോയി.

അവരിരുവരും സ്ഥലം വിട്ടിരിക്കുന്നു.

ദൈവമേ, എന്റെ ദൈവമേ എന്ന് ഞാനറിയാതെ വിളിച്ചുപോയി. 

അവസാനത്തെ ഈ കൊടിയ അത്ഭുതത്തെപ്പറ്റി എനിക്കൊരു  സൂചനപോലും ഇല്ലായിരുന്നുവല്ലൊ. എങ്ങോട്ടാണവന്‍ അവളെ കൊണ്ടുപോയത്? ഒരുവട്ടംകൂടി തൊടിയും വീടും ഞാനരിച്ചുപെറുക്കി. അവര്‍ പോയിരിക്കുന്നു. ചോദ്യങ്ങള്‍ എന്റെ മനസ്സിനെ തോരണത്തിനു തൂക്കാന്‍ കുത്തിക്കീറിയ കുരുത്തോലയാക്കി. എന്റെ വേരുകളിലേക്ക് പടര്‍ന്നിറങ്ങി അഞ്ചു കൊല്ലം  കൂടെ ജീവിച്ച അവള്‍ എങ്ങനെയാണ് ഇതിന് ധൈര്യം സംഭരിച്ചതെന്നാലോചിച്ച് എന്റെ തല ധൂപക്കുറ്റിയായി. 

അന്ധതയിലേക്കും ബധിരതയിലേക്കും മൂകതയിലേക്കും വഴിമാറുന്ന വീര്‍പ്പുമുട്ടിക്കുന്ന ഒരേകാന്തതയെപ്പറ്റി ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞിരുന്നു. സങ്കല്പിച്ചതൊന്നും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരുപാട് അത്ഭുതങ്ങള്‍ അവള്‍ പ്രതീക്ഷിച്ചിരിക്കാം. മന്ത്രകഥകളിലൂടെ അയാള്‍ എന്നെയല്ല മയക്കിക്കൊണ്ടിരുന്നത്. രംഗിയയിലെ ചണച്ചാക്കുകള്‍ മറച്ച വര്‍ക്ക് ഏരിയയ്ക്കപ്പുറം രണ്ടു കണ്ണുകളെയാണ് അവ ലക്ഷ്യം വച്ചത്.

എഴുതുന്നതിനിടയില്‍ മഷിയുടെ നിറം മാറുന്ന ഒരു റീഫില്ലായി, അവസാനത്തെ അത്ഭുതത്തിന്റെ കട്ടിക്കറുപ്പായി ചിന്‍മോയി എന്റെ അകക്കണ്ണിനു മുന്നില്‍ നിവര്‍ന്നുനിന്നു. റബ്ബറിലകള്‍ക്കും വൈനിനും ഉറക്കത്തിനുമിടയില്‍ ഇന്നലെ അയാള്‍ തിരുകിക്കയറ്റിയ ഫലിതം എന്റെ ഓര്‍മയില്‍ തികട്ടി: ആത്മഹത്യ ചെയ്യണമെന്നു തോന്നുമ്പോള്‍ വരിക. നല്ല മണ്ണെണ്ണ സൗജന്യനിരക്കില്‍ തരാം.

ചിന്‍മോയി അയാളുടെ ഭാര്യയെ ഉപേക്ഷിച്ചിരിക്കുമോ എന്ന വിചാരത്തില്‍ എനിക്ക് ശ്വാസം മുട്ടി. അയാള്‍ ലീനയെ ഭൂമിക്ക് തിരശ്ചീനമായി ഒറ്റക്കൈയില്‍ ഉയര്‍ത്തുമോ? ബിതികയുടെ ചുവപ്പു കോട്ടന്‍ സാരിയും കലങ്ങിയ കണ്ണുകളും വലിയ ചുവന്ന പൊട്ടും എന്റെ ഓര്‍മയില്‍ തെളിഞ്ഞു. മനുഷ്യന്‍ എത്ര മാറിപ്പോയി. അവനു വേണ്ടതെന്തോ അതവന്‍ ആരെ തകര്‍ത്തായാലും നേടിയെടുക്കുകയാണ്. അവനു വേണ്ടാത്തതൊക്കെയും യാതൊരു വിഷമവുമില്ലാതെ അവന്‍ ഉപേക്ഷിക്കുകയാണ്.

ഈന്തയുടെ നിസ്സഹായതയിലേക്കു നീളുന്ന ഓലകള്‍ക്കു താഴെ ഞാന്‍ വെറുതെ നിന്നു. ഈന്തയുടെ തടി ടയര്‍ വലുപ്പത്തില്‍ മുറിച്ച് വലിച്ചുകൊണ്ടു നടക്കാവുന്ന വണ്ടിക്ക് ചക്രമുണ്ടാക്കാറുള്ളത് ഞാന്‍ ഓര്‍ത്തു. ജീവിതത്തിന് വേഗം നഷ്ടമാവുകയാണെന്നും ഈന്തവണ്ടി പോലെ കാലം ഇഴയുകയാണെന്നും ഞാന്‍ കരുതി.

ഇടയ്‌ക്കെടുത്തു വായിച്ച് കണ്ണു തുടയ്ക്കാന്‍ ഉപചാരമായിട്ടാണെങ്കിലും അവള്‍ക്ക് ഒരു കുറിപ്പ് എഴുതി വയ്ക്കാമായിരുന്നു.

ഒന്നും ചെയ്യാനാവാതെ ഞാന്‍ തൊടിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നറുനീണ്ടിച്ചെടികളുടെ ഔഷധക്കൂറില്‍ കാറ്റ് കഷായപ്രായം തിരയുകയാവും. പണിക്കാരന്‍ വാട്ടുകപ്പയുടെ ജോലിയിലാണ്. വാട്ടുകപ്പ ഉണക്കുന്ന പായ, അതുണ്ടാക്കിയത് കൈതോലയില്‍നിന്നാണ്, കൈതമുള്ളില്‍ തടഞ്ഞു കീറുന്നത് കണ്ടപ്പോള്‍ ഞാന്‍ പിറുപിറുത്തു. ഉയിര്‍ നല്‍കിയ വസ്തുതന്നെ അത് സൃഷ്ടിച്ചതിനെ നശിപ്പിക്കുന്നു.

മടങ്ങിച്ചെന്ന് ചിന്‍മോയിയുടെ നിലത്തുകിടന്ന കൊച്ചുബാഗ് ഞാനെടുത്തു. അതില്‍ അസമിലെ തീവ്രവാദിസംഘത്തിന്റെ പേരിലുള്ള ഒരു കത്ത്. ഞാന്‍ വീണ്ടും നടുങ്ങി. ഈ ദിവസം എന്നെയും കൊണ്ടേ പോകൂ എന്ന് ഞാന്‍ സംശയിച്ചു. തീര്‍ന്നില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുള്ള വാറന്റുകള്‍. ഏതാനും സ്‌കെച്ചുകള്‍. ആയുധങ്ങളുടെ വിവരമടങ്ങിയ ഒരു പട്ടിക. കുറച്ചു ടെലിഫോണ്‍ നമ്പറുകള്‍. ചില കോഡുകള്‍. ലീനയെ മറ്റെന്തോ ലക്ഷ്യം വച്ചാണയാള്‍
കൂടെക്കൂട്ടുന്നതെന്ന് അന്നേരം എനിക്കു തോന്നി. ആരും സംശയിക്കാത്ത ഒരു സന്ദേശവാഹിനി. അല്ലെങ്കില്‍ കുശിനിക്കാരി. അതുമല്ലെങ്കില്‍ ഒരു ചാവേര്‍. എനിക്കപ്പോള്‍ ലീനയോട് അടക്കാനാവാത്ത സ്‌നേഹം തോന്നി. ദുര്‍ബലയായ അവളിലേക്ക് തിരിച്ചറിവുകളെ മറികടക്കാനുള്ള കരുത്ത് അയാള്‍ നിറച്ചതാവും.

വിരസമായ രാത്രികള്‍ ഉപേക്ഷിക്കാനും അത്ഭുതങ്ങളുടെ രാത്രികളിലേക്ക് പ്രവേശിക്കാനും അവള്‍ നിശ്ചയിച്ചുവോ എന്ന് അറിയണമെന്നുണ്ടായിരുന്നു. ഏറെ മാംസനിബന്ധമല്ലാതിരുന്ന എന്റെ സ്‌നേഹം അവള്‍ക്ക് മടുത്തിരിക്കും ഒരുദിവസമെങ്കില്‍ ഒരുദിവസം കരുത്തിന്റെ നിറവില്‍ കഴിഞ്ഞിട്ട് ഏതു സ്‌ഫോടനത്തില്‍പ്പെട്ടാലും സാരമില്ലെന്ന് അവള്‍ കരുതിയിരിക്കും. അത്തരമൊരു ദിവസം തന്നെ അവള്‍ക്ക് ഒരു സ്‌ഫോടനമാവും.

എനിക്കു വേണമെങ്കില്‍ ചിന്‍മോയിയെ പിന്‍തുടരാം. ലീനയെ വീണ്ടെടുക്കാന്‍ ശ്രമിക്കാം. എന്താണ് വീണ്ടെടുക്കല്‍ എന്ന ചോദ്യത്തില്‍ ഞാന്‍ സ്വയം ചുരുങ്ങി. മറ്റൊരവസ്ഥയിലേക്കു മാറിയ ആളെ മടക്കിക്കൊണ്ടു വരിക. ആര്‍ക്കാണതിനധികാരം? ബലമില്ലാത്ത ഒരു മനസ്സിനെ ഇലാസ്റ്റിക് ആക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.

 

.........................................................................

എനിക്കു വേണമെങ്കില്‍ ചിന്‍മോയിയെ പിന്‍തുടരാം. ലീനയെ വീണ്ടെടുക്കാന്‍ ശ്രമിക്കാം. എന്താണ് വീണ്ടെടുക്കല്‍ എന്ന ചോദ്യത്തില്‍ ഞാന്‍ സ്വയം ചുരുങ്ങി. മറ്റൊരവസ്ഥയിലേക്കു മാറിയ ആളെ മടക്കിക്കൊണ്ടു വരിക. ആര്‍ക്കാണതിനധികാരം?

Literature festival Chin o Assam short story by induchoodan kizhakkedam

 

 

നടന്നുനടന്ന് ആഞ്ഞിലിയുടെ മുന്നിലെത്തി. കമ്പുകളില്‍ ചവിട്ടി ഞാന്‍ ആഞ്ഞിലിയിലേക്ക് കയറ്റമാരംഭിച്ചു. എന്റെ ജന്‍മവുമായി ഈ മരം കടപ്പെട്ടിരിക്കുന്നു. തായ്ത്തടിയിലൂടെ കമ്പുകളെ ഒരു ഹര്‍ഡില്‍സിലെന്നോണം മറികടന്ന് ഞാന്‍ പിടിച്ചു കയറി.

എന്റെ ആട്ടിന്‍കൂട്ടം പറമ്പിന്റെ തോടില്ലാത്ത ഒരേയൊരതിരിലൂടെപുറത്തു കടക്കുന്നത് ഞാന്‍ കണ്ടു. മുട്ടനാടാണ് മറ്റുള്ളവയെ നയിക്കുന്നത്. മൃഗങ്ങളിലും കടന്നു ചിന്തിക്കുന്ന ചില ഇനങ്ങളുണ്ട്. അവ   കാണാപ്പുറങ്ങളിലേക്ക് മറ്റുള്ളവയെ നയിക്കുന്നു. തല ചെരി ച്ചും വാലാട്ടിയും അത് മറ്റുള്ളവയുമായി ഏതോ സംവാദത്തില്‍ ഏര്‍പ്പെടുന്നു.

ഞാന്‍ കീഴോട്ടു നോക്കി. കപ്പക്കിഴങ്ങുകള്‍ കുത്തിമലര്‍ത്തി ഒരു കാട്ടുപന്നി ഇന്നലെ തൊടി നിരങ്ങിയിട്ടുണ്ട്. ഉയരമുള്ള ഒരു തെങ്ങിന്‍മുകളില്‍ നിന്ന് ഒരു കരിക്ക് താഴെ വീണു.

പോലീസ് എന്നെ തിരക്കി വന്നേക്കാമെന്ന വിചാരം ഒരു ഷോക്കായി എന്റെ നട്ടെല്ലിന്റെ അടിയില്‍ നിന്ന് മുകളിലേക്കു പാഞ്ഞു. പെട്ടെന്നെനിക്ക് ആഞ്ഞിലിയില്‍ നിന്ന് കൈവിടണമെന്നു തോന്നി. ആഞ്ഞിലിത്തിരികള്‍ എന്റെ ചുറ്റും പൊഴിഞ്ഞു വീഴുന്നു. ചിന്‍മോയിയെപ്പോലെ ലീനയെ അത്ഭുതപ്പെടുത്തുന്ന പ്രകടനം എനിക്കും നടത്തണം. ഞാന്‍ ആഞ്ഞിലിയില്‍ നിന്ന് ഒരു കൈ വിടര്‍ത്തി. ഇനി ഞാനും ഭൂമിയും തമ്മില്‍, ജീവനും മരണവും തമ്മില്‍, ഒരു കൈയകലമേയുള്ളു. ഇതൊന്നും കാണാന്‍ അവളില്ലല്ലോ എന്ന വിചാരം എന്നെ തളര്‍ത്തി. ഇപ്പോഴും എന്റെ പ്രകടനം അര്‍ത്ഥശൂന്യമാവുകയേയുള്ളു. അല്ലെങ്കില്‍ തോട്ടിലിറങ്ങി സൈറ്റില്‍ കുളി നിറുത്താതെ വെള്ളച്ചാട്ടത്തിലൂടെ ബോധം മറയുംവരെ ഒഴുകിപ്പോയാലോ എന്നു ഞാന്‍ ആലോചിച്ചു. അതുമല്ലെങ്കില്‍ താഴെയിറങ്ങി ലീന എന്നെങ്കിലുമൊരു ദിവസം മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അവളുടെ കുറ്റങ്ങള്‍ക്കു പകരം നല്‍കാനുള്ള  'സാരമില്ല' യുമായി കാത്തിരുന്നാലോ എന്നു ഞാന്‍ ആലോചിച്ചു.

തീരുമാനങ്ങളെടുക്കുക ദുഷ്‌കരമാണ്. പ്രത്യേകിച്ചും അനിശ്ചിതമായ കുറേ കാര്യങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍. മുരിങ്ങപ്പൂക്കള്‍ വീണ ലീനയുടെ തലമുടിയും മുഖവും  വസ്ത്രങ്ങളും എന്റെ കണ്‍മുന്നില്‍നിന്ന് മറയുന്നതേയില്ല.

ഭൂമിയില്‍ നിന്നുയര്‍ന്ന് അയാഥാര്‍ത്ഥമെന്നു തോന്നിക്കുന്ന ഒരു തലത്തിലാണല്ലോ ചിന്‍മോയിയെപ്പോലെ ഞാനുമിപ്പോള്‍ എന്ന തിരിച്ചറിവില്‍ ഞാന്‍ ചൂളിപ്പോയി. അതിന്റെ ജാള്യതയില്‍, വെയിലിന്റെ കരുത്തുറ്റ ആക്രമണത്തില്‍, ആഞ്ഞിലിക്കു മുകളില്‍ ഇനിയെന്തെന്നുറപ്പിക്കാനാവാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. വലിയൊരു ഓയില്‍ക്കമ്പനി തകര്‍ന്ന് രൂക്ഷഗന്ധമുള്ള മണ്ണെണ്ണ ആഞ്ഞിലിമുകള്‍ വരെ ഉയര്‍ന്നു വരുന്നത് എനിക്കന്നേരം അനുഭവപ്പെട്ടു.

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
 

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios