Asianet News MalayalamAsianet News Malayalam

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് സിനിമാ സംവിധായകനും ദൃശ്യമാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രദീപ് എം നായര്‍ എഴുതിയ ചെറുകഥ.

Literature festival short story by Pradeep M Nair
Author
Thiruvananthapuram, First Published Nov 4, 2019, 5:23 PM IST
  • Facebook
  • Twitter
  • Whatsapp

പൊടുന്നനെയെത്തുന്ന കൊടുങ്കാറ്റുകളില്‍ മാറിമറിയുന്ന ജീവിതങ്ങള്‍. നേര്‍വരകളില്‍നിന്നു മാറി, വിചിത്രമെന്നു മറ്റുള്ളവര്‍ക്കു തോന്നാവുന്ന, ഫിക്ഷനെ തോല്‍പ്പിക്കുന്ന മനുഷ്യജന്‍മങ്ങള്‍. ദൃശ്യമാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പ്രദീപ് എം നായര്‍ ഏറ്റവുമേറെ പകര്‍ത്തിയത് ജീവിതത്തിന്റെ ഓരങ്ങളിലെ ഇത്തരം ആളനക്കങ്ങളെയാണ്. കൗതുകവാര്‍ത്തകളുടെ ക്ലീഷേകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പച്ചജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. സിനിമയിലേക്ക് കൂടുമാറിയപ്പോഴും പ്രദീപ് ചെന്നുനിന്നത് സമാനമായ പ്രമേയ ഇടങ്ങളില്‍ തന്നെയായിരുന്നു. ചെന്നുനില്‍ക്കുന്നിടത്തെ അപരജീവിതങ്ങളിലേക്ക് ആ കണ്ണുകള്‍ സദാ തുറന്നു കിടന്നു.

എഴുതുന്നത് കവിതയായാലും ചെറുകഥയായാലും തിരക്കഥയായാലും പ്രദീപിനെ സദാ പ്രചോദിപ്പിക്കുന്നത് ജീവിതങ്ങള്‍ക്കുള്ളില്‍ നാം കൊണ്ടു നടക്കുന്ന അപരലോകങ്ങള്‍ തന്നെ. ചെറുകഥയുടെ ഫ്രെയിമിനുള്ളില്‍ ഒതുക്കുമ്പോള്‍ ഈ അപരലോകങ്ങള്‍ക്ക് ഒതുക്കമേറുന്നു. സിനിമയുടെ ഭാഷയിലേക്ക് ജീവിതങ്ങളെ മുറിച്ചൊട്ടിക്കുന്നുവെന്ന് പുറത്തുനിന്നുതോന്നാമെങ്കിലും ചെറുകഥയ്ക്കു മാത്രം കഴിയുന്ന രൂപലാവണ്യം അത് മുറുകെപ്പിടിക്കുന്നു. ആരെയും പിടിച്ചുനിര്‍ത്തുന്ന ആഖ്യാനത്തിന്റെ ഒഴുക്ക് ആ കഥപറച്ചിലിനെ വായനക്കാരുടെ ഉള്ളില്‍ നങ്കൂരമിട്ടുനിര്‍ത്തുന്നു. അതിസാധാരണമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ പ്രദീപിന്റെ കഥയിലേക്ക് വരുമ്പോള്‍ അസാധാരണമായ തലങ്ങളെ അകമേ വഹിക്കുന്നു. 

Literature festival short story by Pradeep M Nair


1
പരിചയക്കാരോ, ബന്ധുവോ, സുഹൃത്തോ, ശത്രുവോ ആരുമാവട്ടെ, നിങ്ങളൊരാളെ മനസ്സില്‍ വിചാരിയ്ക്കുക. ഇനി, ലോകത്താരും സംശയിക്കാത്ത രീതിയില്‍, അവളെ അല്ലെങ്കില്‍ അവനെ കൊല ചെയ്യുന്നതിനുള്ള വഴികള്‍ ഏതൊക്കെയെന്ന് ആലോചിയ്ക്കുക. അതില്‍ ഏറ്റവും ഭാവനാത്മകം എന്നു തോന്നുന്ന വഴി തിരഞ്ഞെടുക്കുകയും ശ്രദ്ധാപൂര്‍വ്വം കൃത്യം നടപ്പാക്കുന്നതായി സങ്കല്‍പ്പിക്കുകയും ചെയ്യുക. കൃത്യനിര്‍വ്വഹണത്തിനിടയ്ക്ക് എവിടെയെങ്കിലും, ആരും തീരെ പ്രതീക്ഷിക്കാത്തയിടത്ത്, അന്വേഷകന് നിങ്ങളിലേയ്ക്കെത്താനുള്ള ഒരു വഴി ബോധപൂര്‍വ്വം തുറന്നിടുക. ഇനി പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് ആലോചിച്ചു കൊള്ളൂ. ലക്ഷണമൊത്തൊരു കുറ്റാന്വേഷണ നോവലിന്റെ രചയിതാവായിക്കഴിഞ്ഞു നിങ്ങള്‍.

ലോക സാഹിത്യത്തെക്കുറിച്ചു  സംസാരിച്ചു കാടു കയറിയ വഴിയ്ക്ക് കുറ്റാന്വേഷണ നോവലുകളുടെ രചനാ രീതിയില്‍ സ്വീകരിക്കുന്ന സൂത്രവിദ്യ ക്ലാസ്സില്‍ കുട്ടികളോട് സംസാരിയ്ക്കുകയായിരുന്നു പ്രൊഫസര്‍ രഘൂത്തമന്‍.  ക്ലാസ്സില്‍ പറയുന്ന കാര്യങ്ങള്‍ ആ മണിക്കൂറില്‍ തന്നെ മറക്കണമെന്നും ഒരിയ്ക്കലും തന്റെ വാക്കുകളിലൊരു ആവര്‍ത്തനം ഉണ്ടാവരുതെന്നും നിഷ്‌കര്‍ഷയുള്ള ആളാണ് പ്രൊഫസര്‍. പക്ഷെ ക്ലാസ്സില്‍ നിന്നിറങ്ങിയിട്ടും കുറ്റാന്വേഷണ രചനയെന്നത് തലയില്‍ നിന്നും വിട്ടൊഴിയുന്നില്ലല്ലോ എന്നയാള്‍ ചിന്തിച്ചു. എവിടെ നിന്നു വായിച്ചതാണ് താന്‍ ക്ലാസ്സില്‍ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല. ഇനി തനിയെ ചിന്തിച്ചു കൂട്ടിയതാണോ. അതും ഓര്‍മ്മയില്ല.

കോളേജില്‍ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ രഘൂത്തമന്റെ താമസ സ്ഥലത്തേയ്ക്ക്. രണ്ടാം നിലയില്‍ വാടകയ്ക്കെടുത്ത ഒറ്റ മുറിയും അടുക്കളയും. താഴെ വീട്ടുടമയാണ് താമസം. എയ്ഡഡ് സ്‌കൂളില്‍ ടീച്ചറായ ഭാര്യയും, മകളും നാട്ടിലാണ്. വേണമെങ്കില്‍ ട്രയിനില്‍ ദിവസവും വീട്ടില്‍ പോയി വരാം. തീവണ്ടിയില്‍ പാഴായിപ്പോകുന്ന നാലു മണിക്കൂര്‍ സക്രിയമായി-എഴുത്തിനും വായനയ്ക്കും വേണ്ടി- ഉപയോഗിക്കാന്‍ ഇതാണ് നല്ല വഴിയെന്നു കരുതിയെടുത്ത തീരുമാനമാണ് ഈ ഒറ്റപ്പാര്‍പ്പ്.

ഇരുപത് വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തിനിടയ്ക്ക് രണ്ടു വിവര്‍ത്തന കൃതികളും മാസികകളില്‍ പ്രസിദ്ധീകരിച്ച വിരലിലെണ്ണാവുന്ന ലേഖനങ്ങളും മാത്രമാണ് മേല്‍പ്പറഞ്ഞ സക്രിയത. ലോകസാഹിത്യത്തിന് ഈടുവയ്പ്പാവാന്‍ പോകുന്ന കൃതി ഇന്നു മുതല്‍ എഴുതിത്തുടങ്ങും എന്ന വാശിയോടെയാണ് രഘൂത്തമന്‍ ഓരോ ദിനവും കോളേജില്‍ നിന്നിറങ്ങി വീട്ടിലേയ്ക്കു നടക്കുന്നത്. ലോകസാഹിത്യമൊക്കെ അങ്ങനെ ഒറ്റ മൂച്ചില്‍ എഴുതിത്തീര്‍ക്കാനൊക്കുമോ എന്ന മറുചിന്ത വീടെത്തുമ്പോളേയ്ക്കു തലയിലുദിയ്ക്കുകയും എഴുത്ത് നാളെ നാളെയെന്നു നീളുകയും ചെയ്യും.

അങ്ങനെയൊരു നടത്തത്തിനിടയിലാണ് രഘൂത്തമന്‍ കുറ്റാന്വേഷണ കൃതിയിലൊന്നു കൈ വച്ചാലോ എന്നാലോചിച്ചത്. രചനാ വൈഭവം പണ്ടേയുണ്ട്. സൂത്ര വിദ്യ അറിയുകയും ചെയ്യാം. എങ്കില്‍ പിന്നെ എഴുതാത്തതെന്ത്. അവിടെയാണ് പ്രശ്നം. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ആരെ വച്ചാലോചിക്കും. പഴുതുകളടച്ച് താന്‍ ആരെയാണ് കൊല്ലേണ്ടത്. കുറ്റാന്വേഷകന്റെ ധിഷണ വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ അലസം വലിച്ചെറിഞ്ഞ ഏതു പഴുതില്‍ കൂടിയാണ് കഥയിലേക്ക് പ്രവേശിക്കുക.  പെട്ടെന്നുത്തരം കിട്ടുന്ന ചോദ്യങ്ങളല്ലാത്തതു കൊണ്ട് അവയോരോന്നായി മനസ്സിലിട്ടുരുട്ടിയ്ക്കൊണ്ടാണ് രഘൂത്തമന്‍ പതിവു ക്വോട്ടയായ രണ്ടു പെഗ്ഗ് വിസ്‌കി കഴിയ്ക്കാന്‍ വീടിനടുത്തുള്ള ബാറിലെത്തിയത്.

തന്റെ വിദ്യാര്‍ത്ഥികള്‍ രണ്ടു പേര്‍ അപ്പുറത്തൊരു മേശയിലിരിക്കുന്നത് കണ്ടെങ്കിലും രഘൂത്തമനവര്‍ക്ക് മുഖം കൊടുത്തില്ല. അവര്‍ തിരിച്ചും. പതിവിന്‍ പടി മദ്യം മേശപ്പുറത്തെത്തി. കുറ്റാന്വേഷണത്തിന്റെ ലോജിക് നില ഭദ്രമാക്കാന്‍ ആരെയെങ്കിലുമൊരാളെ കൊന്നേ തീരൂ എന്നുണ്ടെങ്കില്‍ അത് പ്രൊഫസര്‍ രഘൂത്തമനെത്തന്നെയായിക്കൂടെ എന്ന ചിന്ത ഒന്നാമത്തെ പെഗ്ഗ് കഴിഞ്ഞപ്പോള്‍ തലയില്‍ മിന്നി. ആശാഭരിതമായൊരു ഉള്‍വിളിയില്‍ രഘൂത്തമന്‍ കസേരയില്‍ നിന്ന് ചാടിയെണീറ്റു.   ദുരൂഹതകളുടെ മറ നീക്കിക്കൊണ്ട്, കഥാനായകനായ കുറ്റാന്വേഷകന്‍, കോളേജ് പ്രൊഫസറുടെ കൊലയാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നു. കുറ്റാന്വേഷണ രചനയിലേയ്ക്കുള്ള പ്രതിബന്ധം ഇതാ നീങ്ങിയിരിക്കുന്നു. പ്രൊഫസര്‍ രഘൂത്തമന്റെ മരണത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്ന അപസര്‍പ്പക കഥയുടെ ബീജാവാപം നടന്നിരിക്കുന്നു. 

വിക്കറ്റു കിട്ടുമ്പോള്‍ ബൗളര്‍മാര്‍ കാട്ടുന്നതുപോലെയുള്ള ശാരീരികചലനത്തോടെ രഘൂത്തമന്‍ മുഷ്ടിയിലേയ്ക്ക് മുഖം ചേര്‍ത്ത് യെസ്സ് എന്നു പറഞ്ഞു. ശബ്ദം വിചാരിച്ചതിലധികം ഉയര്‍ന്നു. അടുത്തിരുന്ന വിദ്യാര്‍ത്ഥികള്‍ പകപ്പോടെ പ്രൊഫസറെ നോക്കി. സാഹിത്യ രചനയുടെ മാന്ത്രികലോകത്തേയ്ക്കുള്ള ആദ്യപടി ചവുട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്ന പ്രൊഫസര്‍ അവരുടേതെന്നല്ല, ബാറിലിരുന്ന മുഴുവനാളുകളുടേയും നോട്ടം കണ്ടില്ലെന്നു നടിച്ചു.


2
സൈക്കോളജിയാണ് പ്രൊഫസര്‍ രഘൂത്തമന്റെ വിഷയം. സാഹിത്യവും സിനിമയും ന്യൂറോ സയന്‍സും ചേര്‍ത്ത് സിലബസിനെ അയത്ന ലളിതമാക്കി അവതരിപ്പിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് രഘൂത്തമന്റെ ക്ലാസ്സ് ഇഷ്ടമാണ്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ക്ലാസ്സിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ മൂഡോഫാകുന്നുവെന്നും സംസാരത്തിനിടയ്ക്ക് പരസ്പര ബന്ധം നഷ്ടപ്പെടുത്തുന്നുവെന്നും ഇടനാഴിയില്‍ തടഞ്ഞു നിര്‍ത്തി ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പറഞ്ഞത്, ആ ഇഷ്ടം രഘൂത്തമനോടും അവര്‍ക്കുള്ളതിനാലാണ്. മനോവിശ്ലേഷണത്തില്‍ തല്പരരായ ചില പെണ്‍കുട്ടികള്‍ സാറിന്റെ ഉപബോധ മനസ്സിനെ ഏതോ അശുഭ ചിന്ത ബാധിച്ചിരിക്കുന്നതായും കണ്ടെത്തി. അവരുടെ സ്നേഹാന്വേഷണങ്ങളെ ചിരിച്ചുതള്ളിയെങ്കിലും രഘൂത്തമന്‍ തനിക്കു വന്നിരിക്കുന്ന മാറ്റങ്ങളെപ്പറ്റി ബോധവാനായിരുന്നു.

തന്റെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു കൊണ്ട് ശത്രു തനിക്കൊപ്പമുണ്ടെന്ന ഭയം ആരെയാണ് ആകുലപ്പെടുത്താത്തത്. ആ ആകുലത ഒരുവനെ നിര്‍ഭയനായിരുന്ന അവസ്ഥയില്‍ നിന്ന് തീര്‍ത്തും വിഭിന്നനായ മറ്റൊരാളാക്കിയാല്‍ ആര്‍ക്കാണു കുറ്റം പറയാനാകുക. ക്ലാസ്സെടുക്കുമ്പോളെന്നതു പോലെ ക്ലാസ്സുകളുടെ ഇടവേളകളില്‍ സ്റ്റാഫ് റൂമിലിരിക്കുമ്പോളും ഫ്രീ അവറുകളില്‍ ലൈബ്രറിയില്‍ പോയിരിക്കുമ്പോളും തിരികെ വീട്ടിലെത്തിക്കഴിഞ്ഞാലും രഘൂത്തമന്റെ ചിന്ത തന്റെ കൊലപാതകത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അതിന്റെ പുറത്തു വരാനിരിക്കുന്ന അന്വേഷണങ്ങളെക്കുറിച്ചും മാത്രമായി. മരിക്കുന്നത് താനാവുമ്പോള്‍ അതിന്റെ ഗരിമ ഒട്ടും കുറയാന്‍ പാടില്ലല്ലോ. അതിനാല്‍ ഏറ്റവും പുതിയ കുറ്റാന്വേഷണ വാര്‍ത്തകളും ഫോറന്‍സിക് സര്‍ജന്‍മാരുടെ ഡയറിക്കുറിപ്പുകളും സിനിമകളും വിശദമായി പഠിയ്ക്കുകയും നോട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു.

കഥയുടെ തുടക്കത്തില്‍ കൊല്ലപ്പെടുന്ന തനിയ്ക്കല്ല, തുടര്‍ന്നു വരുന്ന അദ്ധ്യായങ്ങളില്‍ അന്വേഷകനെ വട്ടംചുറ്റിയ്ക്കാന്‍ പോകുന്ന കൊലയാളിയ്ക്കായിരിക്കണം ആലോചനകളില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന ചിന്തയിലേയ്ക്കെത്തിയപ്പോളായിരുന്നു അടുത്ത പ്രതിബന്ധം. ആരായിരിക്കും ആ കൊലയാളി. കൊന്നു കളയാനും മാത്രം പ്രതികാരം തന്നോടൊരാള്‍ക്ക് തോന്നാനുള്ള സാധ്യത, തന്റെ ജീവിതം കൊണ്ടോ  പ്രവൃത്തി കൊണ്ടോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. കിഴിഞ്ഞും പിഴിഞ്ഞുമൊക്കെ പലയാവര്‍ത്തി ആലോചിച്ചപ്പോള്‍ ഒരു വഴി  തെളിഞ്ഞു. അത്രമേല്‍ സാധാരണവും എന്നാല്‍ തന്നെപ്പോലൊരാളുടെ കുടുംബ സാഹചര്യം വച്ചു നോക്കുമ്പോള്‍ ഏക സാധ്യതയും അതാണ്- ജാരന്‍. 

രഘൂത്തമന്‍ ആ തീരുമാനത്തിലുറച്ചു. തന്റെ ജീവിതം ഇതിവൃത്തമായി വരുന്ന കുറ്റാന്വേഷണ നോവലില്‍ പ്രതി സ്ഥാനത്തു വരിക  ജാരന്‍ തന്നെ. തെളിവുകളേതുമില്ലാതെ, തന്നെ ഇല്ലാതാക്കിക്കൊണ്ട് ഭാര്യയും ജാരനും ഒരുമിച്ചു ജീവിക്കാനായി തയ്യാറാക്കുന്ന പ്ലോട്ട്. അതില്‍ വീണു പോകുന്ന നിസ്സഹായനായ ഭര്‍ത്താവ്. താനിതൊന്നും അറിഞ്ഞിട്ടില്ലാത്ത മട്ടില്‍ നടിയ്ക്കണം. ഒരു സാധാരണക്കാരനേപ്പോലെ പെരുമാറണം. ഏതെങ്കിലും തരത്തില്‍ ഒരു ചിന്ത തന്നെ മഥിയ്ക്കുന്നതായി ആര്‍ക്കും തോന്നരുത്. പ്രത്യേകിച്ചും അവന്, ആ കൊലയാളിയ്ക്ക്. 

പക്ഷേ അതാരായിരിയ്ക്കും. സന്തോഷത്തോടെയും പരസ്പര വിശ്വാസത്തോടെയും കഴിയുന്ന തങ്ങളുടെ കുടുംബ ജീവിതത്തിനിടയ്ക്ക് കയറി വന്ന ആ നരാധമന്‍.

 

............................................................................

ആരായിരിക്കും ആ കൊലയാളി. കിഴിഞ്ഞും പിഴിഞ്ഞുമൊക്കെ പലയാവര്‍ത്തി ആലോചിച്ചപ്പോള്‍ ഒരു വഴി  തെളിഞ്ഞു.

Literature festival short story by Pradeep M Nair

Image: Gerd Altmann/ Pixabay 


 

3
ഒരു സമപാര്‍ശ്വ ത്രികോണം വരയ്ക്കുക. അതിന്റെ പാദകോണുകളിലൊന്നില്‍ ഭാര്യ എന്നും അടുത്തതില്‍ ഭര്‍ത്താവ് എന്നും എഴുതുക. ഇരു പാര്‍ശ്വങ്ങളും സന്ധിയ്ക്കുന്നയിടത്ത്, ശീര്‍ഷകോണില്‍ ജാരന്‍ എന്നെഴുതുക. അതാണ് ജാരന്റെ നില. തുഷ്ടമോ അസന്തുഷ്ടമോ എന്തുമാവട്ടെ ദാമ്പത്യം. അവിടെ ഓരോ അംഗങ്ങളുടേയും നില കണക്കാക്കിയാല്‍ ഏറ്റവും ഉയരത്തില്‍ വര്‍ത്തിക്കുന്ന പരമ പ്രതാപിയാണ് ജാരന്‍. ആ വീട്ടില്‍ അവനറിയാത്തതായി ഒന്നുമില്ല. ഭര്‍ത്താവിന്റെ വരവ്, പോക്ക്, ഊണ്, ഉറക്കം, ഉറക്കത്തിന്റെ പകര്‍ച്ചകള്‍, അതിനിടയില്‍ തെളിയുന്ന സ്വപ്നങ്ങള്‍,  ലൈംഗിക താല്‍പര്യങ്ങള്‍- എല്ലാം അവന് ഹൃദിസ്ഥം. കുട്ടികള്‍, അയല്‍ക്കാര്‍ , ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരൊന്നും തന്നെ ജാരന് അന്യരല്ല. അവന് എല്ലാവരേയും കാണാം. എന്നാല്‍ എല്ലാവര്‍ക്കുമവന്‍ പലതാണ്, തൂണിലും തുരുമ്പിലുമുള്ള ദൈവ ചൈതന്യം പോലെ. ഭക്തി പാരവശ്യത്തിന്റെ മൂര്‍ധന്യതയില്‍ ഒരുവള്‍ക്കു മുന്നില്‍ മാത്രം അവന്‍ തന്റെ വിശ്വരൂപം വെളിപ്പെടുത്തുന്നു. അതോടെ സമപാര്‍ശ്വങ്ങള്‍ ലോപിയ്ക്കുകയും ശീര്‍ഷകോണ്‍ പാദത്തില്‍ ലയിക്കുകയും സുസ്ഥിര ദാമ്പത്യത്തിന്റെ നേര്‍രേഖയില്‍ ജാരന്‍ പരിചയസമ്പന്നനായ ഞാണിന്മേല്‍ കളിക്കാരന്റെ അവധാനതയോടെ പദമൂന്നുകയും ചെയ്യുന്നു.

ജാരനെ ഇപ്രകാരം മഹത്വവല്‍ക്കരിച്ചിട്ടു കാര്യമില്ല. ആരാണ് തന്റെ ഭാര്യയുടെ ജാരന്‍ എന്ന് കണ്ടെത്തുകയാണ് വേണ്ടത്. അവനാണ് തന്നെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന് തന്റെ ഭാര്യയും കൂട്ടു നില്‍ക്കുന്നു. ഇക്കാര്യത്തില്‍ കിട്ടാവുന്നത്ര വസ്തുതകള്‍ കണ്ടെത്തണം. അതാകട്ടെ ആര്‍ക്കുമൊരു സംശയം തോന്നാത്ത വിധത്തിലുമാകണം. അതുകൊണ്ടു തന്നെയാണ്  മനപ്പൂര്‍വ്വം കാല്‍ക്കുഴ  കാറിനു വെളിയിലിട്ട് ഡോര്‍ ചേര്‍ത്തടച്ച് പരിക്കുണ്ടാക്കി വീട്ടില്‍ വന്നു കയറിയത്. താമസ സ്ഥലത്തേയ്ക്കുള്ള ഗോവണി കയറുമ്പോള്‍ തെന്നി വീണതാണെന്ന് ഭാര്യ ദേവികയോട് കളവു പറഞ്ഞു.

ദേവികയ്ക്ക് സ്‌കൂളില്‍ പോകാതിരിയ്ക്കാനൊക്കില്ല. കുട്ടികളെ കലോല്‍സവത്തിനു വേണ്ടി പരിശീലിപ്പിക്കുന്നതിന്റേയും  കൊണ്ടുപോകുന്നതിന്റെയും ചുമതല അവള്‍ക്കാണ്. പോര്‍ഷന്‍ മറ്റു സാറുമാര്‍ക്ക് വീതിച്ചു നല്‍കിയിട്ട് പ്രാക്ടീസെന്ന ഒറ്റ വിചാരത്തില്‍ നില്‍ക്കുമ്പോളാണ് ഉളുക്കി ബാന്‍ഡേജിട്ട കാലുമായി രഘൂത്തമന്‍ വന്നു കയറുന്നത്. ഒരു ദിവസം ലീവു പറഞ്ഞു. പിറ്റേന്നു മുതല്‍ ഭക്ഷണമുണ്ടാക്കി മേശപ്പുറത്തു വച്ചിട്ട്, ഒരു രക്ഷയുമില്ല രഘുവേട്ടാ എന്ന് ആവലാതിപ്പെട്ട് അവള്‍ സ്‌കൂട്ടറുമെടുത്ത് സ്‌കൂളിലേയ്ക്ക് പാഞ്ഞു. ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന മകള്‍ യമുനയും ബസ്സു പിടിക്കാനായി അവളുടെ പിന്നില്‍ ചാടിക്കയറും. പിന്നെ അഞ്ചു മണിയാവുന്നതു വരെ വീട്ടിലാരുമുണ്ടാവില്ല. അങ്ങനെ പറയത്തക്ക അയല്‍വക്ക ബന്ധമൊന്നുമില്ലാത്തതിനാല്‍ ആ വഴിയ്ക്കും ശല്യമില്ല. സ്വസ്ഥമായിരുന്ന് സര്‍ഗ്ഗ രചന നടത്താനുള്ള എല്ലാ ചേരുവകളുമുണ്ട്. വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് ജനല്‍ തുറന്നാല്‍ പച്ചപ്പും.

അങ്ങനെ, കേവല പ്രചോദനത്തിന്റെ വേഴ്ചയില്‍ പിറന്നു വീഴാന്‍ ഇതെന്ത് കഥയോ, കവിതയോ. വീട്ടിലാരുമില്ലെന്ന ബലത്തില്‍ അല്‍പ്പം ഉറക്കെത്തന്നെ രഘൂത്തമന്‍ മനോഗതമുരുക്കഴിച്ചു. ക്രൈം ഫിക്ഷനാണ്, ക്രൈം ഫിക്ഷന്‍. അത് ബുദ്ധി കൊണ്ടുള്ള കളിയാണ്. പ്രചോദനത്തിനൊന്നും ഇവിടെ സ്ഥാനമില്ല. ഇതും പറഞ്ഞ് വയ്യാത്ത കാലും വലിച്ചു വച്ച് രഘൂത്തമന്‍ ദേവികയുടെ അലമാരയ്ക്കടുത്തെത്തി. ഡയറികളും കടലാസുകെട്ടുകളുമെടുത്ത് സൂക്ഷ്മം പരിശോധിച്ചു. അവളുടെ എസ് എസ് എല്‍ സി ബുക്ക് കയ്യില്‍ കിട്ടിയപ്പോള്‍ അവളേക്കാള്‍ എത്ര മാര്‍ക്കാണ് തനിയ്ക്കു കുറവെന്നു വ്യവകലനം ചെയ്തു കണ്ടു പിടിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ചില കോഡുകള്‍ ഡിസൈഫര്‍ ചെയ്യുമ്പോള്‍ ഈ നമ്പറുകള്‍ക്കൊക്കെ പ്രാധാന്യമുണ്ടാവുമെന്ന ചിന്തയില്‍ അതു കുറിച്ചെടുത്തു.  ദേവികയുടെ കോളേജു പഠന കാലത്തെ ഒരു ഡയറി കണ്ടപ്പോള്‍ അതു തുറന്നു. അതിനുള്ളില്‍ നിന്ന് പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ഒരു ഫോട്ടോ കൊഴിഞ്ഞു. ഹയര്‍ സെക്കന്ററി കലോല്‍സവത്തില്‍ കേരള നടനത്തിന് ഒന്നാം സ്ഥാനം കിട്ടിയ മധുകുമാര്‍. ഫോട്ടോയും കയ്യില്‍ പിടിച്ച് ഡയറിയുടെ താളുകള്‍ മറിച്ചുനോക്കുന്നതിനിടയില്‍ മിന്നായം പോലെ ചില കണക്ഷനുകള്‍ രഘുത്തമന്റെ തലയിലോടി. മധുമാസ്റ്റര്‍ വന്നു വെയ്റ്റ് ചെയ്യുന്നുണ്ടാവും എന്നു പറഞ്ഞ് സ്‌കൂട്ടറിലിരുന്ന് ആരെയോ വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ദേവിക. 

പഠനകാലത്ത് ദേവികയ്ക്കും കലോല്‍സവത്തില്‍ നാടോടിനൃത്തത്തിനു സമ്മാനമുണ്ടായിരുന്നു. അവിടെ വച്ചു പരിചയപ്പെട്ട മധു എന്ന വിദ്യാര്‍ത്ഥിയോടുള്ള ആരാധന പ്രണയമായി വളര്‍ന്നു. കോളേജു കാലത്തും പ്രണയം തുടരുകയും അത് വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്ത നേരത്താണ് സൈക്കോളജിയില്‍ ഡോക്ടറേറ്റുള്ള തന്റെ രംഗപ്രവേശം. ജീവിതത്തില്‍ എന്നെങ്കിലുമൊരിയ്ക്കല്‍ ഒന്നിയ്ക്കാമെന്ന പ്രതീക്ഷയില്‍ കാമുകീ കാമുകന്‍മാര്‍ വേര്‍പിരിയുന്നു. പിന്നീട് സ്‌കൂള്‍ ടീച്ചറായ കാമുകി തന്റെ സ്‌കൂളിലെ കുട്ടികളെ കലോല്‍സവത്തിനു പരിശീലിപ്പിയ്ക്കാന്‍ പഴയ കാമുകനെ വിളിച്ചു വരുത്തുന്നു. ഡാന്‍സിനു ഡ്രസ്സെടുക്കാനെന്ന രീതിയില്‍ ഒന്നിച്ചുള്ള യാത്രകള്‍, ഹോട്ടല്‍ മുറികള്‍, കലോല്‍സവത്തിന്റെ പേരില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍. വര്‍ഷങ്ങളായി തുടരുന്ന രഹസ്യ ബന്ധം അവസാനിപ്പിയ്ക്കാന്‍ ഇരുവരും ചേര്‍ന്നു തീരുമാനമെടുക്കുന്നു. ഇരു ചെവിയറിയാതെ ഭര്‍ത്താവിനെ -തന്നെ, തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നു. മുടിയും നീട്ടി താളത്തില്‍ നടക്കുന്ന മധുമാസ്റ്റര്‍ എന്ന നര്‍ത്തകനിലേയ്ക്ക് ഒരിയ്ക്കലും സംശയം എത്തില്ല എന്ന ഇരുവരുടേയും ആത്മവിശ്വാസം. രഘൂത്തമന്റെ കണ്ണു നിറഞ്ഞു. ഇതാണ് കഥ. ഈ കഥയില്‍ തന്നെ വധിയ്ക്കുന്നതിന് ഭാഗ്യം സിദ്ധിച്ച കൊലയാളിയെ അയാള്‍ കണ്‍ നിറയെ കണ്ടു. ഫോട്ടോയ്ക്കു താഴെ പേരും വിലാസവുമെഴുതിയിരിക്കുന്നത് രഘൂത്തമന്‍ കുറിച്ചെടുത്തു.

 

............................................................................

ആരാണ് തന്റെ ഭാര്യയുടെ ജാരന്‍ എന്ന് കണ്ടെത്തുകയാണ് വേണ്ടത്. അവനാണ് തന്നെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന് തന്റെ ഭാര്യയും കൂട്ടു നില്‍ക്കുന്നു.

Literature festival short story by Pradeep M Nair

 Image: Niek Verlaan/ Pixabay 

 

4
ഉളുക്കിയ കാലും വച്ച് കാറോടിയ്ക്കാന്‍ പ്രയാസമായതിനാല്‍ ദേവികയുടെ സ്‌കൂട്ടറെടുത്തു. ബാന്‍ഡേജിട്ടിരിക്കുന്നതിനാല്‍ ഒരു കാലില്‍ ചെരിപ്പിട്ടില്ല. വയ്യാത്ത കാലും വച്ച് സ്‌കൂട്ടറില്‍ കയറി എവിടെപ്പോകുന്നുവെന്ന് ദേവിക രണ്ടു വട്ടം ചോദിച്ചതാണ്. ക്ഷേത്ര ദര്‍ശനം, ബന്ധു വീട് സന്ദര്‍ശനം തുടങ്ങിയ മറുപടികള്‍ ഒരു കുറ്റാന്വേഷകന് ചേരില്ലെന്ന മുന്‍ ധാരണയില്‍ വന്നിട്ടു പറയാമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ വണ്ടി ഗേറ്റ് കടന്നു. പൊരി വെയിലില്‍ മുപ്പത് കിലോമീറ്ററിനടുത്ത് സ്‌കൂട്ടറോടിയ്ക്കേണ്ടി വന്നെങ്കിലും അന്വേഷിച്ചു പോയ അഡ്രസ്സ് തെറ്റിയില്ല. പത്രത്തില്‍ കണ്ട പഴയ വിലാസത്തില്‍ തന്നെയാണ് മധു മാസ്റ്ററുടെ താമസം. ആള്‍ രാവിലെ വണ്ടിയുമെടുത്ത് എവിടെയോ പോയിരിക്കുകയാണെന്നും കലോല്‍സവത്തിന്റെ കാലമായതിനാല്‍ ഇനി രാത്രിയേ തിരികെയെത്തുകയുള്ളൂ എന്നും അറിഞ്ഞതോടെ അന്വേഷണം കുറച്ചുകൂടി വിശദമാക്കാന്‍ തീരുമാനിച്ചു.

നാട്ടിലെ ചായക്കടക്കാരന്റെ ഭാഷയില്‍ ആള്‍ ജന്റില്‍ മാനാണ്. മകളെ ഡാന്‍സ് പഠിപ്പിക്കാനുണ്ടെന്നും അക്കാര്യം  അന്വേഷിക്കാനാണ് വന്നതെന്നും പറഞ്ഞപ്പോള്‍ മടിക്കേണ്ടതില്ലെന്നും ഇന്നേ വരെ ചീത്തപ്പേരു കേള്‍പ്പിക്കാത്തയാളാണ് മാസ്റ്ററെന്നും മറുപടി കിട്ടി. കാഴ്ചയ്ക്ക് ആളെങ്ങനെയിരിക്കുമെന്ന ചോദ്യം വന്നപ്പോള്‍ സംഭാഷണം നിര്‍ത്തിയിട്ട്  ചായക്കടക്കാരന്‍ രഘൂത്തമനെ അടിമുടിയൊന്നു നോക്കി. പിന്നെ, പിന്നാലെ വരൂ എന്ന് ആംഗ്യം കാട്ടി അകത്തേയ്ക്കു നടന്നു. രഘൂത്തമന്‍ സംശയത്തോടെ നടന്നെത്തിയത് ചായക്കടയ്ക്കു പിന്നിലെ ചായ്പിലാണ്. അവിടെ ഹോളോ ബ്രിക്സ് കൊണ്ട് കെട്ടിയ കക്കൂസിന്റെ വാതിലിലേയ്ക്കു ചൂണ്ടിപ്പറഞ്ഞു, ഇതാണാള്. കഴിഞ്ഞ തവണ മാസ്റ്ററുടെ പിള്ളാരെല്ലാം കലോല്‍സവത്തില്‍ എ ഗ്രേഡ് വാങ്ങിയപ്പോ പൗരസമിതി ആദരിച്ചതിന്റെ ഫ്ളക്സാ. പരിപാടി കഴിഞ്ഞപ്പം ഞാനിങ്ങ് മടക്കിയെടുത്തു. രഘൂത്തമന്‍ ഫ്ളക്സിലേയ്ക്ക് നോക്കി. തോളറ്റം മുടി നീട്ടി വളര്‍ത്തിയിട്ടിരിക്കുന്നു. കുര്‍ത്തയും പൈജാമയുമാണ് വേഷം. സുമുഖന്‍. മധുമാസ്റ്റര്‍ക്ക് പൗരസമിതിയുടെ ആദരം എന്നതിന്റെ ആദ്യാക്ഷരങ്ങളായിരിക്കും, മ, പൗ, ആ, എന്നീ അക്ഷരങ്ങള്‍ വാതിലില്‍ കാണാം. രഘൂത്തമന്‍ തന്റെ കൊലയാളിയെ, ഭാര്യയുടെ ജാരനെ കണ്‍നിറയെ കണ്ടു. ലോകത്ത് കുറ്റാന്വേഷണ നോവലുകളുടെ ചരിത്രത്തില്‍ ആരും ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയം. പ്രൊഫസറുടെ കൊലപാതകവും നര്‍ത്തകനായ കൊലയാളിയും. രഘൂത്തമന്‍ സന്തോഷം സഹിയ്ക്കാനാവാതെ തന്റെ കൊലയാളിയുടെ മുഖചിത്രം പേറുന്ന വാതില്‍ വലിച്ചു തുറന്ന് കക്കൂസിലേയ്ക്കു കയറി മൂത്രമൊഴിച്ചു.

കക്കൂസില്‍ നിന്നിറങ്ങുമ്പോള്‍ ചായക്കടക്കാരനില്‍ നിന്ന ് മധു മാസ്റ്ററെപ്പറ്റി കിട്ടാവുന്നത്രയും വിവരങ്ങള്‍ ഊറ്റണമെന്ന് രഘൂത്തമന്‍ മനസ്സില്‍ കരുതി. ബഞ്ചില്‍ വന്നിരുന്ന് ഒരു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.  അവിവാഹിതന്‍, വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്നു  തുടങ്ങി കുംഭമാസത്തിലെ മകമാണ് ജന്മനക്ഷത്രം എന്നു വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി. ചായക്കാശു കൊടുത്തു തിരിച്ചിറങ്ങുമ്പോള്‍ ചായക്കടക്കാരന്‍ ചോദിച്ചു, കാലിനെന്തു പറ്റിയതാ. രഘൂത്തമന്‍ വണ്ടിയില്‍ കയറിയിരുന്നു. പിന്നെ  പിന്നിലേയ്ക്കു തിരിഞ്ഞ്, ഒരു കുറ്റാന്വേഷകനു യോജിക്കും വണ്ണം പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞു; ഇനിയും വരേണ്ടി വരും, അപ്പോള്‍ പറയാം. ങേ എന്ന ഭാവത്തോടെ ചായക്കടക്കാരന്‍ മുഖം കൂര്‍പ്പിച്ചപ്പോളേയ്ക്കും വണ്ടി കാഴ്ചയില്‍ നിന്നും മറഞ്ഞിരുന്നു.

 

5
കാലു ഭേദമായിട്ടു പോയാല്‍ പോരെയെന്ന് ദേവിക പല വട്ടം ചോദിച്ചതാണ്. ഇന്റേണല്‍ എക്സാം, ക്വസ്റ്റിയന്‍ പേപ്പര്‍ കമ്മിറ്റി എന്നിങ്ങനെ  തിരക്കുകളുണ്ടെന്നു നുണ പറഞ്ഞു.  കോളേജില്‍ രണ്ടാഴ്ചത്തേയ്ക്കു ലീവു കൊടുത്തു. കാലുളുക്കിയെന്നായിരുന്നു കാരണം പറഞ്ഞത്. വീടടച്ചിട്ടിരുന്ന് എഴുതിത്തുടങ്ങുകയാണ് പ്ലാന്‍. കഥാ പശ്ചാത്തലവും കഥാപാത്രങ്ങളും കഥയുടെ മുക്കാല്‍ പങ്കും മനസ്സിലുണ്ട്. പക്ഷേ ഒരു കുറ്റാന്വേഷണ നോവലിനെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല പ്രധാനം. കുറ്റം ചെയ്തിരിക്കുന്ന രീതിയും അത് അന്വേഷിക്കാന്‍ വരുന്നയാളുടെ ബുദ്ധികൂര്‍മ്മതയുമാണ്. കാര്യത്തിലേയ്ക്കു കടക്കാതെ അതൊക്കെയെങ്ങനെയറിയാനാണ്. അതറിയാതെ എന്താണെഴുതിത്തുടങ്ങുക. കഥാപാത്രവും കഥാ പശ്ചാത്തലവും കിട്ടിയെന്നു കരുതി ക്രൈം ഫിക്ഷന്റെ ഒന്നാം അധ്യായമെഴുതാന്‍ തുനിഞ്ഞ സ്വന്തം അപക്വമനസ്സിനെ രഘൂത്തമന്‍ ഉള്ളാലേ പുച്ഛിച്ചു.

രഘുത്തമന് പെട്ടെന്നൊരു മടുപ്പു തോന്നി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുറിയടച്ച് വീട്ടിലിരുന്നു മദ്യപിച്ചു.  എഴുത്തില്‍ താന്‍ ഒട്ടും തന്നെ പ്രൊഫഷണലല്ല എന്നൊരു തോന്നല്‍ അയാളെ ചൂഴ്ന്നു. എഴുത്തിന്റെ വഴിയില്‍ അത്തരം അപഭ്രംശങ്ങളൊക്കെ പതിവാണെന്ന ഇറ്റാലോ കാല്‍വിനോയെപ്പോലുള്ളവരുടെ രചനാ സിദ്ധാന്തങ്ങളെടുത്തു വായിച്ചെങ്കിലും കാര്യങ്ങളെങ്ങനെ കൂട്ടിച്ചേര്‍ക്കുമെന്നറിയാതെ രഘൂത്തമന്‍ കുഴങ്ങി. തന്നെക്കൊല്ലാന്‍ പ്രതിനായകനെത്തുന്നതും കാത്ത് എത്ര നാള്‍ എഴുത്തു നീട്ടിവയ്ക്കും. അല്ലെങ്കില്‍ കഴുത്തു നീട്ടി വയ്ക്കും. കൊലയാളിയുടെ ബുദ്ധിയ്ക്ക് കാത്തു നില്‍ക്കുന്നതിനേക്കാള്‍, താനൊരു പദ്ധതിയുണ്ടാക്കി അതിന്‍ പ്രകാരം കാര്യം നടത്തിയാല്‍ അതല്ലേ നല്ലത്. അപ്പോള്‍ കഥ തിരിയും. ഭാര്യയുടെ ജാരനായ നര്‍ത്തകനെ കൊല്ലുന്ന സൈക്കോളജി പ്രൊഫസര്‍ എന്ന നിലയിലേയ്ക്ക് കഥ മാറും. തന്റെ ക്രൈം ഫിക്ഷന്‍ വായനയേയും ആ വഴിയ്ക്കുള്ള ചിന്തയേയും തോല്‍പിയ്ക്കാന്‍ പോന്നൊരു ഭാവന മധു മാസ്റ്ററില്‍ നിന്ന് ഉണ്ടാവണമെന്ന് യാതൊരു ഉറപ്പുമില്ല. ഇതാണ് വഴി. അല്ലെങ്കിലും ഇങ്ങനെ എത്ര വട്ടം വെട്ടിയും തിരുത്തിയുമാണ് ഒരു കഥ പിറക്കുന്നത്.

രഘൂത്തമന് ആശ്വാസം തോന്നി. തന്റെ ആലോചനകള്‍ നേര്‍ വഴിയ്ക്കു വന്നിരിക്കുന്നു. താന്‍ കഥ മെനഞ്ഞിട്ടായാലും ഭാര്യയുടെ ജാരനെ കണ്ടെത്തിയ സ്ഥിതിയ്ക്ക് ഇനിയവന്റെ കഥ കഴിയ്ക്കുക തന്നെ. ഏതൊരു കുറ്റാന്വേഷകനെയും കുഴക്കാന്‍ പോന്ന കുടിലബുദ്ധി രഘൂത്തമന്റെ തലയ്ക്കുള്ളില്‍ തിളച്ചു മറിഞ്ഞു.

രഘൂത്തമന്‍ ദേവികയെ വിളിച്ച് തന്റെ പ്ലാന്‍ പറഞ്ഞു. ഇത്തവണ ഡാന്‍സ് ഇനങ്ങള്‍ക്കെല്ലാത്തിലും നമ്മുടെ സ്‌കൂള്‍ കപ്പടിയ്ക്കാനൊരു വഴിയുണ്ട്. പ്രാക്ടീസൊക്കെ ഒരു വഴിയ്ക്കു നടന്നോട്ടെ. അതിനു മുന്‍പൊരാളെ കാണണം. കലോല്‍സവ മത്സരങ്ങള്‍ക്കൊക്കെ സമ്മാനം തരപ്പെടുത്തുന്ന ഒരു ഏജന്റ്. മാസ്റ്റര്‍ തന്നെ അയാളെ നേരിട്ടു കണ്ട് കാര്യങ്ങള്‍ സംസാരിയ്ക്കണം. ഇരു ചെവിയറിയരുത്, ഇങ്ങനെയൊരു മീറ്റിംഗും അതിന് ഞാനാണ് ഇടനിലയായതെന്നും. കുട്ടികളുടെ പേരന്റ്സിനോട് പണം കരുതിക്കോളാന്‍ മാഷെക്കൊണ്ടു പറയിക്കണം. സ്ഥലവും സമയവും ഞാന്‍ അറിയിച്ചോളാം. കൂടുതല്‍ വിളിയും പറച്ചിലുമൊന്നും ഇനി ഉണ്ടാവില്ല. പറയുന്ന ദിവസം പറയുന്ന സമയം. വന്നു കാത്തു നിന്നാല്‍ മതി. ആളെത്തിയ്ക്കോളും.

ഇതിലപ്പുറമൊരു തന്ത്രം ദേവികയുടെയടുത്ത് പ്രയോഗിക്കാനില്ല. സ്‌കൂളിനു കപ്പടിയ്ക്കുമെന്നു പറഞ്ഞാല്‍ അവള്‍ അതിനു വേണ്ടി ഏതറ്റം വരെയും പോകും. ഏജന്റിനെ കാണാന്‍ താന്‍ കൂടി വരുന്നുവെന്ന് അവള്‍ വാശി പിടിയ്ക്കുമോ എന്നതാണ് ആകെ പേടിയ്ക്കേണ്ടത്.  ആ പേടിയെ രഘൂത്തമന്‍ നയപരമായി നേരിട്ടു.  സ്ത്രീകള്‍ക്കൊന്നും പോകാന്‍ പറ്റുന്ന ഇടത്തായിരിക്കില്ല കൂടിക്കാഴ്ച നടക്കുക എന്ന് മുന്‍കൂറായി പറഞ്ഞു. മാസ്റ്ററെ ഒറ്റയ്ക്കയച്ചാല്‍ മതി. കാര്യം നടക്കട്ടെ.

ഇനിയങ്ങോട്ടുള്ള കാര്യങ്ങളൊക്കെ ഇരട്ടി ജാഗ്രതയോടെയാരിക്കണം. ഇരയെ കുരുക്കിട്ടു കഴിഞ്ഞു. കൃത്യം നടപ്പാക്കാന്‍ സുരക്ഷിതമായൊരു സ്ഥലം വേണം. അതിനു ശേഷം ബോഡി മറവു ചെയ്യാനുള്ള സൗകര്യം. ആയുധങ്ങള്‍. ഏതെങ്കിലും വിധത്തില്‍ സംഗതി പാളിയാല്‍ അനുവര്‍ത്തിക്കേണ്ട പ്ലാന്‍ ബി. രഘൂത്തമന് രസം തോന്നി. താന്‍ എഴുതാന്‍ പോവുന്ന നോവലിലെ ചില അധ്യായങ്ങളുടെ പേരുകള്‍ ഇതിനിടയില്‍ ഓര്‍മ്മ വന്നപ്പോള്‍ അതെല്ലാം ഡയറിയില്‍ എഴുതി വച്ചു. അതിലൊരധ്യായം അപ്പോള്‍ തന്നെ എഴുതാനുറച്ചു. പേപ്പറെടുത്ത് അരികു മടക്കി രഘൂത്തമന്‍ എഴുത്താരംഭിച്ചു.

അദ്ധ്യായത്തിന്റെ പേര്-പ്രേതഭാഷണം.

 

............................................................................

പ്പോള്‍ അതൊരു ആത്മഹത്യ തന്നെയായിരുന്നോ?

Literature festival short story by Pradeep M Nair

Image: Gerd Altmann/ Pixabay 

6

അധ്യായം ആറ്
പ്രേതഭാഷണം

സംഭാഷണമെന്നത് ആശയസംവേദനത്തിനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമാണ്. ഭാഷാപരമായ സമാനത ഇരു വ്യക്തികള്‍ തമ്മിലുണ്ടെങ്കില്‍ സംഭാഷണത്തിന് അര്‍ത്ഥമുണ്ട്. ഒരു വ്യക്തിയും അചേതന വസ്തുവും തമ്മില്‍, ഭാഷാ വരമ്പുകള്‍ക്കപ്പുറമിപ്പുറം നില്‍ക്കുന്ന ഇരു വ്യക്തികള്‍ തമ്മില്‍, എന്നിങ്ങനെ സന്ദര്‍ഭം മാറുന്നതിനനുസരിച്ച് ആശയവിനിമയത്തിന്റെ രീതികളും മാറും. ഉദാഹരണത്തിനു ഒരു മൃതദേഹം അതിന്റെ അവസാനത്തെ അണു  മണ്ണിലലിയുന്നതു വരെ പ്രപഞ്ചത്തോടു സംസാരിയ്ക്കും. ആയുസ്സെത്തിയല്ല ആ മരണമെങ്കില്‍ മണ്ണിലലിഞ്ഞ അണുക്കളില്‍ നിന്നു പോലും, സംവദിയ്ക്കാന്‍ വെമ്പി നില്‍ക്കുന്ന ചില ആശയങ്ങള്‍ അന്വേഷകന്റെ ആത്മാവിനെ വന്നു തൊടും. കുറ്റാന്വേഷണമെന്നതൊരു ആത്മാന്വേഷണമാണെന്ന് തോന്നുന്ന നിമിഷങ്ങളാണവ. അവിടെ സംഭാഷണത്തിനു പ്രാധാന്യമില്ല.

അയാള്‍ വിഷയത്തിലേയ്ക്കു കടക്കാന്‍ തുടങ്ങിയപ്പോള്‍ വെയ്റ്ററെത്തി ചായക്കപ്പുകള്‍ മേശപ്പുറത്തു നിരത്തി. ചായയും പഞ്ചസാരക്കട്ടകളും വെവ്വേറെ വച്ചു. ചായ പകര്‍ന്ന് ഇരുവര്‍ക്കും മുന്‍പിലേയ്ക്കു നീക്കി. അവള്‍ തലയുയര്‍ത്തി നന്ദി പറഞ്ഞു. അയാളാകട്ടെ ജനലിലൂടെ താഴെ നഗരത്തിരക്കുകള്‍ വീക്ഷിച്ചു. വെയ്റ്റര്‍ പോയെന്നു കണ്ടപ്പോള്‍ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി.

നര്‍ത്തകന്റെ കൊലപാതകം മുന്നിലെത്തിയപ്പോള്‍  എനിക്കു തുറന്നു കിട്ടിയത് അത്തരമൊരു ആത്മാന്വേഷണത്തിന്റെ വഴിയായിരുന്നു. സംഭവം നടന്ന് കുറച്ചു കാലങ്ങള്‍ക്കു ശേഷമായിരുന്നു ഞാനതിലേയ്ക്കെത്തുന്നത്. മൂന്നാമതൊരാളെ അറിയ്ക്കാനുണ്ട് എന്ന വാശിയില്‍ പ്രകൃതി നിശ്ചലമാക്കി സൂക്ഷിച്ച ചില തെളിവുകള്‍ എല്ലാ കേസുകളിലുമുണ്ടാവും. അന്വേഷകനിലലിവുണ്ടെങ്കിലേ പ്രകൃതിയതു കാട്ടിക്കൊടുക്കുകയുള്ളൂ. അത്തരം തെളിവുകള്‍ മാഞ്ഞു പോവാനെടുക്കുന്ന സമയവും കഴിഞ്ഞാണ് ഞാനെത്തുന്നത്. കേസ് വിശദമായി പഠിച്ചതിനു ശേഷം ഞാനാദ്യം ചെയ്തത് മനസ്സില്‍ ആ സങ്കല്‍പ്പമുറപ്പിക്കുകയായിരുന്നു. നര്‍ത്തകന്റെ കൊലയാളിയുടെ കയ്യില്‍ ആമം വയ്ക്കുന്ന ചിത്രത്തില്‍ മുഖം മാത്രമേ ഇല്ലാതുള്ളൂ. ആ മുഖം തെളിയിച്ചെടുക്കുക എന്നതാണ് അന്വേഷണം.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത് വിട്ടയച്ചവരുടെ ലിസ്റ്റ് ഞാനെടുത്തു. ഒരു കോളേജ് പ്രൊഫസറാണതില്‍ പ്രധാനി. ഇരുവരുമൊരുമിച്ചു നില്‍ക്കുന്നതും നടക്കുന്നതും ഗോപ്യമായി ചിലകാര്യങ്ങള്‍ സംസാരിക്കുന്നതും പലയിടങ്ങളിലായി സി സി ടിവിയില്‍ പതിഞ്ഞിരുന്നു. ഞാനയാളെ കൂടിക്കാഴ്ചയ്ക്കു വിളിച്ചു.

അയാള്‍ ആദ്യത്തെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നു കാണുമായിരിക്കും അല്ലേ. അവള്‍ കുറച്ച് ഓവര്‍ സ്മാര്‍ട്ടായി. അയാളാകട്ടെ ,അവളുടെ ചോദ്യം ഗൗനിക്കുക കൂടി ചെയ്യാതെ പറഞ്ഞു വന്നതിന്റെ തുടര്‍ച്ചയിലേക്കു മുഴുകി.

വന്ന പാടേ അയാള്‍ കുറ്റമെല്ലാം ഏറ്റു പറഞ്ഞു. താനാണ് മധുവിനെ കൊന്നതെന്നും, അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം തനിയ്ക്കാണെന്നും അതിനുള്ള ശിക്ഷ അനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞു. കൂട്ടത്തിലൊന്നും കൂടി പറഞ്ഞു, നെഞ്ചു തകര്‍ന്നാണവന്‍ ആത്മഹത്യ ചെയ്തതെന്ന്.

ആത്മഹത്യയോ?

ഇത്തവണ അവളുടെ ചോദ്യത്തിനു നേരേ അയാള്‍ കനിവു കാട്ടി. സംഭാഷണം നിര്‍ത്തി ഒന്നു പുഞ്ചിരിച്ചു. പിന്നെ സംഭവം വിവരിച്ചു.

പ്രൊഫസര്‍ പഠിപ്പിച്ചിട്ടുണ്ട് മധുവിനെ. ഗുരുശിഷ്യ ബന്ധത്തിനുമപ്പുറം ഇരുവര്‍ക്കുമിടയിലുയിര്‍ കൊണ്ട ബന്ധത്തിന് പ്രൊഫസര്‍ പല പേരുമിട്ടു നോക്കി. പക്ഷേ ആ പേരുകളൊന്നും തന്നെ ഉച്ചത്തില്‍ പറയാനുള്ള ധൈര്യം പ്രൊഫസര്‍ക്കില്ലായിരുന്നു. പ്രൊഫസര്‍ വിവാഹിതനും ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനുമായിരുന്നു. മധുവുമായുള്ള ബന്ധം തുടരുന്നതിനുള്ള സൗകര്യം നോക്കി നഗരത്തില്‍ വീട് വാടകയ്ക്കെടുത്തു താമസിച്ചു. വീട്ടില്‍ പോക്ക് വല്ലപ്പോഴുമായി. ഭാര്യ ഇക്കാര്യമറിയുകയും ഇരുവരും തമ്മില്‍  വഴക്ക് പതിവാകുകയും ചെയ്തു. പ്രൊഫസറുടെ താമസ സ്ഥലത്തു നിന്ന് ഒരിയ്ക്കല്‍  ഭാര്യയെത്തി മധുവിനെ ഇറക്കി വിടുക പോലുമുണ്ടായി.

പിന്നീട് ഏറെക്കാലം  പ്രൊഫസര്‍ മധുവിനെ കണ്ട ഭാവം നടിച്ചില്ല. കോളേജില്‍ നിന്നിറങ്ങുന്ന വഴിയില്‍ പലപ്പോഴും മധു കാത്തു നിന്നു. വിഷയം പരസ്യമായതോടെ  കുട്ടികള്‍ പ്രൊഫസറെ കാണുമ്പോള്‍ അടക്കിച്ചിരിയും കൂക്കുവിളിയും പതിവായി. ഒരിയ്ക്കല്‍ തന്നെക്കാണാനായി വീട്ടിലെത്തിയ മധുവിനെ പ്രൊഫസര്‍ ആക്ഷേപിച്ച് അടിച്ചിറക്കി. അന്നാണ് മധു ജീവനവസാനിപ്പിച്ചത്.

അപ്പോള്‍ അതൊരു ആത്മഹത്യ തന്നെയായിരുന്നോ?

അയാള്‍ മറുപടിയ്ക്കു മുതിരാതെ പോക്കറ്റില്‍ നിന്ന് ഒരു ചുരുട്ടെടുത്തു കത്തിച്ചു. പുകച്ചുരുളുകള്‍ക്കിടയിലൂടെ അവളുടെ കണ്ണുകളിലേയ്ക്കു തന്നെ സൂക്ഷിച്ചു നോക്കി. പിന്നെ ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു.

അവിടെയാണ് പ്രേത ഭാഷണങ്ങളുടെ പ്രസക്തി.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios